കൊച്ചി: പ്രമുഖ വാഷിംഗ് മെഷീൻ കമ്പനിയുടെ പേരിൽ കൊച്ചിയിൽ വിലസിയ വ്യാജടെക്‌നീഷ്യനെ പൊക്കി പൊലീസ്. അറ്റകുറ്റപ്പണിയുടെ പേരിൽ കേടില്ലാത്ത യന്ത്രഭാഗം അഴിച്ചുമാറ്റി നിലവാരമില്ലാത്തത് ഘടിപ്പിച്ച പ്രതി മെഷീന്റെ സെൻസർ മോഷ്ടിക്കുകയും ചെയ്തു. ജാർഖണ്ഡിലെ പന്ത്‌നഗർ സ്വദേശി ഹുസൈൻ അലിയാണ് (23) എറണാകുളം സൗത്ത്പൊലീസിന്റെ പിടിയിലായത്.
എറണാകുളം എളംകുളം കെ.ടി മാസ്റ്റർ റോഡിൽ താമസിക്കുന്ന വീട്ടമ്മയാണ് തട്ടിപ്പിന് ഇരയായത്. വീട്ടിലെ ഫ്രണ്ട് ലോഡിംഗ് വാഷിംഗ് മെഷീൻ കേടായതിനെ തുടർന്ന് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ കിട്ടിയ കസ്റ്റമർ കെയർ നമ്പരിലാണ് വീട്ടമ്മ വിളിച്ചത്. പിന്നാലെ കമ്പനിയുടെ ടെക്‌നീഷ്യനെന്ന പേരിൽ പ്രതി ലൊക്കേഷൻ മാപ്പ് പ്രകാരം വീട്ടിലെത്തി.
പ്രഷർപമ്പ് കേടാണെന്ന് പറഞ്ഞ് അഴിച്ചെടുത്ത് നിലവാരം കുറഞ്ഞത് സ്ഥാപിച്ച് 8000 രൂപ ഈടാക്കി. സംശയം തോന്നിയ വീട്ടമ്മ പിന്നീട് കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് യഥാർത്ഥ കസ്റ്റമർ കെയർ നമ്പർ കണ്ടെത്തി വിളിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. കമ്പനിയുടെ ടെക്‌നീഷ്യൻമാരെത്തി പരിശോധിച്ചപ്പോൾ മെഷീന്റെ സെൻസർ മോഷണം പോയെന്നും ടൈംലോക്കാണ് തകരാറെന്നും കണ്ടെത്തി.
വീട്ടമ്മയുടെ പരാതിയെ തുടർന്ന് എസ്.എച്ച്.ഒ ഹരിശങ്കറിന്റെ നേതൃത്വത്തിൽ കാക്കനാട് സിവിൽസ്റ്റേഷൻ റോഡിലെ ഹോട്ടലിൽ നിന്നാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. ആൾമാറാട്ടത്തിനും മോഷണത്തിനും വഞ്ചനയ്‌ക്കുമാണ് കേസ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |