SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.08 AM IST

പൂവില്ലെങ്കിലെന്താ സൗമ്യയുടെ പൂക്കളം ഹിറ്റ്

padam
തുണിപ്പൂക്കളവുമായി സൗമ്യ ഹരിഹരൻ

കൊച്ചി: പൂവ് നുള്ളേണ്ട, കളം വരയ്ക്കേണ്ട; മുറ്റത്ത് വിരിക്കാം സൗമ്യയുടെ 'തുണിപ്പൂക്കളം". ഓണം കഴിഞ്ഞ് മടക്കി സൂക്ഷിച്ചാൽ അടുത്ത വർഷം വീണ്ടും ഉപയോഗിക്കാം. തന്റെ പുതുപരീക്ഷണം ഹിറ്റാകുമെന്ന് ചേർത്തല പുത്തനങ്ങാടി സ്വദേശിനി സൗമ്യ ഹരിഹരൻ (39) കരുതിയിരുന്നില്ല. മലയാളികളുള്ള രാജ്യങ്ങളിൽ നിന്നെല്ലാം ഓർഡർ എത്തുന്നു. അഞ്ഞൂറിലധികം പൂക്കളങ്ങൾ ഇതിനകം കാനഡ, അമേരിക്ക, സ്വിറ്റ്സർലൻഡ്,​ സിംബാബ്‌വേ തുടങ്ങിയ രാജ്യങ്ങളിലേക്ക് അയച്ചുകഴിഞ്ഞു.

ബോട്ടിൽ ആർട്ടിലായിരുന്നു സൗമ്യയുടെ തുടക്കം. കൊവിഡ് കാലത്ത് അലങ്കാര നെറ്റിപ്പട്ട നിർമ്മാണമായി. ഒരു ഉപഭോക്താവിന്റെ ആവശ്യപ്രകാരം കഴിഞ്ഞ ഓണക്കാലത്താണ് തുണിയിൽ പൂക്കളം നിർമ്മിച്ചത്. ഇതിനൊപ്പം നിർമ്മിച്ച 100 പൂക്കളങ്ങളും ചൂടപ്പം പോലെ വിറ്റഴിഞ്ഞു. സാദ്ധ്യത തിരിച്ചറിഞ്ഞ് ഇക്കുറി രണ്ടു മാസം മുമ്പേ തയ്യാറെടുപ്പു തുടങ്ങി. സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെ ദിവസവും നൂറുകണക്കിന് ഓർഡറുകളാണ് ലഭിക്കുന്നത്.

വീടിന്റെ ടെറസിലാണ് നിർമ്മാണകേന്ദ്രം. നാട്ടുകാരായ പതിനൊന്ന് വീട്ടമ്മമാർ സഹായത്തിനുണ്ട്. രണ്ടടി മുതൽ പത്തടി വരെ വലിപ്പമുള്ള പൂക്കളങ്ങൾ ലഭ്യം. ഒരെണ്ണം നിർമ്മിക്കാൻ രണ്ടു മണിക്കൂർ വേണം. ആവശ്യമുള്ള ഡിസൈൻ നൽകിയാൽ അതുപോലെയുള്ള പൂക്കളവും നിർമ്മിച്ചു നൽകും.

ഭർത്താവ് ഹരിഹരനാണ് പായ്‌ക്കിംഗിന്റെയും കൊറിയർ ചെയ്യുന്നതിന്റെയും ചുമതല. മക്കളായ ദേവികയും ധന്വന്തും പിന്തുണയുമായി ഒപ്പമുണ്ട്.

വില 2000 രൂപ മുതൽ
പ്രത്യേക വെൽവെറ്റ് തുണിയിൽ പൂക്കളത്തിന്റെ ഡിസൈൻ പ്രിന്റ് ചെയ്യും. ശേഷം പല വർണങ്ങളിലുള്ള ഫെതർ വൂൾ കൃത്യമായ അളവിൽ വെട്ടിയെടുത്ത് ഒട്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്. രണ്ടടിയുള്ള പൂക്കളത്തിന് 2000 രൂപയാണ് വില. പത്തടിക്ക് 15,000 രൂപയും.

രാവിലെയും രാത്രിയുമെല്ലാം പൂക്കളനിർമ്മാണത്തിന്റെ തിരക്കിലാണ്. വൻകിട കമ്പനികൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നെല്ലാം ഓർഡറുകൾ ലഭിക്കുന്നുണ്ട്
- സൗമ്യ ഹരിഹരൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL