
കണ്ണൂർ: ജില്ലയിൽ മൈക്രോ പ്ലാസ്റ്റികിന്റെ അളവ് വർദ്ധിക്കുന്നതായി പഠനങ്ങൾ. നാട്ടിലെ കിണറുകളിലും പുഴകളിലും കടലിലും , മണ്ണിലും വരെ മൈക്രോ പ്ലാസ്റ്റികിന്റെ സാന്നിദ്ധ്യമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. കിണറിൽ ഉപയോഗിക്കുന്ന വലകളിൽ കാലപ്പഴക്കം വഴി സംഭവിക്കുന്ന പൊടികൾ വഴിയാണ് ഇവ കിണറിലെ വെള്ളത്തിലേക്ക് കലരുന്നത്. ഇത് കിണറിലെ വെള്ളത്തിൽ ജീവിക്കുന്ന മത്സ്യങ്ങൾക്കും, മനുഷ്യനും ഭാവിയിൽ ഭീഷണിയാകുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. അന്തരീക്ഷത്തിലും മൈക്രോ പ്ലാസ്റ്റികിന്റെ സാന്നിദ്ധ്യമുണ്ടെന്നാണ് കണ്ണൂർ സർവകലാശാല പരിസ്ഥിതി ഗവേഷകൻ കെ നിവിൻകാന്ത് പറയുന്നത്. മണ്ണിൽ കലരുന്നതോടെ നാട്ടിലെ കർഷകർക്കും, കൃഷിയിടങ്ങൾക്കും ഭീഷണിയാണ്. കൃഷിയടുടെ വളർച്ചയെയും ഉത്പാദനത്തെയും പ്രതികൂലമായി ബാധിക്കും.
കടലിലാണ് മൈക്രോ പ്ലാസ്റ്റികിന്റെ സാന്നിദ്ധ്യം കൂടുതൽ കാണപ്പെടുന്നത്. പയ്യാമ്പലം, മുഴപ്പിലങ്ങാട് ബീച്ചുകളിൽ മൈക്രോ പ്ലാസ്റ്റികിന്റെ സാന്നിദ്ധ്യം കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കോസ്‌മെറ്റിക് ഉത്പന്നങ്ങളിലടക്കം മൈക്രോ പ്ലാസ്റ്റിക് സാന്നിദ്ധ്യം കൂടുതൽ കണ്ടെത്തിയിട്ടുണ്ട്.
പ്ളാസ്റ്റിക്കിനെക്കാളും വില്ലൻ
അഞ്ച് മില്ലിമീറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് തരികളെയാണ് മൈക്രോ പ്ലാസ്റ്റിക് എന്ന് വിളിക്കുന്നത്. വലിയ പ്ലാസ്റ്റിക് കഷണങ്ങൾ അൾട്രാവയലറ്റ് വികിരണങ്ങൾ വഴിയും കടൽ തിരമാലകൾ വഴിയും മറ്റ് ജൈവീക പ്രവർത്തനങ്ങൾ വഴിയുമാണ് ചെറിയ പ്ലാസ്റ്റിക് തരികളായി രൂപാന്തരപ്പെടുന്നത്. സാധാരണ പ്ലാസ്റ്റിക്കിനേക്കാളും വലിയ ദോഷമാണ് ഇവ മണ്ണിനും മനുഷ്യനും പ്രകൃതിക്കും ഉണ്ടാക്കുന്നതെന്നാണ് പരിസ്ഥിതി പ്രവർത്തകരും, ഗവേഷകരും പറയുന്നത്. മണ്ണിലും മൈക്രോ പ്ലാസ്റ്റികിന്റെ അളവ് വർദ്ധിച്ചാൽ മറ്റ് ജീവജാലങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും. സസ്യങ്ങളുടെ വളർച്ചയ്ക്കും മൈക്രോ പ്ലാസ്റ്റിന്റെ സാന്നിദ്ധ്യം അപകടമുണ്ടാക്കും. മണ്ണിലേക്ക് എത്തുന്നത് വഴി ഇവ മണ്ണ് തുരന്ന് ജീവിക്കുന്ന ജീവികളുടെ നിലനിൽപ്പിനെ ബാധിക്കും. മണ്ണിര, കടലിൽ ജീവിക്കുന്ന ഞണ്ടുകൾ തുടങ്ങിയവയിലും പുഴകൾക്കരികിൽ ജീവിക്കുന്ന തവളകൾ ഇവയുടെ ശരീരത്തിൽ നിന്നെല്ലാം മൈക്രോ പ്ലാസ്റ്റികിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.
മണ്ണിൽ കലർന്നാൽ
മണ്ണിലേക്ക് മൈക്രോ പ്ലാസ്റ്റിക് കലർന്നാൽ നെൽകൃഷിയുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കാം. ജില്ലയിലേക്ക് പുറംനാടുകളിലെത്തുന്ന അരികളിലും, കടൽ മത്സ്യങ്ങളിലും മൈക്രോ പ്ലാസ്റ്റികിന്റെ അളവ് കൂടിയതായി കണ്ടെത്തിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന വലകളിലെ പൊടികണങ്ങളാണ് മൈക്രോ പ്ലാസ്റ്റിക് ഉള്ളത്. വലകൾ വഴിയാണ് കടലിൽ കലരാൻ കാരണം. സാധാരണ പ്ലാസ്റ്റിക് പോലെ മൈക്രോ പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്യാൻ പറ്റാത്തതും പ്രധാന വെല്ലുവിളിയാണ്. ഇതുകൊണ്ടാണ് മൈക്രോ പ്ലാസ്റ്റിക്കുകൾ ഭീഷണിയാകുന്നത്.
മൈക്രോ പ്ലാസ്റ്റിക് അടങ്ങിയ ഉത്പ്പന്നങ്ങൾ
കോസ്‌മെറ്റിക് ഉത്പ്പന്നങ്ങൾ
വാഷിംഗ് പൗഡർ
വലകൾ
മിനറൽ വാട്ടറിന്റെ കുപ്പികൾ
മാസ്‌ക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |