ചക്കക്കൊമ്പൻ മതികെട്ടാനിലേക്ക് മടങ്ങി
ഇടുക്കി: ചിന്നക്കനാലിൽ നിന്ന് മതികെട്ടാനിലേക്കുള്ള പാരമ്പര്യ ആനത്താരയിലുണ്ടായിരുന്ന അനധികൃത കൈയേറ്റങ്ങളും വേലികളും നീക്കം ചെയ്തത് ഗുണമായെന്ന അവകാശവാദവുമായി വനംവകുപ്പ്. സഞ്ചാരപഥം തിരികെ ലഭിച്ചതോടെ 'ചക്കക്കൊമ്പൻ" എന്ന കാട്ടാന വർഷങ്ങൾക്ക് ശേഷം ഈ വഴിയിലൂടെ മതികെട്ടാൻ ഭാഗത്തേക്ക് മടങ്ങി. ഏലകൃഷിയും അനധികൃത നിർമാണങ്ങളും കാരണം ആനത്താര തടസപ്പെട്ടതോടെയാണ് പ്രദേശത്ത് മനുഷ്യവന്യജീവി സംഘർഷം രൂക്ഷമായത്. ഭക്ഷണവും വെള്ളവും തേടി സമീപത്തെ പുൽമേടുകളിലേക്കും വനമേഖലകളിലേക്കും പോകാൻ വഴിയില്ലാതെ വന്നത് അപകടങ്ങൾക്ക് കാരണമായിരുന്നു. സെപ്തംബർ 23ന് ആനയുടെ ആക്രമണത്തിൽ പന്തടിക്കളം സ്വദേശി പുത്തൻപുരയ്ക്കൽ വിജയൻ കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള ജനരോഷവും പ്രതിഷേധങ്ങളും ഉയർന്നുവന്നിരുന്നു.
തുടർന്ന് വനം, റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരും തദ്ദേശവാസികളും പഞ്ചായത്ത് അധികൃതരും തമ്മിൽ നടത്തിയ ചർച്ചയിലാണ് മേഖലയിലെ അനധികൃത വേലികളും സോളാർ ഫെൻസിംഗുകളും നീക്കാൻ തീരുമാനമായത്. ഇതിന്റെ അടിസ്ഥാനത്തിൽ റവന്യൂ ഭൂമി കൈയേറി ആർ.എസ് എസ്റ്റേറ്റിന് ചുറ്റും സ്ഥാപിച്ചിരുന്ന സോളാർ വേലി ഉൾപ്പെടെയുള്ളവ ഉദ്യോഗസ്ഥർ പൊളിച്ചുനീക്കി. അതേസമയം, നാട്ടുകാരുടെ പട്ടയ ഭൂമിയിലെ വേലികൾക്കൊന്നും തന്നെ മാറ്റം വരുത്തിയിട്ടില്ല. വേലികൾ നീക്കിയതോടെ ചക്കക്കൊമ്പൻ സുരക്ഷിതമായി പുറത്തുകടക്കുകയും പഴയ സഞ്ചാരപഥത്തിലൂടെ മതികെട്ടാനിലേക്ക് പോവുകയും ചെയ്തു. ആനത്താര പുനഃസ്ഥാപിക്കാൻ സാധിച്ചതും പ്രദേശത്തെ വന്യജീവി സംഘർഷത്തിന് പരിഹാരം കാണാൻ കഴിഞ്ഞതും പ്രധാന നേട്ടമായാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.
ആശങ്കകൾ പരിഹരിക്കും
പ്രദേശവാസികൾക്ക് ആശങ്കയുള്ളതിനാൽ വേലികളുടെ സ്ഥാനവും ഭൂമിയുടെ ഉടമസ്ഥാവകാശവും കൃത്യമായി പരിശോധിച്ച ശേഷം മാത്രമായിരിക്കും നീക്കം ചെയ്യുക. പട്ടയഭൂമിയിലെ നിയമാനുസൃത വേലികൾ നീക്കം ചെയ്യില്ലെന്നും വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
നിരീക്ഷണം ശക്തമാക്കും
ആനകളുടെ സ്ഥിരം സഞ്ചാരപാതകൾ, ജലസ്രോതസുകൾ, കൃഷിയിടങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പ്രാദേശിക നിവാസികളുടെ സഹകരണത്തോടെ വനംവകുപ്പ് തത്സമയ നിരീക്ഷണം ശക്തമാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |