കൊച്ചി: ലഹരിവേട്ടയ്ക്ക് എക്സൈസിലെ സമർത്ഥരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രൂപീകരിച്ച സ്റ്റേറ്റ് നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ (എസ്.എൻ.സി.ബി) അംഗങ്ങൾക്ക് കിടിലൻ യൂണിഫോമായി. എൻ.ഐ.എ, എൻ.സി.ബി മുതലായ കേന്ദ്ര ഏജൻസികളിലെ യൂണിഫോമിന് സമാനമായ ജാക്കറ്റ്, ട്രൗസേഴ്സ് മാതൃകയിലാണിത്.
കടുംനീല ജാക്കറ്റിനടിയിൽ കൈയുള്ള ഷർട്ട് ധരിക്കാം. ടീ ഷർട്ടുകൾ, പോളോ, കാഷ്വൽസ് അനുവദനീയമല്ല. ജാക്കറ്റിന് അനുയോജ്യമായ ട്രൗസേഴ്സ് ധരിക്കാം. ജീൻസ്, ഡെനിം, കാഷ്വൽസ് പാടില്ല. ഇൻസ്പെക്ടർ മുതൽ ജോയിന്റ് ഡയറക്ടർ വരെ റാങ്കിലെ ഉദ്യോഗസ്ഥർ ഫോർമൽ ബ്രൗൺ ലെതർ ഷൂസും, ഡ്രൈവർമാർ മുതൽ പ്രിവന്റീവ് ഓഫീസർമാർ വരെയുള്ളവർ ഫോർമൽ ബ്ലാക്ക് ലെതർ ഷൂസും ധരിക്കണം. ജാക്കറ്റിലെ ബാഡ്ജിൽ ഉദ്യോഗസ്ഥരുടെ റാങ്ക് പ്രദർശിപ്പിക്കും.
പുതിയ യൂണിഫോം എസ്.എൻ.സി.ബി അംഗങ്ങളുടെ വർക്കിംഗ് ഡ്രസാണ്. ഓഫീസിലും കോടതിയിലും കേസ് അന്വേഷണം, ലഹരി വേട്ട തുടങ്ങിയ വേളകളിലും ഗാർഡ് ഒഫ് ഓണർ, സെറിമോണിയൽ പരേഡ് എന്നിവയിൽ പങ്കെടുക്കുമ്പോഴും ഔദ്യോഗിക യൂണിഫോം ധരിക്കാം.
എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ, എക്സൈസ് സൈബർ സെൽ എന്നിവയിലെ 389 ഉദ്യോഗസ്ഥരാണ് പുതിയ ഏജൻസിയിലെ അംഗങ്ങൾ. ആദ്യ ബാച്ചിന്റെ പരിശീലനം തൃശൂർ എക്സൈസ് അക്കാഡമിയിൽ പൂർത്തിയായി.
ജാക്കറ്റ് ഇങ്ങനെ
കടുംനീല (ഡാർക്ക് ബ്ളൂ) നിറം
കൈയില്ലാത്തത്
പോളിസ്റ്റർ-വിസ്കോസ് തുണി
മുൻവശം തുറക്കാവുന്നത്, 20 എം.എം ബട്ടണുകൾ
മടക്കില്ലാതെ, കഴുത്തിനോട് ചേർന്ന് നിൽക്കുന്ന കോളർ (മാൻഡറിൻ കോളർ)
താഴെ രണ്ട് ഭാഗത്തും പോക്കറ്റുകൾ
മുകളിൽ വലത് ഭാഗത്ത് പേരും റാങ്കും പ്രദർശിപ്പിക്കുന്ന ബാഡ്ജ് (വെള്ള അക്ഷരത്തിൽ)
മുകളിൽ ഇടത് ഭാഗത്ത് നക്ഷത്രചിഹ്നങ്ങൾ, അശോക സ്തംഭം, ശംഖുമുദ്ര, ആനകൾ, ലോറൽ റീത്ത് എന്നിവയ്‌ക്കൊപ്പം എസ്.എൻ.സി.ബി എന്ന് ആലേഖനം ചെയ്ത എംബ്ലം
ജാക്കറ്റിന് പിൻഭാഗത്ത് എസ്.എൻ.സി.ബി എന്ന വലിയ വെള്ള അക്ഷരത്തിൽ മുദ്രണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |