കണ്ണൂർ: ഓഫീസ് നിർമാണ ഫണ്ടിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സി.പി.എം ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ഇ. രമേശന് സ്ഥാനചലനം. കെ.കെ രാഗേഷ് ജില്ല സെക്രട്ടറിയായശേഷം കണ്ണൂരിൽ പാർട്ടി നേരിടുന്ന രണ്ടാമത്തെ വലിയ ഫണ്ട് വിവാദമാണിത്. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തിരിമറി വിവാദത്തിന്റെ ആഘാതത്തിൽ നിന്ന് പാർട്ടി കരകയറി വരുന്നതിനിടെയാണ് പുതിയ വിവാദം.
ജില്ലാ സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന കണ്ണൂർ ഏരിയ കമ്മിറ്റി യോഗത്തിലാണ് രമേശനെ പുറത്താക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയത്. തുടർന്ന് ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ നടപടി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തു. ജില്ല സെക്രട്ടറി പങ്കെടുത്ത യോഗത്തിൽ ഏരിയ കമ്മിറ്റി അംഗം പി. പ്രശാന്തന് ലോക്കൽ സെക്രട്ടറിയുടെ ചുമതല കൈമാറി.
സി.പി.എം ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്കായി നിർമിക്കുന്ന കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരത്തിന്റെ നിർമാണ ഫണ്ടിലാണ് ക്രമക്കേട് കണ്ടെത്തിയത്. വിവിധ മാർഗങ്ങളിലൂടെ പണം സമാഹരിച്ചെങ്കിലും കണക്കിൽ ഉൾപ്പെടുത്തിയില്ലെന്നാണ് കണ്ടെത്തൽ. ടൗൺ ബാങ്കിലെ പാർട്ടി അംഗങ്ങളും അനുഭാവികളുമായ ജീവനക്കാരിൽ നിന്ന് പിരിച്ച വൻതുകയും കണക്കിൽ ഇല്ലെന്ന് പരാതിയുണ്ട്.
ആരോപണങ്ങളിലും പരാതികളിലും അന്വേഷണം നടത്തിയശേഷമാണ് ലോക്കൽ സെക്രട്ടറിയെ പുറത്താക്കാൻ പാർട്ടി തീരുമാനിച്ചത്.
സമ്മാന കൂപ്പണിലും ക്രമക്കേട്
500 രൂപ വിലയുള്ള സമ്മാന കൂപ്പൺ വഴി ധനസമാഹരണത്തിന് ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. നിശ്ചയിച്ച തീയതിയിലെ നറുക്കെടുപ്പ് മാറ്റിവയ്ക്കേണ്ടിവന്നു. സമ്മാന വിതരണത്തിലും അനിശ്ചിതത്വം നിലനിന്നു. ബമ്പർ സമ്മാനങ്ങൾ ഉൾപ്പെടുത്തിയ ഈ പദ്ധതിയിലും തട്ടിപ്പ് നടന്നെന്നാണ് പരാതി. ലോക്കൽ പരിധിക്ക് പുറത്ത് ധനസമാഹരണം നടത്തിയത് വിവാദമായി.
പണം കണ്ടെത്താനായി നേരത്തെ ലോക്കൽ തലത്തിൽ കണ്ണൂരിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ദേശിച്ച ഫലം കണ്ടിരുന്നില്ല. ഏരിയ നേതൃത്വത്തിലെ ഒരു വിഭാഗം സഹകരിക്കാതിരുന്നതാണ് ഇതിന് കാരണമെന്ന ആരോപണവുമുണ്ട്.
ഏരിയ സെക്രട്ടറിയുടെ ബന്ധു
നടപടിക്ക് വിധേയനായ ഇ. രമേശൻ ഏരിയ സെക്രട്ടറി കെ.പി സുധാകരന്റെ അളിയനാണ്. ബന്ധുവായ ലോക്കൽ സെക്രട്ടറി നടത്തിയ ക്രമക്കേടിന് ഏരിയ നേതൃത്വം കൂട്ടുനിന്നുവെന്ന വിമർശനവും ഉയർന്നു. ഉന്നത നേതാക്കളുടെ അറിവോടെയാണ് ക്രമക്കേട് നടന്നതെന്ന ആരോപണവുമുണ്ട്. കണ്ണൂർ ഏരിയയിലെ ജില്ല കമ്മിറ്റി അംഗമായ ഒരു യുവ നേതാവിനെതിരെയും സമാന ആരോപണം ഉയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |