SignIn
Kerala Kaumudi Online
Thursday, 15 October 2026 1.24 AM IST

ശബരി റെയിൽപ്പാത: സർക്കാർ മാറിയിട്ടും മാറിയില്ല സ്‌തംഭനം

sabari

കൊച്ചി: വി.ഡി. സതീശൻ സർക്കാർ അധികാരത്തിലേറി അഞ്ചുമാസം കഴിഞ്ഞിട്ടും കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ അങ്കമാലി - എരുമേലി ശബരിപ്പാതയുടെ തുടർനടപടികൾ സ്‌‌തംഭനത്തിൽ. സ്ഥലമെടുപ്പിന് ഓഫീസുകൾ പുനാരാരംഭിക്കാനോ പദ്ധതിക്ക് പകുതിച്ചെലവിന് തുക കണ്ടെത്തുന്നതിനോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

1997-98ൽ എ.ബി. വാജ്പേയ് സർക്കാർ പ്രഖ്യാപിക്കുകയും 2009ൽ നിർമ്മാണം ആരംഭിക്കുകയും 2014ൽ നിലയ്‌ക്കുകയും ചെയ്‌ത ശബരിപാത പദ്ധതിക്ക് കഴിഞ്ഞ മാർച്ചിലാണ് പുതുജീവൻ വച്ചത്. ചെലവിന്റെ പകുതി സംസ്ഥാനം വഹിച്ചാൽ നിർമ്മാണം ആരംഭിക്കാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. പിണറായി വിജയൻ സർക്കാർ സമ്മതവും അറിയിച്ചു. കിഫ്ബി വഴി സംസ്ഥാനവിഹിതം കണ്ടെത്താനായിരുന്നു ലക്ഷ്യമിട്ടത്.

പദ്ധതി പുനരാരംഭിക്കുന്നതിന്റെ ആദ്യപടിയായി സ്ഥലമേറ്റെടുപ്പിന് മുമ്പുണ്ടായിരുന്ന മൂവാറ്റുപുഴയിലെ ഓഫീസ് വീണ്ടും തുറക്കാൻ റവന്യൂവകുപ്പ് ശുപാർശ ചെയ്‌തിരുന്നു. സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞ മാർച്ചിൽ സർക്കാർ ഭരണാനുമതി നൽകിയെങ്കിലും മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നില്ല.

മേയ് 18ന് വി.ഡി. സതീശൻ സർക്കാർ അധികാരമേറ്റശേഷം ശബരിപാത ആക്ഷൻ കൗൺസിൽ ഫെഡറേഷൻ ഭാരവാഹികൾ ഗതാഗതം, ധനകാര്യം വകുപ്പുകളുടെ ചുമതലയുള്ള മുഖ്യമന്ത്രിയെ രണ്ടുതവണ സന്ദർശിച്ച് നടപടികൾ വേഗത്തിലാക്കാൻ നിവേദനം നൽകിയിരുന്നു. പദ്ധതി സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് അറിയിച്ചെങ്കിലും ഫയൽ നീക്കം ഉൾപ്പെടെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.

കിഫ്ബി കടമ്പ

ശബരിപാതയ്‌ക്ക് സംസ്ഥാനവിഹിതമായി 1,900 കോടി രൂപ കിഫ്ബി വഴി നൽകാനാണ് പിണറായി വിജയൻ സർക്കാർ തീരുമാനിച്ചിരുന്നത്. കിഫ്ബി ആവശ്യമില്ലെന്ന നിലപാടിലാണ് യു.ഡി.എഫും മുഖ്യമന്ത്രി വി.ഡി. സതീശനും. ധനസമാഹരണത്തിന് കിഫ്ബിക്ക് പകരം സംവിധാനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന.


പണി 7 കിലോമീറ്റർ

1997- 98ലെ റെയിൽവേ ബഡ്ജറ്റിൽ പ്രഖ്യാപിച്ച ശബരിപാതയുടെ ഒന്നാംഘട്ടത്തിൽ, എട്ടു കിലോമീറ്റർ ദൂരത്തെ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. അങ്കമാലി മുതൽ കാലടി വരെ ഏഴു കിലോമീറ്റർ നിർമ്മാണത്തിന്റെ 90 ശതമാനം പൂർത്തിയായിരുന്നു.

സ്ഥലമെടുപ്പ്

എറണാകുളം ജില്ലയിൽ നാല് താലൂക്കുകളിൽ 152.05 ഹെക്ടർ

39 കിലോമീറ്റർ പാതയുടെ സ്ഥലമെടുപ്പിന് ചെലവ് 410 കോടി രൂപ

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ 33.77 ഹെക്ടർ

കോട്ടയം ജില്ലയിൽ രണ്ട് താലൂക്കുകളിൽ 119.89 ഹെക്ടർ

പതിറ്റാണ്ടുകളായി ജനങ്ങൾ കാത്തിരിക്കുന്ന ശബരിപാതയോട് സർക്കാർ പുലർത്തുന്ന അവഗണന അവസാനിപ്പിക്കണം. ഓഫീസുകൾ തുറക്കാനും സംസ്ഥാനവിഹിതം കണ്ടെത്താനും നടപടികൾ സ്വീകരിക്കണം.

ബാബു പോൾ,

(മുൻ എം.എൽ.എ)

ജനറൽ കൺവീനർ,

ശബരിപാത ആക്ഷൻ,

കൗൺസിൽ ഫെഡറേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, SABARY RAIL OFFICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL