SignIn
Kerala Kaumudi Online
Tuesday, 28 July 2026 2.48 AM IST

തലയോട്ടി തകർന്ന തൊഴിലാളിയെ ക്യാമ്പിൽ തള്ളി;  ദേശീയപാതാ നിർമ്മാണ തൊഴിലാളിക്ക് ദുരിത ജീവിതം 

thozhilali-
റോഷന്‍ തൊഴിലാളികളുടെ ക്യാമ്പില്‍

കണ്ണൂർ (പയ്യന്നൂർ): ദേശീയപാതാ നിർമ്മാണത്തിനിടെ തലയോട്ടി തകർന്ന ഒരു അതിഥി തൊഴിലാളി, ചികിത്സ പൂർത്തിയാകും മുൻപേ ഡിസ്ചാർജ് ചെയ്യപ്പെട്ട് ഒരു ക്യാമ്പ് മുറിയിൽ നരകയാതന അനുഭവിക്കുന്നു. പയ്യന്നൂർ മാത്തിലിലാണ് ദേശീയപാതാ നിർമ്മാണം നടത്തുന്ന മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ലേബർ ക്യാമ്പിനുള്ളിൽ ഈ ദയനീയ കാഴ്ച. ദേശീയപാതാ നിർമ്മാണ തൊഴിലാളികളുടെ സുരക്ഷയും ചികിത്സാ അവകാശങ്ങളും എത്രമാത്രം അവഗണിക്കപ്പെടുന്നു എന്നതിന്റെ നേർസാക്ഷ്യമാണ് ഈ സംഭവം.

ബീഹാർ സ്വദേശിയായ യുവാവ് റോഷന് മേഘ കൺസ്ട്രക്ഷൻ കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്യവേ, മേയ് 24നാണ് ജോലിക്കിടെ മറ്റൊരു വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റത്. തലയോട്ടി തകർന്ന നിലയിൽ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട തൊഴിലാളിക്ക് വിദഗ്ദ ചികിത്സ തുടരേണ്ടതായിരുന്നു. എന്നാൽ ഒന്നര മാസത്തിനുള്ളിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത്, യാതൊരു സൗകര്യങ്ങളുമില്ലാത്ത ക്യാമ്പ് മുറിയിലേക്കാണ് എത്തിച്ചത്. വാട്ടർ ബെഡോ എയർ ബെഡോ ഇല്ലാതെ ദീർഘനാൾ കിടപ്പിലായ റോഷന്റെ ശരീരത്തിലെ തൊലി പൊട്ടിയൊലിക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ.
വിവരം ലഭിച്ച് പ്രദേശവാസികളായ ചിലർ ക്യാമ്പിലെത്തിയപ്പോൾ പ്രവേശനം തന്നെ നിഷേധിക്കുന്ന നിലപാടാണ് കമ്പനി അധികൃതർ ആദ്യം സ്വീകരിച്ചത്. റോഷൻ അവിടെ ഉണ്ടോ ഇല്ലയോ എന്നു പോലും വ്യക്തമാക്കാതെ കുറച്ചു നേരത്തേക്ക് സത്യം മറച്ചുവച്ച ശേഷമാണ് കാണിക്കില്ലെന്ന നിലപാടിൽ നിന്ന് അവർ പിൻമാറിയത്. ഇതിനിടെ റോഷനെ തിടുക്കത്തിൽ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കവും കമ്പനി നടത്തിയിരുന്നതായി വ്യക്തമായി.
വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതോടെ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക സൗകര്യങ്ങളൊരുക്കാൻ നിർബന്ധിതരായി. എയർ ബെഡ് എത്തിച്ച കമ്പനി, ബന്ധപ്പെട്ട വകുപ്പുകളിൽ വിവരമറിയിച്ചതോടെ വിദഗ്ദ ചികിത്സയ്ക്കും നിയമപരമായ നഷ്ടപരിഹാരത്തിനുമുള്ള നടപടികൾക്ക് സന്നദ്ധത അറിയിക്കുകയായിരുന്നു.
നിലവിലെ ആരോഗ്യാവസ്ഥയിൽ റോഷനെ ട്രെയിൻ മാർഗം ബീഹാറിലേക്ക് അയക്കാനാവില്ലെന്നും ഐസിയു ലെവൽ ആംബുലൻസ് സൗകര്യത്തോടെ മാത്രമേ കൊണ്ടുപോകാവൂ എന്നും സ്ഥലത്തെത്തിയവർ കമ്പനിയെ ധരിപ്പിച്ചു. ഇത് അംഗീകരിച്ച കമ്പനി, രണ്ട് ദിവസത്തിനകം നിയമപരമായ തൊഴിൽ നഷ്ടപരിഹാര നടപടികൾ പൂർത്തിയാക്കി റോഷനെ പാറ്റ്ന എയിംസ് ആശുപത്രിയിലേക്ക് മാറ്റാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. എം.എൽ.എ വി. കുഞ്ഞിക്കൃഷ്ണൻ വിഷയത്തിൽ ഇടപെട്ടു. പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തതായി എം.എൽ.എയെ അറിയിച്ചു.
അതേ അപകടത്തിൽ തുടയെല്ല് പൊട്ടിയ വാഹനത്തിന്റെ ഡ്രൈവറായ തൊഴിലാളി ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിയില്ല എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു യാഥാർത്ഥ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL