SignIn
Kerala Kaumudi Online
Friday, 22 May 2026 3.41 AM IST

സുരക്ഷാ ജീവനക്കാരനെ മുറിയിൽ പൂട്ടിയിട്ട് ക്ഷേത്രത്തിൽ മോഷണം; മുറി തുറന്ന് മോഷ്ടാവിനെ പിടികൂടിയെങ്കിലും കുതറിയോടി

temple
സെക്യൂരിറ്റി ജീവനക്കാരന്‍ മോഷ്ടാവുമായി ഏറ്റുമുട്ടുന്നു.

സംഭവം ചാലാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ

കണ്ണൂർ: സുരക്ഷാ ജീവനക്കാരനെ മുറിക്കകത്ത് പൂട്ടിയിട്ട് ക്ഷേത്രത്തിൽ മോഷണം. ചാലാട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലാണ് വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. നിരന്തരം ശ്രമിച്ച് വാതിൽ തുറന്ന് പുറത്തെത്തിയ സുരക്ഷാ ജീവനക്കാരൻ മോഷ്ടാവിനെ പിടികൂടിയെങ്കിലും കുതറിമാറി ഓടി രക്ഷപ്പെട്ടു. ക്ഷേത്രത്തിൽ നിന്ന് ഏകദേശം 20,000 രൂപ നഷ്ടപ്പെട്ടതായി കാണിച്ച് ക്ഷേത്രം മാനേജർ സി.എം. ശ്രീജിത്ത് ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. ഗേറ്റിനരികിലെ മുറിയിൽ ഉറക്കത്തിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ പെരുമ്പടവ് സ്വദേശി വൈഷ്ണവിനെ വാതിൽ പുറത്ത് നിന്ന് കുറ്റിയിട്ട് അടച്ചിടുകയായിരുന്നു. തുടർന്ന് പിക്കാസ് ഉപയോഗിച്ച് വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർത്ത് മേശ വലിപ്പ് കുത്തിത്തുറന്ന് വഴിപാട് പണമടക്കം മോഷ്ടിച്ചു. ചുറ്റമ്പലത്തിലെ പ്രധാന ഭണ്ഡാരത്തിന്റെ പൂട്ട് തകർത്തെങ്കിലും പണം കിട്ടിയില്ല. ക്ഷേത്ര നടയ്ക്ക് സമീപത്തെ ഭണ്ഡാരം തകർത്ത് പണം കൈക്കലാക്കിയ ശേഷം ക്ഷേത്രത്തിന്റെ പിറകു ഭാഗത്തെ ഭണ്ഡാരവും തുറക്കാൻ ശ്രമിക്കുകയായിരുന്നു.
രണ്ടു മണിക്ക് ശേഷം പുറത്ത് ആവർത്തിച്ചുള്ള ശബ്ദം കേട്ട വൈഷ്ണവ് വാതിൽ തള്ളി തുറക്കാൻ ശ്രമിച്ചപ്പോഴാണ് പുറത്ത് നിന്ന് പൂട്ടിയ വിവരം മനസ്സിലായത്. നിരന്തര ശ്രമത്തിനൊടുവിൽ വാതിൽ തുറന്ന് ക്ഷേത്രത്തിന് പിറകുഭാഗത്ത് എത്തിയ അദ്ദേഹം ഭണ്ഡാരം കുത്തിത്തുറക്കുന്ന മോഷ്ടാവിനെ കണ്ടു. ആയുധവുമായി നിൽക്കുന്ന മോഷ്ടാവിനെ സാഹസികമായാണ് വൈഷ്ണവ് പിന്നിൽ നിന്ന് മുറുകെ പിടിച്ചത്. മിനുട്ടുകളോളം മോഷ്ടാവുമായി മല്ലടിച്ച വൈഷ്ണവ് ഇയാളെ ക്ഷേത്രത്തിന് മുൻഭാഗത്തേക്ക് നയിക്കാൻ ശ്രമിച്ചു. എന്നാൽ,​ കുതറിമാറി പിൻഭാഗത്തെ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു.

'എന്നെ വിട്ടേക്ക്, ഞാൻ പോയിക്കൊള്ളാം' എന്ന് കെഞ്ചിയ മോഷ്ടാവ് വൈഷ്ണവിന്റെ ശ്രദ്ധമാറ്റിയാണ് കുതറി മാറിയത്. തൊട്ടടുത്ത വീട്ടിൽ നിന്ന് വസ്ത്രം മാറിയ ശേഷമാണ് പ്രതി കടന്നുകളഞ്ഞത്. പ്രതിയെ പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കി.

പൊലീസ്

ഉപേക്ഷിക്കപ്പെട്ട നിലയിൽ ടോർച്ചുകൾ കണ്ടെത്തി

ക്ഷേത്രത്തിനകത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് ടോർച്ചുകൾ കണ്ടെടുത്തു. ഏകദേശം ഒരു മണിക്കൂറോളം മോഷ്ടാവ് ക്ഷേത്ര പരിസരത്ത് ചുറ്റിനടന്നതായി സി.സി ടി.വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഫോറൻസിക് സംഘം സ്ഥലത്ത് തെളിവെടുപ്പ് നടത്തി. എ.എസ്.പി അഭിഷേക് ഷിറ, ടൗൺ എസ്.ഐ ജിഷ്ണു എന്നിവർ ഉൾപ്പെടെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ധൈര്യം കാട്ടിയ സെക്യൂരിറ്റി ജീവനക്കാരനെ അഭിനന്ദിക്കുകയും ചെയ്തു. യതായി പൊലീസ് അറിയിച്ചു.

ഏകദേശം 20,000 രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രം അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL