മഴ തുടങ്ങിയതോടെ ആളുകൾ വരാൻ മടിക്കുന്നു
ചോർച്ചയും ഡ്രൈനേജിന്റെ സാങ്കേതിക പിഴവും
തലശ്ശേരി: കോടികൾ വിനിയോഗിച്ച് നിർമ്മിച്ച തലശ്ശേരി പഴയ ബസ് സ്റ്റാൻഡിലെ മത്സ്യമാർക്കറ്റിൽ മഴക്കാല ദുരിതം രൂക്ഷം. മഴ ശക്തമായതോടെ മീൻ വിൽപനക്കാരും വാങ്ങാനെത്തുന്നവരും ഒരുപോലെ ദുരിതത്തിലായി. കെട്ടിടത്തിന്റെ പല ഭാഗങ്ങളും ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. മഴവെള്ളവും മത്സ്യം കഴുകുന്ന വെള്ളവും ഒഴുകിപ്പോകാതെ കെട്ടിനിൽക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വിൽപനയ്ക്കായി മത്സ്യം അടുക്കിവെക്കുന്ന സ്റ്റാളുകൾക്ക് മുന്നിലും പിന്നിലും കാൽകുത്താൻ കഴിയാത്തത്ര വെള്ളക്കെട്ടാണ്.
കഴിഞ്ഞ വർഷം 13 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ഡ്രൈനേജിന്റെ സാങ്കേതിക പിഴവാണ് ദുരിതം ഇരട്ടിയാക്കിയത്. മലിനജലം ഇതിലേക്ക് ഒഴുകി വീഴാത്തതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം.
വൃത്തിഹീനമായ സാഹചര്യം കാരണം ഒട്ടേറെ തൊഴിലാളികൾ രോഗികളായി മാറിയെന്നും പലരും ഇതിനോടകം ജോലി ഉപേക്ഷിച്ചു പോയെന്നും ആക്ഷേപമുണ്ട്. അടിയന്തരമായി അധികൃതർ ഇടപെട്ടില്ലെങ്കിൽ മാർക്കറ്റിന്റെ പ്രവർത്തനം പൂർണമായും പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ.
പ്രയാസം അധികൃതരും തിരിച്ചറിഞ്ഞു
മാർക്കറ്റിന്റെ ശോച്യാവസ്ഥയെ തുടർന്ന് നഗരസഭാ ഭരണാധികാരികളും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. മത്സ്യമാർക്കറ്റിലെ പ്രശ്നം ഗൗരവമുള്ളതാണെന്ന് സ്ഥലം സന്ദർശിച്ച ശേഷം വൈസ് ചെയർപേഴ്സൺ വി. സതി സമ്മതിച്ചു. വാർഡ് കൗൺസിലർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ എന്നിവരും ഉപാദ്ധ്യക്ഷയ്ക്കൊപ്പം ഉണ്ടായിരുന്നു.
മാർക്കറ്റിലെ ശോച്യാവസ്ഥ കാരണം മത്സ്യക്കച്ചവടത്തിൽ വൻ ഇടിവുണ്ടായി. മുൻപുണ്ടായിരുന്നതിന്റെ 25 ശതമാനം കച്ചവടം മാത്രമാണ് ഇപ്പോൾ നടക്കുന്നത്.
എസ്.ടി.യു നേതാവും മത്സ്യത്തൊഴിലാളിയുമായ പാലക്കൽ സാഹിർ
ഇക്കാര്യത്തിൽ ശാശ്വത പരിഹാരം ഉണ്ടാക്കാൻ ഭരണസമിതി അടിയന്തര യോഗം ചേർന്ന് തീരുമാനമെടുക്കും. പ്രശ്നത്തിൽ അടിയന്തര പരിഹാരമുണ്ടാക്കും.
നഗരസഭാ വൈസ് ചെയർപേഴ്സൺ വി. സതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |