തൊടുപുഴ: പരിസ്ഥിതിലോല മേഖല നിർണയത്തിന്റെയും വന്യജീവി ആക്രമണത്തിന്റെയും പേരിൽ ഒരിടവേളയ്ക്ക് ശേഷം മലയോരമേഖല വീണ്ടും കലുഷിതമാകുന്നു. വിഷയത്തിൽ സംസ്ഥാനസർക്കാർ നിലപാടിനെതിരെ സി.പി.എം ജില്ലാകമ്മിറ്റി 16ന് ജില്ലാഹർത്താൽ പ്രഖ്യാപനം നടത്തിയിരിക്കുന്നത് വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തിപ്പെടുമെന്നതിന്റെ സൂചനയാണ്. മലയോരജനതയുടെ ആശങ്ക മുതലെടുത്ത് വിഷയത്തിൽ സമരം ശക്തമാക്കാനാണ് പാർട്ടി തീരുമാനം. ഇ.എസ്.എയിൽ കേന്ദ്രത്തിന് നൽകിയ നിർദ്ദേശങ്ങളുടെ കഡസ്ട്രൽ മാപ്പ് പുറത്തിറക്കുക, സി.എച്ച്.ആർ പ്രദേശം വനമാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകൾ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക, തോട്ടം മേഖലയിലെ സഞ്ചാര സ്വാതന്ത്ര്യവും ജോലിയും തടസപ്പെടുത്തുന്ന ഉത്തരവ് പിൻവലിക്കുക, വന്യജീവി ആക്രമണം തടയുന്നതിനും കൃഷി സംരക്ഷിക്കുന്നതിനും കർഷകർ നിർമ്മിച്ചിട്ടുള്ള ഫെൻസിംഗുകളും മതിലുകളും പൊളിക്കുന്നതിനുള്ള ഉത്തരവ് പിൻവലിക്കുക, കർഷകരെ ദ്രോഹിക്കുന്നതിനവേണ്ടി യു.ഡി.എഫ് സർക്കാർ കളക്ടറെ ചട്ടുകമാക്കി ഇറക്കുന്ന ഉത്തരവുകൾ പിൻവലിക്കുക, 2014 മേയ് 15ന് ഉമ്മൻ ചാണ്ടി സർക്കാർ ഒപ്പു വെച്ചതും 2016 ൽ എൽ.ഡി.എഫ് സർക്കാർ ഉപേക്ഷിച്ചതുമായ എച്ച്.ആർ.എംഎൽ പദ്ധതി തിരികെ കൊണ്ടുവരുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി വെള്ളി രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. 15 ന് ജില്ലയിലെ എല്ലാ ലോക്കൽ കേന്ദ്രങ്ങളിലും പന്തം കൊളുത്തി പ്രകടനം നടത്തും. ഉത്തരവുകളുടെ പേരിൽ കർഷകർ കൃഷി ഭൂമി സംരക്ഷിക്കുന്നതിനായി നിർമ്മിച്ചിരിക്കുന്ന വേലികളും മതിലുകളും പൊളിക്കുന്നതിന് നീക്കം നടത്തിയാൽ ജനങ്ങളെ അണിനിരത്തി തടയുമെന്ന് ജില്ലാ സെക്രട്ടറി സി.വി വർഗീസ് അറിയിച്ചു. വാർത്താസമ്മേളനത്തിൽ നേതാക്കളായ റോമിയോ സെബാസ്റ്റ്യൻ, മുഹമ്മദ് ഫൈസൽ, വി.വി. മത്തായി, ടി.ആർ. സോമൻ, ലിനു ജോസ്, സബീന ബിഞ്ചു എന്നിവർ പങ്കെടുത്തു.
മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും വിമർശനം
ഹരിത എം.എൽ.എ എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ കേരള ആസൂത്രണ ബോർഡിലേക്ക് കപട പരിസ്ഥിതി സംഘടനകളുടെ വക്താക്കളെ നിയമിച്ചത് യാദൃശ്ചികമല്ല. കൃഷിക്കാരെ രക്ഷിക്കാൻ ജില്ലയിൽ കോൺക്ലേവ് നടത്തിയ പരിസ്ഥിതി സംഘടനയുടെ നേതാവിന്റെ സഹോദരനെ വനംമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫായി നിയമിച്ചിരിക്കുന്നതും ബോധപൂർവ്വമായ നീക്കമാണ്. ഇവരും വനംവകുപ്പ് ഉദ്യോഗസ്ഥന്മാരും ചേർന്നുള്ള ഗൂഢനീക്കങ്ങളെ പിന്തുണയ്ക്കുകയാണ് യു.ഡി.എഫ് സർക്കാരും ജില്ലയിലെ യു.ഡി.എഫ് എം.എൽ.എമാരും. കപട പരിസ്ഥിതി സംഘടനകളുടെ വക്താക്കളായ വരുൺ സന്തോഷിനെയും ശ്രീധർ രാധാകൃഷ്ണനെയും നിയമിച്ചത് യാദൃശ്ചികമല്ല. മാധവ് ഗാഡ്ഗിൽ, കസ്തൂരിരംഗൻ കമ്മിഷനുകളെ വച്ചപ്പോൾ കേന്ദ്ര മന്ത്രിയായിരുന്ന ജയറാം രമേശിന്റെ സീനിയർ പ്രൈവറ്റ് സെക്രട്ടറിയായി 2024 ജനുവരി ഒമ്പത് വരെ പ്രവർത്തിച്ചയാളായിരുന്നു വരുൺ സന്തോഷെന്നും സി.പി.എം ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |