
പീരുമേട്: തോട്ടം മേഖലയായ ഗ്രാമ്പിയിലും പരിസരപ്രദേശങ്ങളിലും ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വച്ചു പിടികൂടാനായി വനംവകുപ്പ് നടപടികൾ ഊർജ്ജിതമാക്കി. ശനിയാഴ്ച രാത്രി വീണ്ടും പശുവിനെ ആക്രമിച്ചു കൊന്ന പശ്ചാത്തലത്തിൽ, തേയിലത്തോട്ടത്തിൽ ഏറുമാടം കെട്ടി രാത്രി സമയങ്ങളിൽ തോക്കുമായി കാവൽ നിൽക്കുകയാണ് എരുമേലി ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥ സംഘം. ശനിയാഴ്ച രാത്രി ഗ്രാമ്പി പഞ്ചായത്ത് മെമ്പർ മതിയഴകന്റെ പശുവിനെയാണ് കടുവ ഒടുവിലായി ഇരയാക്കിയത്. നേരത്തെ വന്യമൃഗങ്ങളുടെ ആക്രമണത്തെ അതിജീവിച്ചിട്ടുള്ള ഈ പശുവിനെ തേയിലക്കാട്ടിനുള്ളിൽ ഭാഗികമായി തിന്ന നിലയിലാണ് കണ്ടെത്തിയത്. കടുവ വീണ്ടുമെത്തും എന്ന കണക്കുകൂട്ടലിലാണ് ഇതിന് സമീപത്തായി വനംവകുപ്പ് ഏറുമാടം നിർമ്മിച്ചിരിക്കുന്നത്. ഡോ. സിദ്ധാർത്ഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘവും എരുമേലി ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരും ചേർന്നാണ് ദൗത്യത്തിന് രൂപം നൽകിയിരിക്കുന്നത്.
=മൂന്നാറിൽ നിന്ന് റേഡിയോ കോളർ ഘടിപ്പിച്ച് പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട കടുവയാണ് ഗ്രാമ്പി, അരണക്കൽ തുടങ്ങിയ ജനവാസ മേഖലകളിൽ വൻനാശം വിതയ്ക്കുന്നത്.
മുമ്പ് വയനാട് സ്‌പെഷ്യൽ ടീമിനെയടക്കം രംഗത്തിറക്കിയിട്ടും കടുവയെ പിടികൂടാൻ സാധിച്ചിരുന്നില്ല. എന്നാൽ, കൊല്ലപ്പെട്ട പശുവിന്റെ അവശിഷ്ടങ്ങൾ തേടി എത്തുന്ന സമയം നോക്കി മയക്കുവെടി വെച്ച് കടുവയെ കുടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. കടുവയെ ഉടൻ തന്നെ മയക്കുവെടി വെച്ച് പിടികൂടി മേഖലയിലെ ഭീഷണിയൊഴിവാക്കാൻ സാധിക്കുമെന്ന ആശ്വാസത്തിലാണ് ജനങ്ങൾ.
ഇതുവരെ കൊന്നത് 11 പശുക്കളെ
കടുവയുടെ നിരന്തര ആക്രമണം മൂലം വലിയ ഭീതിയിലാണ് ഗ്രാമ്പിയിലെയും പരിസരങ്ങളിലെയും തോട്ടം തൊഴിലാളികളും കർഷകരും. ഇതുവരെ പ്രദേശവാസികളുടെ 11 പശുക്കളെയാണ് ഈ കടുവ ആക്രമിച്ച് കൊന്നൊടുക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |