തൊടുപുഴ: നല്ല വില ലഭിക്കുമ്പോഴും ഉത്പ്പാദനംകുറയുന്നത് ജില്ലയിലെ കുരുമുളക് കർഷകർക്ക് വൻ തിരിച്ചടിയാകുന്നു. കൃഷികൂടുതലുള്ള ഹൈറേഞ്ചിലും ലോ റേഞ്ചിലുമെല്ലാം പ്രതിസന്ധി രൂക്ഷമാണ്. കാലാവസ്ഥാവ്യതിയാനത്തെ തുടർന്ന് വിളവുകുറഞ്ഞതോടെ വരും വർഷങ്ങളിലും ഇത് ആവർത്തിക്കുമെന്ന ആശങ്കയിലാണ് കർഷകർ. നിലവിൽ 70000ത്തിന് മുകളിലാണ് ഒരുകിന്റ്വൽ കുരുമുളക് വില. കിലോവിലയാകട്ടെ 730ന് അടുത്താണ്. പിന്മാറാതെ കൃഷിയിൽ തുടരുമ്പോഴും പല വർഷങ്ങളിലും വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നത് പരമ്പരാഗത കർഷകർക്ക് വലിയ പ്രതിസന്ധിയാണ്. 2014ന് ശേഷം ഏറ്റവും ഉയർന്നവില കർഷകർക്ക് ലഭിക്കുന്നത് ഈ വർഷമാണ്. ആഭ്യന്തര - വിദേശ വിപണികളിലെ ആവശ്യകത വർധിച്ചതാണ് വില ഉയരാൻ കാരണം. സംസ്ഥാനത്ത് ഏറ്റവും അധികം കുരുമുളക് ഉത്പ്പാദനം നടക്കുന്ന ജില്ലയാണ് ഇടുക്കി.
വില്ലനാകുന്നത് കാലാവസ്ഥവ്യതിയാനം
കൃഷി വിസ്തൃതിയിൽ കുറവില്ലെങ്കിലും ചെടികൾ തിരിയിടുന്ന സമയത്തുണ്ടായ വരൾച്ചയും പിന്നാലെയുണ്ടായ കാലം തെറ്റിയ മഴയുമാണ് ഉത്പ്പാദനക്കുറവിന് കാരണമായത്. തോട്ടങ്ങളിലെ ദ്രുതവാട്ടം,മഞ്ഞളിപ്പ്,പൊള്ളുരോഗം പോലുള്ള ഫംഗസ് ബാധകളും കർഷകർക്ക് വെല്ലുവിളിയാണ്. ഇതിനുപുറമേ ഉയർന്ന ഉത്പ്പാദനച്ചെലവും വളം - കീടനാശിനി എന്നിവയുടെ വിലവർധനവും തൊഴിലാളികളുടെ ഉയർന്നകൂലിയുമെല്ലാം പ്രതിസന്ധിയാണ്. ഗുണമേന്മയുള്ള കുരുമുളക് കിട്ടാനില്ലാതായതോടെയാണ് നിലവിൽ വില വർധിച്ചിരിക്കുന്നത്. രണ്ടുമാസംകൂടി കഴിഞ്ഞാൽ സീസൺ ആരംഭിക്കും. ഇതോടെ വില ഇതിലും ഇടിയാൻ സാധ്യതയുണ്ടെന്ന ആശങ്കയും കർഷകർക്കുണ്ട്. സീസൺ അല്ലാത്തതിനാൽ മുൻകൂറായി കുരുമുളക് ശേഖരിക്കാൻ ആകാത്തതിനാൽ ഇപ്പോഴത്തെ വില കർഷകർക്ക് ഗുണകരമല്ലാത്ത അവസ്ഥയാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി ചൂട് ഉയർന്നതിനെ തുടർന്ന് ഇലകൾ വാടുന്നതും മഴയത്ത് തളിർക്കുന്നതുമൊക്കെ ഭാവിയിലെ വലിയ പ്രതിസന്ധിയുടെ സൂചനയായാണ് കർഷകരുടെ വിലയിരുത്തൽ.മേഖലയുടെ വളർച്ചയ്ക്കായി സർക്കാർ ആവിഷ്ക്കരിക്കുന്ന പദ്ധതികൾ കാലാവസ്ഥാവ്യതിയാനംമൂലം വേണ്ടവിധം പ്രയോജനപ്പെടുന്നില്ലെന്ന വിലയിരുത്തലും കർഷകർക്കുണ്ട്.
ഒരുകിന്റ്വൽ കുരുമുളക് വില.70000ത്തിന് മുകളിൽ
പന്ത്രണ്ട് വർഷത്തിന് ശേഷം ഉയർന്ന വില
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |