മുട്ടം: മുട്ടം ഗ്രാമപഞ്ചായത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ടർഫ് ഗ്രൗണ്ട് നിർമ്മാണത്തിന് വഴിതുറക്കുന്നു. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിൽ (എം.വി.ഐ.പി) നിന്ന് പഞ്ചായത്തിന് വിട്ടുനൽകിയ സ്ഥലത്ത് ടർഫ് നിർമ്മിക്കുന്നതിനായി കായിക വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തി. പഞ്ചായത്തിൽ ഫണ്ടിന്റെ അപര്യാപ്തത നിലനിൽക്കുന്ന സാഹചര്യത്തിൽ കായിക വകുപ്പിന് നൽകിയ അപേക്ഷയെ തുടർന്നാണ് നടപടി. എം.വി.ഐ.പിയിൽ നിന്ന് വിട്ടുകിട്ടിയ 70 സെന്റോളം വരുന്ന സ്ഥലത്താണ് ടർഫ് നിർമ്മിക്കാൻ ലക്ഷ്യമിടുന്നത്. സ്ഥലം മണ്ണിട്ട് ഉയർത്തി നിരപ്പാക്കൽ, ഗ്രൗണ്ടിന്റെ ഇരുവശങ്ങളിലൂടെയും ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനം ഒരുക്കൽ, മൺ ടർഫ് നിർമ്മാണം, കളിക്കാർക്കായി ഡ്രസിങ് റൂം, ശുചിമുറി തുടങ്ങിയ അനുബന്ധ സൗകര്യങ്ങൾ ഒരുക്കൽ എന്നിവ ഉൾപ്പെടുത്തി വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകാൻ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥർ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. പദ്ധതിക്കാവശ്യമായ തുക കണ്ടെത്തുന്നതിനായി സംയുക്ത ഫണ്ടിംഗ് രീതിയാണ് ആലോചിക്കുന്നത്. ടർഫ് നിർമ്മാണത്തിന് പ്രതീക്ഷിക്കുന്ന ആകെ തുകയുടെ പകുതി ത്രിതല പഞ്ചായത്തുകൾ, പ്രാദേശിക എം.എൽ.എ, എം.പി എന്നിവരുടെ ആസ്തി വികസന ഫണ്ടുകളിൽ നിന്നായി പഞ്ചായത്ത് സ്വരൂപിക്കണം. ബാക്കി 50 ശതമാനം തുക കായിക വകുപ്പിൽ നിന്നും പ്രത്യേക ഫണ്ടായി ലഭ്യമാക്കാൻ ഇടപെടാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിട്ടുണ്ട്. എസ്റ്റിമേറ്റ് തയ്യാറാക്കി വേഗത്തിൽ സമർപ്പിക്കുന്നതോടെ കായിക വകുപ്പിന്റെ തുടർനടപടികൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുട്ടത്തെ കായികപ്രേമികൾക്കും യുവജനങ്ങൾക്കും ഏറെ പ്രയോജനകരമാകുന്ന പദ്ധതിയാണിത്. കായിക വകുപ്പ് സ്ഥലത്തെത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് ടെസി സതീഷ്, മെമ്പർമാരായ അലീന മനോജ്, റെജി ഗോപി ജോബിസ് ജോസ്, വിഷ്ണു സജി, ശ്രീജ ശ്രീജി, മുൻ വാർഡ് മെമ്പർ അരുൺ പൂച്ചക്കുഴി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |