ആലക്കോട്: വായാട്ടുപറമ്പ് ഉടുമ്പുംചീത്തയിലെ ചെറിയൊരു വീട്ടിൽ സെൻസസ് വിവര ശേഖരണത്തിനെത്തിയതാണ് ഉദ്യോഗസ്ഥൻ. വീട്ടിനോടു ചേർന്ന ആലയിൽ ഇരുമ്പു പണി ചെയ്തു കൊണ്ടിരുന്ന ആളുടെ അടുത്തെത്തി പേരുവിവരത്തോടൊപ്പം വയസും ചോദിച്ചപ്പോൾ കിട്ടിയ മറുപടി - തങ്കപ്പൻ, 94. വിശ്വാസം വരാതെ ആവർത്തിച്ചു ചോദിച്ചപ്പോൾ അടുത്തുണ്ടായിരുന്ന മകൾ സംശയനിവാരണം നടത്തി. 'അതെ അപ്പച്ചന് വയസ് തൊണ്ണൂറ്റിനാലായി. 80 വർഷമായി കൊല്ലപ്പണി ചെയ്യുകയാണ്.'
അതെ, തന്റെ കൊച്ചു കൊല്ലപ്പണിശാലയിൽ തങ്കപ്പൻ ഇന്നും സജീവമാണ്. നീണ്ട ഒമ്പതു പതിറ്റാണ്ട് പിന്നിട്ട ജീവിതാനുഭവങ്ങളുടെ ഉലയിൽ കാച്ചിയെടുത്ത ഉരുക്കുപോലുള്ള കൈക്കരുത്തുമായി.
കാരിരുമ്പിനെക്കാൾ കഠിനമായ ബാല്യകാലത്തെ പട്ടിണിയുടെ ലോകത്തു നിന്നും പുതുമേച്ചിൽപുറങ്ങൾ തേടി മധ്യതിരുവിതാംകൂറിൽ നിന്നും 1940കളിൽ മലബാറിലെ കന്നിമണ്ണു തേടിയെത്തിയ ആദ്യകാല കുടിയേറ്റ കർഷകരോടൊപ്പം എത്തിയതാണ് തങ്കപ്പന്റെ കുടുംബം. പിതാവിന്റെ കൂടെ മലബാറിലെത്തുമ്പോൾ വയസ് 15. ഏതാനും വർഷങ്ങൾക്കുശേഷം കുടുംബം തിരിച്ച് നാട്ടിലേക്കു തന്നെ മടങ്ങി. നാട്ടിൽ നിന്നു കല്യാണം കഴിഞ്ഞ ശേഷം ഭാര്യയെ കൂട്ടി തങ്കപ്പൻ വീണ്ടും പഴയ ലാവണത്തിലേക്കു തിരിച്ചെത്തി.
മേഖലയിലെ ആദ്യ കുടിയേറ്റക്കാരിലൊരാളായ പള്ളിത്തറ വർഗ്ഗീസ് എന്ന കുഞ്ഞു വൈദ്യരാണ് അരയേക്കർ സ്ഥലവും പണിയെടുക്കാനുള്ള ആലയും നൽകിയത്. അക്കാലത്ത് നടുവിൽ പ്രദേശങ്ങളിൽ കൊല്ലപ്പണി ചെയ്യുന്നവർ ഉണ്ടായിരുന്നില്ല. കുടിയേറ്റ കർഷകരുടെ പണിയായുധങ്ങൾ നിർമ്മിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കും ആശ്രയം തങ്കപ്പനായിരുന്നു. ദൂരസ്ഥലങ്ങളിൽ നിന്നു പോലും ആളുകൾ തങ്കപ്പനെ തേടി എത്തി.
നിലവിൽ പ്രായാധിക്യം അലട്ടുന്നുണ്ടെങ്കിലും കാഴ്ചയ്ക്കു വലിയ കുറവില്ല. കേൾവിശക്തി അൽപം കുറഞ്ഞിട്ടുണ്ട്. ഭാര്യ ഏതാനും വർഷങ്ങൾക്കു മുമ്പേ മരിച്ചതിനു ശേഷം മക്കളുടെ സംരക്ഷണയിലാണ് കഴിയുന്നത്. രണ്ടു പെൺമക്കളും രണ്ടു ആൺ മക്കളുമാണുണ്ടായിരുന്നത്. ഒരു മകൻ നേരത്തെ മരിച്ചു.
ഇന്ധനക്ഷാമം, പണിയും കുറഞ്ഞു
ആലയിലെ പ്രധാന ഇന്ധനമായ ചിരട്ടക്കരിയും മരക്കരിയും കിട്ടാതായി. ആദ്യകാലത്ത് മരക്കരിയായിരുന്നു ഉപയോഗിച്ചിരുന്നത്. മരക്കരിയുടെ ലഭ്യത കുറഞ്ഞപ്പോൾ ചിരട്ട കത്തിച്ച് കരിയാക്കി ഉപയോഗിച്ചു വരികയായിരുന്നു. ചിരട്ടയുടെ വില ഉയർന്നതോടെ അതും കിട്ടാതായി. പൊതുവിൽ പണിയും കുറഞ്ഞുവരികയാണ്. കാർഷിക മേഖലയിൽ പണിചെയ്യുന്നവരുടെ എണ്ണം കുറയുകയും പണിയായുധങ്ങളുടെ ആവശ്യക്കാരില്ലാതാവുകയുമാണ്.
മലബാറിലെ കുടിയേറ്റ ചരിത്രത്തോളം പഴക്കമുള്ള ഓർമ്മകളുണ്ട്. കൈക്കരുത്ത് ക്ഷയിച്ചെങ്കിലും ആയുസുള്ള കാലം വരെ കൊല്ലപ്പണി തുടരും.
തങ്കപ്പൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |