SignIn
Kerala Kaumudi Online
Friday, 10 July 2026 1.32 PM IST

എം.സി റോഡിൽ അറുതിയില്ലാ അപകടങ്ങൾ

accident-

6 മാസത്തിനിടെ 3 മരണം

കൂത്താട്ടുകുളം: സംസ്ഥാനത്തെ തിരക്കേറിയ റോഡുകളിലൊന്നായ എം.സി റോഡിൽ, പ്രത്യേകിച്ച് കൂത്താട്ടുകുളം മേഖലയിൽ വാഹനാപകടങ്ങൾക്ക് അറുതിയില്ല. കൂത്താട്ടുകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ മൂന്ന് ജീവനുകളാണ് റോഡപകടങ്ങളിൽ പൊലിഞ്ഞത്. പതിനെട്ടോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. മെച്ചപ്പെട്ട റോഡ് സൗകര്യം അമിതവേഗതയ്ക്കുള്ള ലൈസൻസായി മാറുന്നതിനൊപ്പം, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ചരക്കുവാഹനങ്ങളുടെ രാത്രിയാത്രകളും അപകടനിരക്ക് വർദ്ധിപ്പിക്കുന്നു.

രാത്രികാലങ്ങളിലാണ് ഈ മേഖലയിൽ അപകടസാദ്ധ്യത കൂടുതൽ. അമിതഭാരം കയറ്റിപ്പോകുന്ന തടി ലോറികളാണ് പ്രധാന വില്ലൻ. വാഹനത്തിന് പുറത്തേക്ക് തള്ളിനിൽക്കുന്ന രീതിയിൽ തടികൾ കയറ്റിപ്പോകുന്ന ഇത്തരം ലോറികളിൽ പലപ്പോഴും കൃത്യമായ റിഫ്ലക്ടറുകളോ പ്രവർത്തിക്കുന്ന ടെയിൽ ലാമ്പുകളോ ഉണ്ടാകാറില്ല. ഇരുട്ടിൽ ഇവയുടെ യഥാർത്ഥ വലിപ്പമോ പിന്നിലേക്ക് തള്ളിനിൽക്കുന്ന തടികളോ മനസിലാക്കാൻ കഴിയാതെ പിന്നിൽവരുന്ന വാഹനങ്ങൾ ഇടിച്ചുകയറുന്നതും പതിവാണ്.

യാത്രയ്ക്കിടെ ഉറക്കക്ഷീണം

ദീർഘദൂര സർവീസ് നടത്തുന്ന ചരക്കുവാഹനങ്ങളിലെ ഡ്രൈവർമാരുടെ ഉറക്കക്ഷീണമാണ് മറ്റൊരു പ്രധാന പ്രശ്നം. ആവശ്യത്തിന് വിശ്രമമില്ലാതെ വാഹനമോടിക്കുന്ന ഡ്രൈവർമാർ അർദ്ധരാത്രിക്ക് ശേഷം ഉറങ്ങിപ്പോകുന്നത് നിയന്ത്രണം നഷ്ടപ്പെടുന്നതിനും വലിയ ദുരന്തങ്ങൾക്കും കാരണമാകുന്നു. ഇതിനുപുറമെ, നീളം കൂടിയ വലിയ ട്രെയിലറുകളും ലോറികളും കൂട്ടമായി സഞ്ചരിക്കുന്നതും അപകടങ്ങൾക്ക് ആക്കംകൂട്ടുന്നു. ഇത്തരം വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുമ്പോൾ എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്തത് നേർക്കുനേരെയുള്ള കൂട്ടിയിടികൾക്ക് വഴിവെക്കുന്നു.

കൊടുംവളവുകളും വെളിച്ചക്കുറവും ശ്രദ്ധിക്കണം

കൂത്താട്ടുകുളത്തെയും സമീപപ്രദേശങ്ങളിലെയും കൊടുംവളവുകളും കാഴ്ച ലഭിക്കാത്ത 'ബ്ലാക്ക് സ്പോട്ടുകളും' രാത്രികാലങ്ങളിലെ വെളിച്ചക്കുറവും യാത്ര ദുഷ്കരമാക്കുന്നു. മോട്ടോർ വാഹനവകുപ്പിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്ന് രാത്രികാലങ്ങളിൽ ഉൾപ്പെടെ കർശന പരിശോധനകൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഹൈവേ പട്രോളിംഗ് ശക്തമാക്കുന്നതിനൊപ്പം, അപകടസാദ്ധ്യതയുള്ള വളവുകളിൽ മുന്നറിയിപ്പ് ബോർഡുകളും ആവശ്യത്തിന് തെരുവുവിളക്കുകളും അടിയന്തരമായി സ്ഥാപിക്കണം.

അശ്വിൻ ഷിജു,

ആംബുലൻസ് ഡ്രൈവർ,

കൂത്താട്ടുകുളം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL