SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.59 AM IST

സങ്കടഹർജിയുമായി പ്രതിശ്രുതവരൻ പെണ്ണും പോയി, പൊന്നും പോയി!

wedding

കൊച്ചി: വിവാഹ ദിവസം കാമുകനൊപ്പം യുവതി ഒളിച്ചോടിയത് പ്രതിശ്രുത വരൻ വാങ്ങിക്കൊടുത്ത 2.40 ലക്ഷം രൂപയുടെ സ്വർണ്ണച്ചെയിൻ സഹിതം. ചങ്കുപൊട്ടിയ വരൻ നീതി തേടി കോടതി കയറി. മൂന്ന് വർഷം നീണ്ട വ്യവഹാരത്തിനൊടുവിൽ കേസെടുത്ത് അന്വേഷിക്കാൻ കോടതി ഉത്തരവ് ഇട്ടതോടെ പൊലീസിനും പണിയായി.

സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ അംഗമായ തെക്കൻ ചിറ്റൂർ സ്വദേശിയായ യുവാവിനാണ് ‘ചതി’ പറ്റിയത്. വിവാഹാലോചനകൾ നടക്കവെയാണ് കാക്കനാട് വാഴക്കാലയിലെ യുവതിയുടെ ആലോചന വന്നത്. വീട്ടുകാരുടെ അനുഗ്രഹാശിസുകളോടെ 2024 ഏപ്രിലിൽ ആർഭാടമായി വിവാഹനിശ്ചയം നടത്തി. സെപ്തംബർ 12ന് ശുഭമുഹൂർത്തത്തിൽ താലികെട്ടിനും സമയം കുറിച്ചു.

 5 മാസം, നഷ്ടമായത് ലക്ഷങ്ങൾ

തായിക്കാട്ടുകാരയിലെ അന്യമതസ്ഥനായ യുവാവുമായി അടുപ്പത്തിലായിരുന്ന യുവതി പ്രതിശ്രുത വരനിൽ നിന്ന് കഴിയുന്നത്ര സമ്പത്ത് അടിച്ചുമാറ്റിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്. യുവതിയോടുള്ള സ്നേഹോപഹാരമായി കല്യാണത്തിന് മുമ്പ് നാല് പവന്റെ സ്വർണ്ണച്ചെയിനാണ് വരൻ സമ്മാനിച്ചത്. ഇതിനിടെ, വിവിധ ആവശ്യങ്ങൾക്കെന്ന പേരിൽ യുവതിയുടെ നിർദ്ദേശപ്രകാരം മാതാപിതാക്കളുടെ അക്കൗണ്ടിലേക്ക് 29980 രൂപ അയച്ചു കൊടുത്തു. കൂടാതെ 30000 രൂപ യുവതി നേരിട്ടും കൈപ്പറ്റി.

കല്യാണ ദിവസം രാവിലെയാണ് കാമുകനൊപ്പം വധു ഒളിച്ചോടിയ വിവരം വരന്റെ വീട്ടിൽ എത്തുന്നത്. സാമ്പത്തിക നഷ്ടത്തിനൊപ്പം വലിയ മാനക്കേടിനും ഇതിടയാക്കിയെന്ന് വരന്റെ വീട്ടുകാർ പരിതപിക്കുന്നു. സ്വർണ്ണച്ചെയിനിന്റെ വിലയും പണമായി കൈപ്പറ്റിയതും ഉൾപ്പെടെ 3.7 ലക്ഷം രൂപയാണ് വധു അടിച്ചുമാറ്റിയത്. ഹാളുകൾ ബുക്ക് ചെയ്ത വകയിലും ക്ഷണക്കത്ത്, യാത്ര, ഭക്ഷണം, വസ്ത്രങ്ങൾ, അലങ്കാരം വകയിലും വരനും വീട്ടുകാർക്കും 5.56 ലക്ഷം രൂപ ചെലവായി. ആകെ പൊടിഞ്ഞത് 8.63 ലക്ഷം. തൃക്കാക്കര എസ്.എച്ച്.ഒ പി.എം. വിമോദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL