ആലുവ: പഞ്ചാബിലേക്കുള്ള യാത്രയ്‌ക്കിടെ ഗുജറാത്തിലെ സൂറത്തിൽ കണ്ടെത്തിയ, ആലുവയിൽ നിന്നു കാണാതായ 16കാരി മാതാവിനൊപ്പം താമസിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചു. തുടർന്ന് ഗുജറാത്ത് സി.ഡബ്ളിയു.സി താത്കാലികമായി സംരക്ഷണം ഏറ്റെടുത്തു. സൂറത്ത് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കുട്ടി നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ 27നാണ് ആലുവയിലെ വനിതാ ഹോസ്റ്റലിൽ മാതാവിനൊപ്പം കിടന്നുറങ്ങിയ പെൺകുട്ടിയെ കാണാതായത്. മാതാവിന്റെ ആദ്യ വിവാഹത്തിലുള്ള മകളാണ്. ഏറെനാൾ പെൺകുട്ടി പിതാവിനൊപ്പം പഞ്ചാബിലെ മൊഹാലിയിലായിരുന്നു. കാണാതാവുന്നതിനു 17 ദിവസം മുമ്പാണ് മാതാവിനൊപ്പം ആലുവയിൽ താമസമാരംഭിച്ചത്.
മാതാവിന്റെ ഫോണിൽ നിന്ന് മൊഹാലിയിലുള്ള ചിലരെ വിളിച്ചതായി കണ്ടെത്തിയിരുന്നു. ഈ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്തിലൂടെ യാത്രയിലാണെന്ന് വ്യക്തമായത്. തുടർന്ന് ഗുജറാത്ത് പൊലീസ് പെൺകുട്ടിയെ കണ്ടെത്തി.
പഞ്ചാബിലെ ഭജന സംഘടനകളുമായി പെൺകുട്ടിക്ക് ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സംഘത്തിൽപ്പെട്ട ഒരാൾ ആലുവയിലെത്തി കുട്ടിയെ ബസ് മാർഗം ബംഗളൂരുവിലേക്കും അവിടെ നിന്ന് ട്രെയിനിൽ പഞ്ചാബിലേക്കും കൊണ്ടുപോവുകയായിരുന്നു.
മാതാവ് രണ്ടാം വിവാഹം കഴിച്ചത് ആലപ്പുഴ സ്വദേശിയായ അന്യമതസ്ഥനെയാണ്. അതിനാലാണ് പെൺകുട്ടി ഭജന സംഘത്തോടൊപ്പം പോകാൻ സന്നദ്ധമായതെന്നാണ് സൂചന.
പെൺകുട്ടിയെ കണ്ടെത്താൻ ആലുവ എസ്.എച്ച്.ഒ രഞ്ജിത്ത് മാത്യുവിന്റെ നേതൃത്വത്തിൽ ഏഴംഗ അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശനൻ നിയോഗിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |