ഇരിട്ടി: ആറളം ഫാമിലും പുനരധിവാസ മേഖലയിലും പഞ്ചായത്തിലെ സമീപ ജനവാസ മേഖലകളിലും ജീവനും സ്വത്തിനും ഭീഷണിയായ കണ്ണൂർ മഖ്‌ന എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടിക്കുന്നതിന്റെ ഭാഗമായി വനം വകുപ്പ് നിരീക്ഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ മുതൽ ഫാമിന്റെ വിവിധ മേഖലകളിൽ നിരീക്ഷണം ആരംഭിച്ചെങ്കിലും ആനയെ കണ്ടെത്താനായില്ല. ആറളം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് കടന്നെന്നാണ് സൂചന.
മോഴയെ മയക്കുവെടി വെക്കുന്നതിന് മുന്നോടിയായി ആരോഗ്യനിലയും നിലവിലെ സ്വഭാവ രീതിയും സൂക്ഷ്മമായി വിലയിരുത്തുന്നതിന് വനം വകുപ്പിന്റെ ആർ.ആർ.ടി സംഘത്തിലെ വെറ്ററിനറി സർജൻ ഡോ. ഇല്യാസ് റാവുത്തറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
ആർ.ആർ.ടി ഡെപ്യൂട്ടി റെയിഞ്ചർ ഷൈനി കുമാറിന്റെ നേതൃത്വത്തിൽ വെറ്ററിനറി സർജനും സംഘവും പുനരധിവാസ മേഖലയിലും ഫാമിന്റെ കൃഷിയിടത്തിലും വ്യാപകമായി തിരച്ചിൽ നടത്തി. പുനരധിവാസ മേഖലയിൽ കഴിഞ്ഞ രാത്രിയും ആന എത്തി കൃഷി നശിപ്പിച്ചിരുന്നു. ഇത് മോഴയാകാനാണ് സാധ്യതയെന്ന പ്രദേശവാസികളുടെ അഭിപ്രായത്തെ തുടർന്ന് അവിടേയും തിരിച്ചിൽ നടത്തി. കാൽപ്പാടുകൾ പരിശോധിച്ചതിൽ അത് മോഴയല്ലെന്നും മറ്റൊരു ആനയാണെന്നും മനസിലായി. കോട്ടപ്പാറ മേഖലയിൽ നിന്നാണ് മോഴയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. ഇതുവഴി മോഴ വനത്തിലേക്ക് കടന്നെന്നാണ് വനം വകുപ്പിന്റെ നിരീക്ഷണം.
തിങ്കളാഴ്ച ഓപ്പറേഷൻ ഗജമുക്തിയുടെ ഭാഗമായി നടത്തിയ തുരത്തൽ ഓപ്പറേഷനിൽ നാല് ആനകൾ വനത്തിലേക്ക് കടന്നിരുന്നു. ഇതിൽ മോഴയും ഉൾപ്പെട്ടിരിക്കാമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ വനത്തിലേക്ക് തുരത്തിവിട്ടാലും അതേ വേഗതയിൽ തന്നെ തിരിച്ചു കയറുന്ന സ്വഭാവവും മോഴയ്ക്ക് ഉണ്ട്. മോഴയെ നിരീക്ഷിക്കുന്നതിനൊപ്പം പിടികൂടിയ ശേഷം സുരക്ഷിത മേഖലയിലേക്ക് മാറ്റണം. ഇതിനുവേണ്ട സൗകര്യങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ മയക്കുവെടിവെച്ച് പിടികൂടുകയുള്ളൂ. ഇതിനായി ആനയെ താല്ക്കാലികമായി പാർപ്പിക്കാനുള്ള തയ്യാറെടുപ്പുകളും ആറളം വന്യജീവി സങ്കേത്തതിൽ ആരംഭിച്ചു കഴിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |