SignIn
Kerala Kaumudi Online
Sunday, 21 June 2026 5.43 AM IST

കലങ്ങളെത്തി;കൊട്ടിയൂരിൽ ഇനി ഗൂഢപൂജാകാലം സ്ത്രീകളുടെ ദർശനകാലം കഴിഞ്ഞു; ആനകളും വിടവാങ്ങി

perumal

കൊട്ടിയൂർ : ദേവീദേവന്മാരുടെ തിടമ്പേറ്റി ദേവസ്ഥാനത്തെ വലംവെച്ചിരുന്ന ആനകളും ശീവേലിക്ക് മാറ്റുകൂട്ടിയിരുന്ന വിശേഷ വാദ്യങ്ങളും അക്കരെ സന്നിധിയിൽ നിന്ന് വിടവാങ്ങി. മകം നാളിലെ ഉച്ചശീവേലി പൂർത്തിയാകുന്നതിന് മുമ്പേ സ്ത്രീകളും അക്കരെ സന്നിധിയിൽ നിന്ന് പിൻവാങ്ങി. ഇതോടെ ഈ വർഷം അക്കരെ കൊട്ടിയൂരിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം അവസാനിച്ചു.

ഉച്ച ശീവേലിക്ക് ശേഷം തിരുവഞ്ചിറയിൽ വലം വച്ച ആനകൾ പെരുമാളെ വണങ്ങി. അവകാശികളും, സ്ഥാനികരും, ആചാര്യന്മാരും അടിയന്തരയോഗക്കാരും ആനകൾക്ക് പ്രസാദമായി നേദ്യച്ചോറ് ഉരുളകളാക്കിയതും ശർക്കരയും പഴങ്ങളും നൽകിയാണ് ആനകളെ തിരികെ അയച്ചത്. പടിഞ്ഞാറെ നടയിൽ നമസ്കരിച്ച ശേഷം ആനകൾ പിറകോട്ട് നടന്ന് അക്കരെ ക്ഷേത്ര സന്നിധിയിൽ നിന്ന് വിടവാങ്ങി.

സന്ധ്യയ്ക്ക് നല്ലൂരാനും സംഘവും ഗണപതിപ്പുറത്ത് എത്തി. രാത്രിയായപ്പോൾ സന്നിധാനം വരെയുളള പ്രദേശങ്ങളിലെ വിളക്കുകൾ അണച്ചു. കൂടാതെ മണിത്തറയിലെയും മറ്റിടങ്ങളിലെയും കെടാവിളക്കുകൾ ഒഴികെ ബാക്കി എല്ലാവിളക്കുകളും അണച്ച് കലം വരവിനായി കാത്തിരുന്നു. അക്കരെ സന്നിധാനത്തിൽ ഉള്ളവർ എല്ലാം കൈയാലകൾക്കുള്ളിൽ കയറി കതകുകളടച്ച് നിശ്ശബ്ദരായിരുന്നു.

നല്ലൂരാനും സംഘവും കലങ്ങൾ സമർപ്പിച്ച് തന്ത്രിയുമായി മുഖാമുഖം ദർശിക്കാതെ പ്രസാദവും വാങ്ങി മണിത്തറയിൽ നിന്ന് മടങ്ങി. ഇവർ കൊണ്ടുവന്ന കലങ്ങൾ തിരുനടയിൽ സമർപ്പിച്ചതോടെ താന്ത്രിക വിധിപ്രകാരമുള്ള നിഗൂഢപൂജാദിനങ്ങൾ ആരംഭിച്ചു. കലംപൂജകൾക്ക് ഇന്നലെ രാത്രി തുടക്കമായി.

കലം പൂജകൾ ഇന്നും നാളെയും തുടരും. 23 ന് ചൊവ്വാഴ്ച അവസാനത്തെ വലിയ വട്ടളം പായസം അത്തം ചതുശ്ശതം പെരുമാൾക്ക് നിവേദിക്കും. വാളാട്ടവും കുടിപതികളുടെ തേങ്ങയേറും നടത്തും. അന്ന് രാത്രി കലശപൂജ ആരംഭിക്കും. 24 ന് തൃക്കലശാട്ടോടെ വൈശാഖ മഹോത്സവം സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL