കണ്ണൂരിൽ സ്വകാര്യ ബസുകൾ 800
ജീവനക്കാർ 2400
കണ്ണൂർ: കെ.എസ്.ആർ.ടി.സി പ്രിയദർശിനി സൗജന്യ യാത്ര ഒരുമാസം പിന്നിടുമ്പോൾ ജില്ലയിലെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലേക്കും കടക്കെണിയിലേക്കും വീഴുന്നു. ഒരുമാസം കൊണ്ട് ഓരോബസിനും 30,000 രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ബസുടമകൾ പറയുന്നത്. ദിവസവും 1000 രൂപയിലധികം നഷ്ടം. കൊവിഡ് കാലത്തിന് സമാനമായ പ്രതിസന്ധിയാണ് നാട്ടിലെ ബസുടമകൾ നേരിടുന്നത്. ഒരുമാസം കൊണ്ട് ജില്ലയിലെ സ്വകാര്യ ബസുടമകൾക്ക് രണ്ട് കോടി രൂപയിലധികമാണ് നഷ്ടമുണ്ടായതെന്ന് ബസുടമകൾ പറയുന്നു.
എല്ലാ ജോലികളെ പോലെ പണികഴിഞ്ഞ് മുതലാളിയിൽനിന്ന് ശമ്പളം വാങ്ങുന്ന രീതി ബസുകളിൽ പണിയെടുക്കുന്നവർക്കില്ല. ബസ് ഓട്ടം അവസാനിപ്പിക്കുമ്പോൾ, ഡീസലിന്റെയും മറ്റും ചിലവുകളും സ്വന്തം കൂലിയും കഴിഞ്ഞ് ബാക്കി പണം മുതലാളിക്ക് അങ്ങോട്ട് നൽകുന്നതാണ് പതിവ്.
ഇപ്പോൾ കൊടുക്കാൻ ഒന്നും ഇല്ല, അതുകൊണ്ട് തങ്ങളുടെ കൂലിയിൽ കുറവ് വരുത്തിയാണ് മുതലാളിക്ക് പണം കൊടുക്കുന്നതെന്നും ബസ് ജീവനക്കാർ പറയുന്നു. ഇങ്ങനെ ദിവസം 1200 മുതൽ കൂലിയുള്ള ജീവനക്കാർ ഇപ്പോൾ 900-800 രൂപയാണ് വാങ്ങുന്നത്. നിലനിൽപ്പിനു വേണ്ടി ജീവനക്കാരും കൂലി വെട്ടിക്കുറയ്ക്കുകയാണ്.
10 രൂപയുടെ യാത്രയ്ക്ക് പോലും കെ.എസ്.ആർ.ടി.സിയെയാണ് മിക്ക സ്ത്രീകളുംആശ്രയിക്കുന്നത്. ഇപ്പോൾ കെ.എസ്.ആർ.ടി.സി സൗജന്യ യാത്രയുള്ള ബസുകളുടെ സമയം പോലും അന്വേഷിച്ചു നടക്കുകയാണ് ഭൂരിഭാഗം പേരും.
കൂടുതൽ ബസുകൾ സർവീസ് നിർത്തിയേക്കും
ജില്ലയിൽ 60 ബസുകൾ സർവീസ് അവസാനിപ്പിച്ചതായി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. കെ.എസ്.ആർ.ടി.സിയിലെ സ്ത്രീ സൗജന്യ യാത്ര മൂലം സ്വകാര്യ ബസുടമകളെ കടക്കെണിയിലേക്ക് തള്ളിവിട്ടെന്നും പ്രതിസന്ധി രൂക്ഷമായാൽ വരും ദിവസങ്ങളിൽ കൂടുതൽ ബസുകൾ സർവീസ് അവസാനിപ്പിക്കാനാണ് സാദ്ധ്യതയെന്നും അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി രാജ്കുമാർ കരുവാരത്ത് പറഞ്ഞു.
വർദ്ധിച്ചുവരുന്ന ഡീസൽ വില, തൊഴിലാളികളുടെ കൂലി, യാത്രക്കാരുടെ കുറവ് തുടങ്ങിയ പ്രതിസന്ധികളാണ് മിക്ക ബസുടമകളും പ്രതിസന്ധിയിലേക്ക് വീഴാൻ കാരണം.
ഇന്ധന ചിലവിനായി സ്വകാര്യ ബസുടമകൾ ദിവസവും നീക്കിവയ്ക്കുന്നത് 8000 രൂപയോളമാണ്. എഴുപതു മുതൽ 80 ലിറ്ററോളം ഇന്ധനമാണ് ബസുകൾക്ക് വേണ്ടത്. സൗജന്യ യാത്ര ആരംഭിച്ചതോടെ തൊഴിലാളികളുടെ വേതനത്തിനാവശ്യമായ തുക പോലും ലഭിക്കുന്നില്ലെന്നാണ് ബസുടമകൾ പറയുന്നത്.
പയ്യന്നൂർ, ഇരിട്ടി റൂട്ടുകളിൽ പ്രതിസന്ധി രൂക്ഷം
ജില്ലയിലെ സ്വകാര്യ ബസുടമകൾ രൂക്ഷമായ പ്രതിസന്ധി നേരിടുന്നത് കണ്ണൂർ-പയ്യന്നൂർ, ഇരിട്ടി-കണ്ണൂർ റൂട്ടുകളിലാണ്. കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകൾ കൂടുതലുള്ള റൂട്ടാണിത്. മലയോര മേഖലയിൽ സർവീസ് നടത്തുന്ന ബസുടമകളും വെല്ലുവിളി നേരിടുന്നുണ്ട്. ആലക്കോട്, ശ്രീകണ്ഠപുരം റൂട്ടിലും പ്രതിസന്ധി രൂക്ഷമാണെന്നാണ് അസോസിയേഷൻ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |