തലശ്ശേരി: ഗോപാലപ്പേട്ടയിൽ നാട്ടുകാരുടെ സ്വൈര്യം കെടുത്തി ഉപയോഗശൂന്യമായി കിടക്കുന്ന ഉണക്കമീൻ സംസ്‌കരണകേന്ദ്രങ്ങൾ. മേൽക്കൂര നശിച്ച കെട്ടിടം ജീർണാവസ്ഥയിലാണുള്ളത്.
വർഷങ്ങളായി ഉപയോഗശൂന്യമായ സംഭരണകേന്ദ്രങ്ങളിൽ കൊതുകുകളും മറ്റും നിറഞ്ഞ് ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്ത് കൊതുകുശല്യം രൂക്ഷമാണ്. മഴ കനത്തതോടെ സംസ്‌കരണ കേന്ദ്രങ്ങളിലെ ടാങ്കുകളിൽ വെള്ളം കെട്ടിനിൽക്കുന്നതാണ് കൊതുകു പെരുകാൻ കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു.
മീൻ സംസ്‌കരിക്കുന്നതിനായി മൂന്ന് ടാങ്കുകൾ വരെ കെട്ടിടത്തിൽ പണിതിരുന്നു. ഇതിൽ വെള്ളം നിറയുന്നതാണ് കൊതുകുകൾ പെരുകാൻ കാരണമായി നാട്ടുകാർ പറയുന്നത്. പ്രദേശത്ത് പകർച്ച വ്യാധികൾ വർദ്ധിക്കുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. ഡെങ്കിപ്പനിയുൾപ്പെടെ വ്യാപകമായി കൊണ്ടിരിക്കുമ്പോൾ ഇത്തരത്തിലൊരു കൊതുകുവളർത്തു കേന്ദ്രത്തിനെതിരെ നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. നിരവധി കുടുംബങ്ങൾ ഇതിന്റെ സമീപത്തായി താമസിക്കുന്നുണ്ട്. പല കെട്ടിടങ്ങളും കാട് മൂടിയ നിലയിലാണ്. അതിനാൽത്തന്നെ ഇഴജന്തുക്കളുടെ ശല്യവും പ്രദേശത്തുണ്ട്.
'പണി നല്കാൻ" സാമൂഹ്യവിരുദ്ധരും
സാമൂഹ്യവിരുദ്ധരും ഇവിടം താവളമാക്കുന്നതായി ആരോപണമുണ്ട്. ഉണക്കമീൻ സംസ്കരണ കേന്ദ്രത്തിന്റെ കെട്ടിടങ്ങളിൽ മദ്യക്കുപ്പികളും മറ്റും നിറഞ്ഞിട്ടുണ്ട്. ഈ കെട്ടിടങ്ങൾ പലതും സ്വകാര്യവ്യക്തികളുടെതും ചിലത് പാട്ടത്തിന് നൽകിയതുമാണ്. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ വാർഡ് കൗൺസിലർ ഇക്കാര്യം ഉന്നയിച്ചിരുന്നു.
പന്ത് നഗരസഭയുടെ കൈയിൽ
വർഷങ്ങളായി കെട്ടിട ഉടമകൾ ആരുംതന്നെ ഇവിടെയെത്താറില്ല. ഉടമസ്ഥരുള്ളതിനാൽ സംസ്കരണ കേന്ദ്രം പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ഫിഷറീസ് വകുപ്പിന് കഴിയില്ല. നഗരസഭയ്ക്കു മാത്രമേ ഇവിടെ എന്തെങ്കിലും ചെയ്യാൻ സാധിക്കുകയുള്ളൂവെന്നാണ് ഫിഷറീസ് അധികൃതരുടെ വാദം.
കൊതുകുകൾ പെരുകുന്നത് പ്രദേശത്ത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ ഇഴജന്തുക്കളും പെരുകുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണം.
ദാമോദരൻ, തലശ്ശേരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |