ആലുവ: ആലുവ നഗരത്തിൽ കാലപ്പഴക്കമുള്ള ഇടിഞ്ഞുവീഴാറായ കെട്ടിടത്തിന്റെ മറവിൽ നടക്കുന്ന അനധികൃത നിർമ്മാണത്തിന് രണ്ടാമതും നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ. നഗരസഭ എട്ടാം വാർഡിൽ ബാങ്ക് കവല ശ്രീകൃഷ്ണസ്വാമി ക്ഷേത്രം റോഡ് തുടങ്ങുന്നിടത്താണ് നിയമം മറികടന്ന് സ്വകാര്യ വ്യക്തി അനധികൃത നിർമ്മാണം നടത്തുന്നത്.
ഇടിഞ്ഞുവീഴാറായ കെട്ടിടം ബലപ്പെടുത്തുന്നതിന്റെ മറവിലാണ് നിലവിലുണ്ടായിരുന്നതിന്റെ മൂന്നിരട്ടി വലിപ്പത്തിൽ ഇരുമ്പ് പൈപ്പുകളിൽ ഇരുനില കെട്ടിടം നിർമ്മിക്കുന്നത്. നടപ്പാതയോട് ചേർന്ന് നിന്നിരുന്ന കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്ന് നഗരസഭ പൊളിച്ച് നീക്കാൻ നോട്ടീസ് നൽകിയിരുന്നു. ഈ ഘട്ടത്തിൽ അപകടാവസ്ഥ പൊതുജനങ്ങൾ കാണാതെ മറച്ചുവച്ചു. പിന്നീട് ഒരു ഭാഗം പൊളിച്ച ശേഷം നിർമ്മാണം ആരംഭിച്ചു. ഏകദേശം 8000 ചതുരശ്ര അടി വിസ്തീർണമുണ്ടാകും. താഴെ മാത്രം മൂന്ന് വശത്തായി 15 ഓളം ഷട്ടറുകളുണ്ട്. റോഡിൽ നിന്ന് നിശ്ചിത അകലവും പാലിച്ചിട്ടില്ല.
ഒരു വിഭാഗം രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും മൗനാനുവാദം കെട്ടിട ഉടമക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അല്ലെങ്കിൽ ഇത്തരമൊരു നടപടിക്ക് കെട്ടിട ഉടമ മുതിരില്ലെന്ന് വ്യക്തമാണ്. ഭരണ - പ്രതിപക്ഷ മുന്നണികളെല്ലാം പരസ്പരം ആരോപണം ഉന്നയിക്കുന്നതല്ലാതെ അനധികൃത നിർമ്മാണം തടയാൻ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ആരായാലും അനധികൃത നിർമ്മാണം അനുവദിക്കില്ല. ആരുടെയും പരാതി രേഖാമൂലം ലഭിച്ചിട്ടില്ല. ഉദ്യോഗസ്ഥരോട് സ്ഥലം സന്ദർശിച്ച് നടപടിയെടുക്കാൻ നിർദ്ദേശം നൽകും.
സൈജി ജോളി.
ചെയർപേഴ്സൺ,
ആലുവ നഗരസഭ
അനധികൃതമായി നിർമ്മിച്ച കെട്ടിടത്തിന് പഴയ കെട്ടിടത്തിന്റെ നമ്പർ ഉപയോഗിക്കാനാണ് കെട്ടിട ഉടമയുടെ നീക്കം. പഴയ കെട്ടിട നമ്പർ റദ്ദാക്കാൻ റവന്യൂ വിഭാഗത്തോട് ആവശ്യപ്പെടും. കഴിഞ്ഞയാഴ്ച നൽകിയ സ്റ്റോപ്പ് മെമ്മോ ഭൂമിയുടെ ഉടമകളിൽ ഒരാൾ കൈപ്പറ്റാൻ തയ്യാറായില്ല. അതിൽ ഭിത്തിയിൽ പതിപ്പിച്ചാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. മറ്റ് ഉടമകളുടെ കൂടി പേര് കണ്ടെത്തിയാണ് വീണ്ടും സ്റ്റോപ്പ് മെമ്മോ നൽകുന്നത്.
അമൽ,
അസി. എൻജിനിയർ
ബാങ്ക് കവലയിലേത് ഉൾപ്പെടെ അനധികൃത നിർമ്മാണം സംബന്ധിച്ച് കൗൺസിൽ യോഗത്തിൽ പരാതി ഉന്നയിച്ചിട്ടും നടപടി ഉണ്ടായില്ല. ഭരണപക്ഷത്തിന്റെ മൗനാനുവാദം ഉണ്ടോയെന്ന് സംശയമുണ്ട്.
ശ്യാം പത്മനാഭൻ
പ്രതിപക്ഷ നേതാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |