
കൊച്ചി: മൺസൂൺ ചതിച്ചു. ജില്ലയിൽ ഇത്തവണ 28 ശതമാനം കുറവ് മഴ. സാധാരണ ലഭിക്കുന്ന 2116.9 മില്ലി മീറ്റർ മഴയ്ക്ക് പകരം 1522.5 മില്ലി മീറ്റർ മാത്രമാണ് പെയ്തത്. ശാന്തസമുദ്രത്തിലെ സൂപ്പർ എൽനിനോ പ്രതിഭാസമാണ് വില്ലനായത്. വരാനിരിക്കുന്ന തുലാവർഷത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ജില്ല. രണ്ട് ദിവസത്തിനകം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് തെക്കുപടിഞ്ഞാറൻ മൺസൂൺ പൂർണമായി പിൻവാങ്ങുന്നതോടെ ദക്ഷിണേന്ത്യയിൽ തുലാവർഷം ശക്തമാകും.
നിലവിൽ ബംഗാൾ ഉൾക്കടലിലും തെക്കൻ തമിഴ്നാട് തീരത്തും ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിനുപുറമേ, തെക്കൻ ആൻഡമാൻ കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. ഇതിന്റെ ഫലമായി ഈ മാസം 16 വരെ ജില്ലയിൽ മിതമായതോ കനത്തതോ ആയ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.
മഴവെള്ളം സംഭരിക്കണം
നവംബർ, ഡിസംബർ മാസങ്ങളിൽ സൂപ്പർ എൽനിനോ കടുക്കുമെന്നാണ് വിലയിരുത്തൽ. തുലാവർഷത്തിൽ ലഭിക്കുന്ന വെള്ളം കൃത്യമായി സംഭരിച്ചില്ലെങ്കിൽ വരുംമാസങ്ങളിൽ കടുത്ത വരൾച്ച നേരിടേണ്ടി വരുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ പെയ്യുന്ന കനത്ത മഴയും ശക്തമായ ഇടിമിന്നലുമാണ് തുലാവർഷത്തിന്റെ പ്രത്യേകത. ഇത് തീരദേശ, നഗര മേഖലകളിൽ വെള്ളക്കെട്ടിനും കാർഷിക മേഖലയിൽ നാശനഷ്ടങ്ങൾക്കും കാരണമായേക്കാം. കാലാവസ്ഥാ വ്യതിയാനം ഭക്ഷ്യസുരക്ഷയെ ബാധിക്കാനിടയുള്ളതിനാൽ പൊതുജനങ്ങളും കർഷകരും ജാഗ്രത പാലിക്കണം.
സൂപ്പർ എൽനിനോ
മദ്ധ്യ-കിഴക്കൻ പസഫിക് സമുദ്രത്തിലെ ഉപരിതല താപനില സാധാരണയേക്കാൾ വളരെയധികം ഉയരുന്ന പ്രതിഭാസമാണ് എൽനിനോ. ഇത് സാധാരണയേക്കാൾ തീവ്രമാകുന്നതാണ് 'സൂപ്പർ എൽനിനോ". 1982,1997, 2015 എന്നീ വർഷങ്ങളിൽ സൂപ്പർ എൽനിനോ ഉണ്ടായിട്ടുണ്ട്. മഴയളവുകൾ തിട്ടപ്പെടുത്തി തുടങ്ങിയതിനുശേഷം ഏറ്റവും ചൂടേറിയ വർഷമായി 2024 ആണ് കണക്കാക്കപ്പെട്ടത്. സൂപ്പർ എൽനിനോ മൂലം 2026-27 ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായി മാറാനും സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
മൺസൂൺ മഴക്കുറവ്
(ശതമാനത്തിൽ)
ഇടുക്കി 47
കൊല്ലം 38
ആലപ്പുഴ 32
പാലക്കാട് 30
തൃശൂർ 30
എറണാകുളം 28
മലപ്പുറം 27
കാസർഗോഡ് 17
കോട്ടയം 17
കോഴിക്കോട് 17
തിരുവനന്തപുരം 15
കണ്ണൂർ 12
പത്തനംതിട്ട 12
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |