
തൊടുപുഴ: സ്ഥിരനിയമനത്തിനായുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിലെ കാലതാമസം ദുരിതമായതിനെ തുടർന്ന് തൊഴിൽ ഉപേക്ഷിച്ച് സർവ ശിക്ഷാകേരളയ്ക്കു കീഴിൽ കരാർഅടിസ്ഥാനത്തിൽജോലി ചെയ്യുന്ന സ്പെഷ്യൽ എജ്യൂക്കേറ്റർമാർ. ജില്ലയിൽ 20 അദ്ധ്യാപകരാണ് ഒരുവർഷത്തിനിടയിൽ ജോലി ഉപേക്ഷിച്ചത്. ഇത് ഭിന്നശേഷികുട്ടികളുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്നതാണ്. ജില്ലയിൽ ആയിരത്തിലധികം കുട്ടികളാണുള്ളത്. ജോലി ഉപേക്ഷിക്കുന്നവരിൽ ഏറെയും മാലിദ്വീപ്, ഇസ്രായേൽ എന്നിവിടങ്ങളിലേക്കാണ് പോകുന്നത്. മാലിദ്വീപിൽ അദ്ധ്യാപനജോലിയുണ്ടെങ്കിലും യാതൊരുതൊഴിൽ സുക്ഷിതത്വവുമില്ലെന്നതാണ് യാഥാർത്ഥ്യം. ഇസ്രായേലിൽ കെയർ ഗീവേഴ്സായാണ് പലരും പോകുന്നത്. ഒന്നുമുതൽ യു.പിവരെയുള്ള എലമെന്ററി, എട്ടുമുതൽ ഹയർസെക്കന്ററിവരെയുള്ള സെക്കന്ററി അദ്ധ്യാപകരാണ് വർഷങ്ങളായി ദുരിതത്തിൽ കഴിയുന്നത്. വർഷങ്ങളായി അടിസ്ഥാന ശമ്പളത്തിൽപ്പോലും ഇവർക്ക് കാലോചിതമായ വർധനവില്ല.
അദ്ധ്യാപകരുടെ ശമ്പളം
എലമെന്ററി: 20000
സെക്കന്ററി: 25000
സുപ്രീം കോടതി വിധി
വന്നിട്ടും നീതിയില്ല
സ്ഥിരനിയമനത്തിനായി സ്ഥിരംതസ്കികൾ സൃഷ്ടിക്കണമെന്ന സുപ്രീംകോടതി വിധിയുണ്ടായിട്ടും നീതി നടപ്പാകാത്തതിനാൽ നിലവിൽ തുടരുന്നവരും ആശങ്കയിലാണ്. വിവിധ സ്പെഷ്യൽ സ്കൂളുകളിലായി 117 അദ്ധ്യാപകരാണ് ദുരിതമനുഭവിക്കുന്നത്. മുൻ സർക്കാരിന്റെ കാലത്ത് സാമ്പത്തികബാദ്ധ്യതയെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധിയുണ്ടായിട്ടും ഇവരെ സ്ഥിരപ്പെടുത്താത്തത്. നിയമനക്കാര്യത്തിൽ പുതിയ സർക്കാരിലാണ് ഇനി ഏക പ്രതീക്ഷ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി സതീശനുമായി നടത്തിയ കൂടിക്കാഴ്ച അനകൂലമാകുമെന്നാണ് ഇവർ കരുതുന്നത്. നിലവിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള എസ്.എസ്.കെയുടെ പ്രവർത്തനം അറുപത് ശതമാനം കേന്ദ്രസർക്കാർ വിഹിതവും നാൽപ്പതുശതമാനം സംസ്ഥാനസർക്കാർ വിഹിതവും ഉപയോഗിച്ചാണ്. എന്നാൽ പലപ്പോഴും കേന്ദ്രവിഹിതം കൃത്യമായി ലഭിക്കാത്തതും പ്രതിസന്ധിയാണ്.
കണക്കുകൾ
കൃതമായി നൽകാറില്ല
പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പല കാര്യങ്ങളിലുംവ്യക്തതവരുത്താനായി കണക്കുകൾ ആവശ്യപ്പെടാറുണ്ടെങ്കിലും സംസ്ഥാനംകൃത്യമായ മറുപടി നൽകാത്തതിനാൽ പലപ്പോഴും ഫണ്ട് ലഭിക്കാറില്ല. ഇതിനാൽ പലപ്പോഴും ശമ്പളമടക്കംമുടങ്ങുന്ന സാഹചര്യമാണുള്ളത്.
''കോടതി ഉത്തരവ് നടപ്പാക്കാൻ വൈകുന്നത് ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളോടുള്ള നീതി നിഷേധമാണ്. മുഖ്യമന്ത്രിയുമായി നടത്തിയ പുതിയ കൂടിക്കാഴ്ചയിൽ പ്രതീക്ഷയുണ്ട്. കെ.വി അനൂപ് ( സംസ്ഥാന പ്രസിഡന്റ്, സ്‌പെഷ്യൽ എജ്യൂക്കേറ്റേഴ്സ് ഫെഡറേഷൻ കേരള )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |