
കോലഞ്ചേരി: കാലവർഷം ശക്തമായതോടെ കുന്നത്തുനാട് താലൂക്കിലെ മഴുവന്നൂർ പഞ്ചായത്തിന്റെയും മൂവാറ്റുപുഴ താലൂക്കിലെ വാളകം പഞ്ചായത്തിന്റെയും അതിർത്തി പ്രദേശമായ നെല്ലാട് കാവുംപടിക്ക് സമീപം കുന്നക്കാലിൽ നടക്കുന്ന വ്യാപക മണ്ണെടുപ്പ് ദുരന്തഭീഷണി ഉയർത്തുന്നു. ചൊവ്വാഴ്ച രാവിലെ ഭയാനകമായ ശബ്ദത്തോടെയാണ് മണ്ണും മഴവെള്ളവും റോഡിലേക്ക് കുത്തിയൊഴുകിയത്. സംഭവം പ്രദേശവാസികളെ ഭീതിയിലാഴ്ത്തി.
സ്വകാര്യ വ്യക്തികൾ കുന്നിടിച്ച് മണ്ണെടുക്കുന്ന സ്ഥലത്താണ് മണ്ണിടിച്ചിലിന് സമാനമായ രീതിയിൽ മണ്ണും വെള്ളവും ഒലിച്ചിറങ്ങിയത്. കൂടുതൽ മഴ ലഭിച്ചാൽ വൻതോതിൽ മണ്ണിടിഞ്ഞ് സമീപവാസികളുടെ ജീവനും സ്വത്തിനും അപകടമുണ്ടാകാനും സാദ്ധ്യതയേറെയാണ്.
ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന മലയുടെ ഏകദേശം നാല് ഏക്കറോളം സ്ഥലത്ത് ഇരുപതടിയിലേറെ താഴ്ചയിൽ ഇതിനകം മണ്ണെടുത്തതായി നാട്ടുകാർ ആരോപിക്കുന്നു.
മഴ ശക്തമായതിനാൽ നിലവിൽ മണ്ണെടുപ്പ് താത്കാലികമായി നിറുത്തിവച്ചിട്ടുണ്ടെങ്കിലും മലയുടെ സ്ഥിരത നഷ്ടപ്പെട്ടതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.
ആശങ്കയൊഴിയാതെ ജനം
മലയ്ക്ക് ചുറ്റും വാളകം, മഴുവന്നൂർ പഞ്ചായത്തുകളിലായി ഇരുപതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കനത്ത മഴ പെയ്യുന്ന ദിവസങ്ങളിൽ ആശങ്കയോടെയാണ് ഇവർ കഴിയുന്നത്. പ്രദേശത്ത് വർഷങ്ങളായി വേനൽക്കാലത്ത് കടുത്ത കുടിവെള്ളക്ഷാമമാണ് അനുഭവപ്പെടുന്നത്. മലയുടെ സ്വാഭാവിക ഘടന തകർത്തുള്ള മണ്ണെടുപ്പ് ഭൂഗർഭജല സംഭരണത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് നാട്ടുകാർ പറയുന്നു. മല പൂർണമായും ഇല്ലാതായാൽ കിണറുകളിലെ ജലലഭ്യത കുറയുകയും ഭാവിയിൽ രൂക്ഷമായ കുടിവെള്ള പ്രതിസന്ധി നേരിടേണ്ടിവരികയും ചെയ്യും.
കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കുന്നുകളും മലഞ്ചെരിവുകളും വ്യാപകമായി മണ്ണിടിച്ചിൽ ഭീഷണി നേരിടുമ്പോൾ ഇത്തരം നിയന്ത്രണമില്ലാത്ത മണ്ണെടുപ്പ് വൻ ദുരന്തങ്ങൾക്ക് വഴിവെക്കും. അപകടം സംഭവിച്ച ശേഷമുള്ള നടപടികൾക്ക് പകരം മുൻകരുതൽ സ്വീകരിച്ച് അനധികൃത മണ്ണെടുപ്പ് കർശനമായി തടയണം.
സി.കെ. വിനോദ് കുമാർ, പൊതുപ്രവർത്തകൻ
നാട്ടുകാരുടെ ആവശ്യങ്ങൾ
അനധികൃത മണ്ണെടുപ്പ് ഉടൻ നിറുത്തുക
വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് പ്രദേശത്തിന്റെ സുരക്ഷാ പരിശോധന നടത്തുക
മണ്ണിടിച്ചിൽ സാദ്ധ്യത വിലയിരുത്തി ദുരന്തനിവാരണ നടപടി സ്വീകരിക്കുക
ഭൂഗർഭജല സംരക്ഷണത്തിന് അടിയന്തര ഇടപെടൽ ഉറപ്പാക്കുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |