കണ്ണൂർ: പാലിനും മുട്ടയ്ക്കും വില കുതിച്ചുയർന്നതോടെ അങ്കണവാടികളിലെയും സ്‌കൂളുകളിലെയും പോഷകാഹാര വിതരണം പ്രതിസന്ധിയിൽ. പുതിയ സർക്കാർ അധികാരമേറ്റ ശേഷം സ്‌കൂൾ ഉച്ചഭക്ഷണത്തിനുള്ള തുക അഡ്വാൻസായി നൽകിയെങ്കിലും വരവുചിലവ് കണക്കിൽ അദ്ധ്യാപകരുടെ കീശ കാലിയാകുകയാണ്.
മൂന്നു മുതൽ ആറു വയസുവരെയുള്ള കുട്ടികൾക്കുള്ള പോഷകാഹാര പദ്ധതിയിലെ പ്രധാന ഘടകമാണ് പാലും മുട്ടയും. അടുത്തിടെ മിൽമ പാൽ വില ലിറ്ററിന് 60 രൂപയായി വർദ്ധിപ്പിച്ചെങ്കിലും സർക്കാർ തുക കൂട്ടിയില്ല. പാലിന് ലിറ്ററിന് 50 രൂപയാണ് സർക്കാർ അനുവദിക്കുന്നത്. ഇത് വർദ്ധിപ്പിക്കണമെന്ന് പ്രധാനാദ്ധ്യാപകർ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. മുട്ടയ്ക്ക് വിപണിയിൽ നിലവിൽ 9-10 രൂപയാണ്. സ്‌കൂളുകൾക്ക് സർക്കാർ അനുവദിക്കുന്നതാകട്ടെ 7.50രൂപയും. ഇത് പത്ത് രൂപയായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വില കൂടിയതോടെ ടെൻഡർ ഏറ്റെടുക്കുന്നതിൽ വിതരണക്കാർ പിൻമാറുന്ന സാഹചര്യമാണെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. വിതരണച്ചെലവിലെ വർദ്ധന കണക്കിലെടുത്ത് പാൽ വിതരണത്തിനുള്ള നിരക്ക് സർക്കാർ പുനഃപരിശോധിക്കണമെന്നതാണ് വിതരണക്കാരുടെയും അദ്ധ്യാപകരുടെയും ആവശ്യം.
പാലിനും മുട്ടയ്ക്കും പുറമെ പച്ചക്കറിക്കും വില കുത്തനെ ഉയരുന്നത് സ്‌കൂളിലെ ഉച്ചഭക്ഷണവിതരണത്തെയും സാരമായി ബാധിക്കുന്നുണ്ട്. മൺസൂണിലെ മഴക്കുറവും ഉത്പാദനകേന്ദ്രങ്ങളിൽ വിളവെടുപ്പിലുണ്ടായ കാലതാമസവും കാരണമാണ് വില വർദ്ധിക്കുന്നത്. തക്കാളി, കാബേജ്, ക്യാരറ്റ്, ബീൻസ്, കോളി ഫ്ലവർ, ചെറിയുള്ളി, വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയവയ്ക്കാണ് വില ഏറെ വർദ്ധിച്ചത്.
40 കടന്ന് തക്കാളിയും സവാളയും
ദിവസങ്ങൾക്ക് മുമ്പ് കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന തക്കാളിക്ക് 40-52 രൂപയായി. ഉണ്ട മുളക് 65, വെളുത്തുള്ളി 175-200, ഉരുളക്കിഴങ്ങ് 60, സവാള 40, കയ്പ്പക്ക 30, വഴുതിന 35, പയർ 30, ബീൻസ് 90, ബീറ്റ്റൂട്ട് 70, കാരറ്റ് 70, ചെറിയുള്ളി 50-70 എന്നിങ്ങനെയാണ് പുതിയ വിലനിലവാരം. എല്ലാ വർഷവും സീസണിൽ വിലവർദ്ധന അനുഭവപ്പെടാറുണ്ട്. പിന്നീട് വിലകുറയാറാണ് പതിവ്. ഇത്തവണ കുറയുന്നില്ലെന്നും വ്യാപാരികൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |