SignIn
Kerala Kaumudi Online
Monday, 06 July 2026 6.36 AM IST

തറക്കല്ലിട്ടിട്ട് ഒരു വർഷം: താഴെ പാൽച്ചുരത്ത് അങ്കണവാടിയില്ലാതെ ഉന്നതിനിവാസികൾ

anganvadi
താഴെ പാൽച്ചുരത്ത് അങ്കണവാടിയുടെ പുതിയ കെട്ടിട നിർമ്മാണത്തിനായി ഒരു വർഷം മുമ്പ് പില്ലറിനായി കുഴികൾ എടുത്ത നിലയിൽ

കൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്തിലെ താഴെ പാൽച്ചുരം 15 -ാം നമ്പർ അങ്കണവാടിക്ക് കെട്ടിടമില്ലാത്തതിനാൽ പാൽച്ചുരം ഉന്നതിയിലെ കുരുന്നുകളുടെ പഠനവും പോഷകാഹാരവും വഴിമുട്ടിയ നിലയിൽ. ഉന്നതിയിലെ കുട്ടികളുടെ ഉന്നമനത്തിനായി 40 വർഷം മുമ്പ് നിർമ്മിച്ച ട്രൈബൽ അങ്കണവാടിയുടെ കെട്ടിടം കാലപ്പഴക്കം മൂലം പ്രവർത്തിക്കാൻ കഴിയാതായതോടെ രണ്ടു വർഷം മുമ്പ് പൊളിച്ചു നീക്കി താത്കാലികമായി അങ്കണവാടിയുടെ പ്രവർത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. തുടർന്ന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി സന്തോഷ് കുമാർ എം.പിയുടെ ഫണ്ടിൽ നിന്നും 29 ലക്ഷം രൂപ അനുവദിക്കുകയും ടെണ്ടർ നടപടികൾ പൂർത്തിയാക്കി ഒരു വർഷം മുമ്പ് പുതിയ കെട്ടിടത്തിന് തറക്കല്ലിടുകയും ചെയ്തു.

തറക്കല്ലിട്ട് വർഷം ഒന്നു കഴിഞ്ഞിട്ടും കെട്ടിടത്തിന്റെ പില്ലർ കുഴികൾ നിർമ്മിച്ചതിനപ്പുറം ഒരു പണിയും നടക്കാതെ നിർമ്മാണം വഴിമുട്ടിയ നിലയിലായി.

മൂന്ന് ഉന്നതികളിലെ കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ പ്രാഥമിക വിദ്യാഭ്യാസവും പോഷകാഹാര ലഭ്യതയും ഇല്ലാതാക്കിയ അധികൃതരുടെ നടപടികൾക്കെതിരെ രക്ഷിതാക്കൾ ശക്തമായ പ്രതിഷേധത്തിലാണ്. മഴക്കാലത്ത് ദൂരെ കുന്നിൻ മുകളിലുള്ള രണ്ടാം നിലയിലേക്ക് കുട്ടികളെ എത്തിക്കാൻ വിഷമമാണെന്നും പുതിയ കെട്ടിടം പണിയുന്നതുവരെ താഴെ പാൽച്ചരത്ത് തന്നെ അങ്കണവാടിക്ക് പ്രവർത്തിക്കാൻ താത്കാലിക സംവിധാനം ഒരുക്കണമെന്നും കൊട്ടിയൂർ പഞ്ചായത്തും ശിശുവികസന വകുപ്പും അടിയന്തരമായി ഇടപെട്ട് യുദ്ധകാല അടിസ്ഥാനത്തിൽ അങ്കണവാടി കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

താത്കാലിക കെട്ടിടം കുന്നിൻ മുകളിൽ

താത്കാലികമായി പ്രവർത്തിച്ചു കൊണ്ടിരുന്ന അങ്കണവാടി കെട്ടിടത്തിന് നിലവിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ രണ്ടാഴ്ച മുമ്പ് രണ്ടു കിലോമീറ്റർ മുകളിലുള്ള മേലെ പാൽച്ചുരം വയോജന വിശ്രമ കേന്ദ്രത്തിന്റെ രണ്ടാം നിലയിലേക്ക് അങ്കണവാടിയുടെ പ്രവർത്തനം മാറ്റി. ഇത്രയും ദൂരം കുത്തനെയുള്ളകയറ്റം കയറി കുട്ടികളെയും കൊണ്ട് എത്തിച്ചേരാൻ കഴിയാതെ മാതാപിതാക്കളും കുട്ടികളും ദുരിതത്തിലായി. ഓട്ടോ റിക്ഷയ്ക്ക് പോകണമെങ്കിൽ 150 രൂപയാകുമെന്നതും പ്രതിസന്ധിയിലാക്കി. ഇതോടെ ഭൂരിഭാഗം കുട്ടികളുടെയും വിദ്യാഭ്യാസം മുടങ്ങിയ നിലയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, ANGANVADI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL