കണ്ണൂർ: ഒത്തുതീർപ്പ് ചർച്ചകൾ പരാജയപ്പെട്ടതോടെ, സമരം തുടരുന്ന സ്വകാര്യ ആശുപത്രി നഴ്സുമാർ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ അനിശ്ചിത കാല സത്യാഗ്രഹസമരം ആരംഭിച്ചു. ജില്ലയിലെ ആറ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ സമരം തുടങ്ങിയത്. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.
ചർച്ചയിൽ ആശുപത്രി മാനേജ്മെന്റ് പ്രതിനിധികൾക്ക് പകരം ബന്ധപ്പെട്ട ആശുപത്രികളുടെ തൊഴിലുടമകൾ നേരിട്ട് ഹാജരാകണമെന്ന് റീജണൽ ജോയിന്റ് ലേബർ കമ്മിഷണർ നിർദേശിച്ചിരുന്നുവെങ്കിലും ആശുപത്രി ഉടമകൾ ഹാജരാകാതിരുന്നതിനാൽ ശനിയാഴ്ച നിശ്ചയിച്ച ചർച്ച നടന്നിരുന്നില്ല. ഇതോടെ സമരം കൂടുതൽ ശക്തിപ്പെടുത്താൻ സംയുക്ത സമരസഹായ സമിതി തീരുമാനിക്കുകയായിരുന്നു. നിലവിൽ ആശുപത്രികൾക്ക് മുന്നിലുള്ള സമരം തുടരുന്നുണ്ട്.
അതേസമയം, തൊഴിൽ വകുപ്പ് വിവിധ ആശുപത്രികളിൽ നടത്തിയ പരിശോധനയിൽ തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ച സാഹചര്യത്തിൽ, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ആശുപത്രി മാനേജ്മെന്റുകൾക്കെതിരെ സർക്കാർ അടിയന്തരമായി നിയമനടപടികൾ സ്വീകരിക്കണമെന്ന് സംയുക്ത സമരസഹായ സമിതി ആവശ്യപ്പെട്ടു.
സമര സഹായസമിതി ചെയർമാൻ അഡ്വ. റഷീദ് കവ്വായി,വൈസ് ചെയർമാൻ അഡ്വ. അജയകുമാർ, എം.സി അതുൽ, വെള്ളോറ രാജൻ, ഷാക്കിർ ആഡൂർ, റൈജു ജെയ്സൺ, പി.കെ വേണുഗോപാലൻ, സുധീഷ് കടന്നപ്പള്ളി, മുസ്തഫ നാറാത്ത്, കെ.വി പ്രമോദ് എന്നിവർ സംസാരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എ. മുഹമ്മദ് ഷിഹാബ്, സംസ്ഥാന വൈസ് പ്രസിഡന്റ് ടെജിമോൾ, സംസ്ഥാന ജോയിന്റ് സെക്രട്ടറി അനുപമ, ജില്ലാ പ്രസിഡന്റ് സോഫിയ അബ്രഹം, ജില്ലാ സെക്രട്ടറി പ്രജിത മാവള്ളി, ജില്ലാ ട്രഷറർ മുക്ത, സംസ്ഥാന കമ്മിറ്റി അംഗം ബിജോഷ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
നാളെ വീണ്ടും ചർച്ച
നാളെ ഉച്ചയ്ക്ക് 12ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ ലേബർ ഓഫീസർ, ആശുപത്രി ഉടമകൾ, സമരത്തിലിരിക്കുന്ന നഴ്‌സുമാരുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന ചർച്ച വിളിച്ചുചേർക്കുമെന്ന് ഐ.എൻ.എ പ്രതിനിധികളുമായി നടന്ന ചർച്ചയിൽ കളക്ടർ ഉറപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |