കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി പെരിയാറിന് കുറുകെ നിർമ്മിച്ച നേര്യമംഗലം ബോ സ്ട്രിംഗ് സ്റ്റീൽ ആർച്ച് പാലം ദിവസങ്ങൾക്കകം ഗതാഗതത്തിന് തുറന്നുകൊടുക്കും. ദേശീയപാതാ അതോറിട്ടി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് മൂന്ന് വർഷമായി നടന്ന നിർമ്മാണപ്രവർത്തനങ്ങൾ അവസാനഘട്ട മിനുക്കുപണികളിലാണ്. 91 വർഷം പഴക്കമുള്ള നിലവിലെ ആർച്ച് പാലത്തിന് സമാന്തരമായാണ് അത്യാധുനിക രീതിയിലുള്ള പുതിയ പാലം യാഥാർത്ഥ്യമാകുന്നത്.
വീതി കുറഞ്ഞ പഴയ പാലത്തിലെ കടുത്ത ഗതാഗതക്കുരുക്ക് പരിഹരിക്കാനാണ് പുതിയ പാലം. മണിക്കൂറുകളോളം വാഹനങ്ങൾ കുരുങ്ങുന്നതും വിദേശ വിനോദസഞ്ചാരികളടക്കം നേരിട്ടിരുന്ന യാത്രാക്ലേശവും പുതിയ പാലം വരുന്നതോടെ വിസ്മൃതിയിലാകും. സംസ്ഥാനത്തെ ആദ്യ ബോ സ്ട്രിംഗ് സ്റ്റീൽ ആർച്ച് പാലമാണിത്.
ആർച്ച് രൂപത്തിലുള്ള സ്റ്റീൽ റോഡുകൾ ഉപയോഗിച്ചുള്ള നിർമ്മാണം പാലത്തിന് കൂടുതൽ ബലവും ഭാരംതാങ്ങാനുള്ള ശേഷിയും നൽകുന്നു. 214 മീറ്റർ നീളവും 13 മീറ്റർ വീതിയുമുള്ള പാലത്തിൽ വാഹനങ്ങൾക്കായി 8 മീറ്റർ വീതിയും ഇരുവശത്തും 1.5 മീറ്റർ വീതിയുള്ള നടപ്പാതകളുമുണ്ട്.
നീളം
214 മീറ്റർ
വീതി
13 മീറ്റർ
ചരിത്രമാണ് പഴയപാലം
99ലെ വെളപ്പൊക്കത്തിൽ തകർന്ന ആലുവ - മൂന്നാർ രാജപാതയ്ക്ക് പകരം നിർമ്മിച്ച പുതിയ റോഡിന്റെ ഭാഗമായാണ് നേര്യമംഗലത്ത് നിലവിലുള്ള ആർച്ച് പാലം നിർമ്മിച്ചത്. 1935 മാർച്ച് 2 ന് ശ്രീചിത്തിര തിരുന്നാൾ മഹാരാജാവ് തുറന്നതുമുതൽ ഈ പാലമാണ് ഇടുക്കി-എറണാകുളം ജില്ലകളുടെ കവാടമായി നിലകൊള്ളുന്നത്. ഏഷ്യയിലെ ആദ്യത്തെ എ ക്ലാസ് ആർച്ച് പാലംകൂടിയാണിത്. നിർമ്മാണത്തിന് കരിങ്കല്ലിനൊപ്പം ശർക്കരയും ചുണ്ണാമ്പും കലർന്ന സുർഖി മിശ്രിതമാണ് ഉപയോഗിച്ചത്. ഹൈറേഞ്ച് യാത്രയുടെ നെടുംതൂണായ ഈ പാലം ഭാവിയിൽ ഒരു ചരിത്രസ്മാരകം ആയി മാറും.
വിനോദസഞ്ചാരവും
ഉഷാറാകും
ഗതാഗത സൗകര്യം നൽകുന്നതിനൊപ്പം ആകർഷക കാഴ്ചകൂടി സമ്മാനിക്കുന്നതാകും നേര്യമംഗലത്തെ പാലങ്ങൾ. പഴയ പാലത്തിനും പുതിയ പാലത്തിനുമുള്ള പ്രത്യേകതകൾ സഞ്ചാരികളെ ആകർഷിക്കാൻ പോന്നതാണ്. ഹൈറേഞ്ചിലേക്കും തിരികേയുമുള്ള വിനോദസഞ്ചാരികൾക്കും മറ്റ് യാത്രക്കാർക്കും ഒരു ഇടത്താവളമാണ് നേര്യമംഗലം. കേരളത്തിലെ ഏറ്റവും നീളംകൂടിയ തൂക്കുപാലമായ ഇഞ്ചത്തൊട്ടി തൂക്കുപാലം നേര്യമംഗലത്തിന് സമീപത്താണ്.
നേര്യമംഗലത്ത് പുതിയ പാലം വലിയ വികസന നേട്ടമാണ്. ഒക്ടോബർ മാസത്തിൽതന്നെ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കും.
ഡീൻ കുര്യാക്കോസ്
എം.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |