
കൊച്ചി: കേരളത്തിൽ അനധികൃതമായി തമ്പടിച്ചിരിക്കുന്ന ബംഗ്ലാദേശികളെ കണ്ടെത്താൻ മിന്നൽ പരിശോധനകൾക്ക് തയ്യാറെടുത്ത് പൊലീസ്. എല്ലാ ജില്ലകളിലും അടിയന്തര അന്വേഷണവും കർശന നടപടികളും വേണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശത്തിന് പിന്നാലെയാണിത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയുടെ ഇടപെടൽ. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കാണ് മേൽനോട്ടം.
അടുത്തിടെ ഏഴിമല നാവിക അക്കാഡമിയിലെ ലോൺട്രി വിഭാഗത്തിൽ വരെ ബംഗ്ലാദേശികൾ ജോലി ചെയ്തതായി കണ്ടെത്തിയിരുന്നു. കൊച്ചിയിലും ആറ് ബംഗ്ലാദേശികളെ പിടികൂടിയിരുന്നു. ഈ സാഹചര്യത്തിലാണ് കർശന അന്വേഷണം വേണമെന്ന പരാതി മുഖ്യമന്ത്രിക്ക് ലഭിച്ചത്. അതിർത്തി രക്ഷാ സേനയുടെ റൂട്ട് മാർച്ച് വരെ കൈക്കൂലി കൊടുത്ത് വഴിതിരിച്ചുവിടാൻ ശേഷിയുള്ളവരാണ് ബംഗ്ലാദേശുകാരെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. 2022ൽ നെടുമ്പാശേരി വഴി ബംഗ്ലാദേശുകാരെ വിദേശത്തേക്ക് കടത്തിയിരുന്ന റാക്കറ്റിലെ പ്രധാനിയെ ക്രൈംബ്രാഞ്ച് പിടികൂടിയപ്പോഴാണ് ഇത്തരം വിവരങ്ങൾ ലഭിച്ചത്.
2018ൽ 45ലക്ഷം രൂപയുമായി സി.ബി.ഐ അറസ്റ്റ് ചെയ്ത മലയാളി ബി.എസ്.എഫ് ജവാന് പണം നൽകിയത് കുപ്രസിദ്ധ കള്ളക്കടത്തുകാരൻ ബിജു ഷേഖായിരുന്നു. സി.ബി.ഐ ബിജുവിനെയും പിടികൂടിയിരുന്നു. എറണാകുളത്ത് പെരുമ്പാവൂരിലെ പ്ലൈവുഡ് നിർമ്മാണ ശാലകളിലും മറ്റ് ജില്ലകളിൽ ആക്രി, പലചരക്ക് കടകൾ, നിർമ്മാണ സൈറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ബംഗ്ലാദേശികൾ പ്രധാനമായും തമ്പടിക്കുന്നത്.
അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് പിടികൂടിയ ബംഗ്ലാദേശികൾ 268
ഈ വർഷം പിടിയിലായ 53 പേരിൽ 36 പേരും എറണാകുളം ജില്ലയിൽ നിന്ന്
പണം കൈമാറാൻ കുതന്ത്രം
കേരളത്തിലെ ബംഗ്ളാദേശികൾ കൂലി പണമായാണ് വാങ്ങുക. ബാങ്ക് അക്കൗണ്ടിന് നിർബന്ധിച്ചാൽ മുങ്ങും. വ്യാജ ആധാർ ആണ് ഉണ്ടാവുക. അത് ലിങ്ക് ചെയ്യാൻ ശ്രമിച്ചാൽ കള്ളംപൊളിയും. അതിനാൽ കൊൽക്കത്തയിൽ രൂപീകരിച്ചിട്ടുള്ള അക്കൗണ്ടുകളിലേക്ക് ഒപ്പം ജോലി ചെയ്യുന്നവരുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് എ.ടി.എം കൗണ്ടർവഴി പണം കൈമാറും. അവിടെനിന്ന് മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങൾ വഴി ബംഗ്ലാദേശിലേക്ക് പണം എത്തിക്കും
രേഖകൾ ഇല്ലാതെ രാജ്യത്ത് പ്രവേശിച്ച് കേരളത്തിൽ കടന്ന് കയറുന്ന ബംഗ്ലാദേശുകാരെ പൂർണമായി കണ്ടെത്താൻ കഴിയുന്നില്ല. സെക്‌സ് റാക്കറ്റ്, മയക്കുമരുന്ന് കച്ചവടം, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയിൽ ഏർപ്പെട്ട് പിടിക്കപ്പെടുമ്പോഴാണ് ഇവർ സംസ്ഥാനത്ത് എത്തിയ വിവരം അറിയുന്നത്
അഡ്വ. കുളത്തൂർ ജയ്‌സിംഗ്
പരാതിക്കാരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |