SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.21 AM IST

കപ്പലിൽ പൊലിഞ്ഞത് കുടുംബത്തിന്റെ അത്താണി ; നാട്ടുകാരുടെ പ്രിയങ്കരൻ

akhil

വെള്ളരിക്കുണ്ട്: യുക്രൈൻ കപ്പലിലുണ്ടായ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയൻ നാടിന്റെ നൊമ്പരമായി. എം.വി.ഗോൾഡൻ ലിയോ എന്ന ചരക്കുകപ്പലിൽ ജീവനക്കാരൻ ആയിരുന്ന യുവാവിന്റെ ആകസ്മിക വേർപാട് കപ്പൽ കമ്പനി അധികൃതർ അറിയിച്ചത് വെള്ളരിക്കുണ്ട് പന്നിത്തടത്തെ വാളിപ്ലാക്കൽ വീടിനൊപ്പം നാടിനെയും കണ്ണീരിലാഴ്ത്തി.

രണ്ടുമാസം മുൻപ് അവധിക്ക് നാട്ടിൽ വന്നപ്പോൾ ഇടുക്കി സ്വദേശിനിയായ യുവതിയുമായി അഖിലിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. മേയ് 24 ന് ആയിരുന്നു വിവാഹ നിശ്ചയം. അടുത്ത ഏപ്രിലിൽ അവധിക്കു വരുമ്പോൾ വിവാഹം നടത്താനായിരുന്നു തീരുമാനം. പ്രിയപ്പെട്ടവരെ ഒന്നാകെ ഞെട്ടിച്ചു കൊണ്ടാണ് അത്യാഹിത വാർത്തയെത്തിയത്. പിതാവ് വാളിപ്ലാക്കൽ ജോയന്റെയും അമ്മ സാലിയുടെയും ഏക പ്രതീക്ഷയും കുടുംബത്തിന്റെ അത്താണിയുമായിരുന്നു അഖിൽ. ഇരുവരും കഷ്ടപ്പെട്ടാണ് മകനെ പഠിപ്പിച്ചത്. സ്വകാര്യ സ്‌ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന ജോയൻ മകനു ജോലി ലഭിച്ചതിനുശേഷമാണ് സ്വന്തമായി വീട് നിർമ്മിച്ചത്. അമ്മ സാലി പരപ്പ തപാൽ ഓഫീസിൽ ആർ.ഡി കലക്ഷൻ ഏജന്റാണ്.

വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് ഹയർസെക്കൻഡറി സ്കൂളിലാണ് അഖിൽ പ്ലസ്സുവരെ പഠിച്ചത്. തുടർന്ന് ചെന്നൈയിൽ മറൈൻ എൻജിനീയറിംഗ് കോഴ്സ് ഉയർന്ന മാർക്കിൽ പാസായി. അതിനു ശേഷമാണ് മർച്ചന്റ് മർച്ചന്റ് നേവിയിൽ ചേർന്നത്. ഏഴ് വർഷമായി കപ്പലിൽ ജോലി ചെയ്യുന്ന അഖിൽ കഴിഞ്ഞ നാല് വർഷമായി എം വി ഗോൾഡൻ ലിയോ കപ്പലിലെ ചീഫ് ഓഫീസറായിരുന്നു. മികച്ച വടംവലിതാരമായിരുന്ന അഖിൽ അദ്ധ്യാപകർക്കും നാട്ടുകാർക്കും പ്രിയങ്കരനായിരുന്നു.

അവസാനം വിളിച്ചത് ഞായറാഴ്ച

ഞായറാഴ്ച രാത്രിയാണ് അവസാനമായി ബന്ധപ്പെടാൻ കഴിഞ്ഞത്.ഉടൻ ഫോൺ കട്ടായെന്നും പിന്നെ സ്വുച്ച് ഓഫ് ആയതായും പിതാവ് ജോയൻ പറഞ്ഞു. മകന്റെ മരണ വിവരം അറിഞ്ഞ് കുഴഞ്ഞു വീണ അമ്മ സാലി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. വടംവലിതാരമെന്ന മികവ് കൂടാതെ റോപ് പുൾഅപ്പിൽ 30 സെക്കൻഡിൽ 25 തവണ ചെയ്ത് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടംപിടിച്ചിട്ടുണ്ട് അഖിൽ. 30 സെക്കൻഡിൽ 20 തവണ പുൾഅപ് ചെയ്ത സ്വന്തം റെക്കോർഡ് മറ്റൊരാൾ തിരുത്തിയതിനു പിന്നാലെ 2023 ജൂൺ 29ന് അഖിൽ വീണ്ടും റെക്കോർഡ് സ്വന്തം പേരിലാക്കിയിരുന്നു.

മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കുമെന്ന് കളക്ടർ

യുക്രൈയിനിൽ കൊല്ലപ്പെട്ട അഖിൽ ജോയന്റ് മൃതദേഹം എത്രയും വേഗത്തിൽ നാട്ടിൽ എത്തിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് കാസർകോട് ജില്ലാകളക്ടർ അർജ്ജുൻ പാണ്ഡ്യൻ പറഞ്ഞു.വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വിവരങ്ങൾ അപ്പപ്പോൾ കുടുംബത്തെ അറിയിക്കും. ഇക്കാര്യത്തിൽ ആവശ്യമായത് ചെയ്യുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, AKHIL JOYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL