SignIn
Kerala Kaumudi Online
Sunday, 01 November 2026 2.11 AM IST

''രണ്ടെണ്ണം വീശി'' സ്കൂൾ ബസ് ഓടിച്ചാൽ കുടുങ്ങും; കൈയോടെ പിടിക്കാൻ പൊലീസും മോട്ടോർ വാഹനവകുപ്പും റെഡി

police

തൊടുപുഴ: നിയമലംഘനം നടത്തുന്ന സ്കൂൾ ബസ് ജീവനക്കാർക്ക് പൂട്ടിടാൻ പരിശോധന കർശനമാക്കി പൊലീസും മോട്ടോർവാഹനവകുപ്പും. ജില്ലയിൽ വെള്ളിയാഴ്ച നടന്ന പ്രത്യേക വാഹനപരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ പൊലീസ് പിടിയിലായി. സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് ഡ്രൈവർ കുടുങ്ങിയത്. കരിമണ്ണൂരിലെ സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മോട്ടോർ വാഹനവകുപ്പിന് റിപ്പോർട്ട് നൽകിയിരിക്കുകയാണ്. സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വാഹനപരിശോധന തുടരുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

എല്ലാത്തരം നിയമലംഘനങ്ങൾക്കെതിരെയും നടപടി

മദ്യപിക്കുന്നവർക്കെതിരെ മാത്രമല്ല സ്കൂൾ ബസ് ജീവനക്കാർ പാലിക്കേണ്ട പൊതുനിയമങ്ങൾ കാറ്റിൽപ്പറത്തുന്നവർക്കെതിരെയും കർശന നടപടി ഉറപ്പാണ്. കഴിഞ്ഞ ദിവസം കട്ടപ്പനയിൽ മൊബൈൽ ഫോൺ വിളിച്ചുകൊണ്ട് വാഹനമോടിച്ച ഡ്രൈവറുടെ ലൈസൻസ് ഇടുക്കി എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ സസ്പെൻ‌‌ഡ് ചെയ്തിരുന്നു. സ്വരാജിലെ സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർക്കെതിരെയായിരുന്നു നടപടി. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ മാദ്ധ്യമവാർത്തയായതോടെയായിരുന്നു നടപടി. നിയമലംഘനത്തിന് പിഴ ഈടാക്കിയ ഡ്രൈവറുടെ ലൈസൻസ് രണ്ടു മാസത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഡ്രൈവിംഗ് പെരുമാറ്റത്തിൽ ആവശ്യമായ മാറ്റം വരുത്തുന്നതിനായി കറക്ടീവ് ക്ലാസിൽ പങ്കെടുക്കാനും ഡ്രൈവർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. ബസിലെ സുരക്ഷ ഉറപ്പിക്കുന്നതിനും നിയമലംഘനങ്ങൾ ആവർത്തിക്കുന്നത് തടയിടാനുമായി സ്ഥാപനത്തിലെ മുഴുവൻ ഡ്രൈവർമാർക്കും മറ്റ് ജീവനക്കാർക്കും ട്രാഫിക് ബോധവത്കരണ ക്ലാസ് നൽകാനും മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

അമിതവേഗമെന്ന് വ്യാപക പരാതി

ഗ്രാമീണ മേഖലകളിൽ പലയിടത്തും കുട്ടികളുമായി സ്കൂൾ ബസുകൾ അമിതവേഗതയിൽ പോകുന്നതായി പരാതി ഉയർന്നിട്ടുണ്ട്. മലയോരമേഖലകളിലെ വളവും തിരിവും നിറഞ്ഞ ഇടുങ്ങിയ റോഡിലൂടെയാണ് ഇത്തരം അപകടകരമായ യാത്രകൾ. രാവിലെയും വൈകിട്ടുള്ള യാത്രയ്ക്കിടയിൽ ഉൾപ്രദേശങ്ങളിൽ പരിശോധന കർശനമല്ലാത്തത് മുതലെടുത്താണ് പലരുടെയും ചീറിപ്പായൽ. പലപ്പോഴും ഇരുചക്രവാഹനങ്ങൾക്കാണ് അമിതവേഗതയിലെത്തുന്ന സ്കൂൾ ബസുകൾ ഭീഷണിയാകുന്നത്.

''മദ്യപിച്ചും അലക്ഷ്യമായും വാഹനമോടിച്ച് നിയമലംഘനം നടത്തിയാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കും. ഇതിന് പുറമെ ആയമാരില്ലാതെയും യൂണിഫോം ധരിക്കാതെയുള്ള ജീവനക്കാരുടെ യാത്രയും നിയമലംഘനമാണ്. ഇതിനായുള്ള പ്രത്യേക പരിശോധന പുരോഗമിക്കുകയാണ്.

-എസ്.എസ് പ്രദീപ് ( ഇടുക്കി എൻഫോഴ്സ്മെന്റ് ആർ.ടി.ഒ)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IDUKKI, LATESTNEWS, MVD, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY