മാഹി: ചാലക്കര മയ്യഴിയുടെ വിദ്യാഭ്യാസ ഹബ്ബാകുന്നു. 2027 -28 അദ്ധ്യയന വർഷത്തോടെ മാഹിയിൽ സ്ഥിരം കാമ്പസ് ആരംഭിക്കാൻ പുതുച്ചേരി സർവകലാശാല ലക്ഷ്യമിടുന്നു. മാഹി, കേരളം, ദക്ഷിണ കർണാടക എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി ചാലക്കരയിൽ ഏകദേശം മൂന്ന് ഏക്കർ ഭൂമി സ്‌കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തിൽ നിന്ന് പ്രതിവർഷം അഞ്ച് രൂപ പാട്ടവാടകയ്ക്ക് 19 വർഷത്തേക്ക് സർവകലാശാലയ്ക്ക് അനുവദിച്ചിട്ടുണ്ട്. 2026 ജനുവരി രണ്ടിന് പുറത്തിറക്കിയ സർക്കാർ ഉത്തരവോടെയാണ് ഭൂമി കൈമാറ്റ നടപടികൾക്ക് അംഗീകാരം ലഭിച്ചത്.
ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥൻ, മുഖ്യമന്ത്രി എൻ. രംഗസ്വാമി എന്നിവരുടെ പിന്തുണയും വൈസ് ചാൻസലർ പ്രൊഫ. പി.കെ. ബാബുവിന്റെ ഇടപെടലുമാണ് പദ്ധതി യാഥാർഥ്യമാക്കാൻ സഹായിച്ചത്. 2025 ഒക്ടോബറിൽ മാനേജ്‌മെന്റ് പഠനവിഭാഗത്തിലെ ഇന്റർനാഷണൽ ബിസിനസ് വിഭാഗം മേധാവി ഡോ. രാജേഷ് വിശ്വനാഥനെ മാഹി കാമ്പസ് പദ്ധതിയുടെ പ്രത്യേക ഓഫീസറായി നിയമിച്ചിരുന്നു. മാഹി മേഖലാ അഡ്മിനിസ്‌ട്രേഷന്റെയും മറ്റ് സർക്കാർ വകുപ്പുകളുടെയും ഏകോപനത്തോടെ പദ്ധതിയുടെ നടപടികൾ വേഗത്തിലായതായും വാർത്താക്കുറിപ്പിൽ പറയുന്നു.
അന്താരാഷ്ട്ര വ്യാപാരം, ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ബാങ്കിംഗ് ടെക്‌നോളജി, ഫിൻടെക്, ഡാറ്റാ അനലിറ്റിക്സ് തുടങ്ങിയ വ്യവസായാധിഷ്ഠിത ബിരുദ കോഴ്സുകൾ ആരംഭിക്കാനും സർവകലാശാല പദ്ധതിയിട്ടിട്ടുണ്ട്. നിലവിൽ ചാലക്കരയിൽ ഗവ. ആയുർവേദ കോളജ്, ദന്തൽ കോളജ്, ആയുർവേദ ആശുപത്രി, ഗവ.പോളിടെക്നിക്, നാല് ഹൈസ്‌കൂളുകൾ എന്നിവയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |