
തിരുവനന്തപുരം: ഇ.ഡിയുടെ നടപടികളിൽ പിണറായി വിജയനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ.മുഹമ്മദ് റിയാസിനും സി.പി.എമ്മിന്റെ പൂർണ പിന്തുണ. ഇ.ഡിയുടെ രാഷ്ട്രീയ നീക്കത്തെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടി ദേശീയ തലത്തിൽ വരെ ചർച്ചയാക്കാനൊരുങ്ങുകയാണ് സി.പി.എം. പിണറായിക്കെതിരായ ഇ.ഡിയുടെ കത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നാണ് സി.പി.എമ്മിന്റെ ആവശ്യം. ഇന്ത്യ മുന്നണിയിലും വിഷയം ചർച്ചയാക്കും. ബി.ജെ.പിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സി.പി.എമ്മിന്റെ പ്രധാന നേതാവിനെതിരായ നീക്കത്തിന് സഖ്യത്തിലെ മറ്റു പാർട്ടികളുടെ പിന്തുണ ഉറപ്പാണ്. കോൺഗ്രസ് ദേശീയ നേതൃത്വം വ്യത്യസ്തമായ നിലപാടെടുത്താൽ മുന്നണി ബന്ധത്തിലും ഇതു പ്രതിഫലിക്കും. പിണറായി വിജയനും എം.എ.ബേബി അടക്കമുള്ള സി.പി.എമ്മിന്റെ മുതിർന്നനേതാക്കൾ പൊതുയോഗങ്ങളിൽ ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കും.
മൗനം വേണ്ട തുറന്നെതിർക്കാം
വിഷയത്തിൽ പിണറായി വിജയൻ മൗനം പാലിക്കേണ്ടതില്ലെന്നും ജനങ്ങളോട് വിശദീകരിക്കണമെന്നും തീരുമാനമായി. ചൊവ്വാഴ്ച ചേർന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം മുതിർന്നനേതാക്കൾ ചർച്ച ചെയ്താണ് ഡി.ജി.പിക്കുള്ള ഇ.ഡിയുടെ കത്തിനും കേസെടുക്കാനുള്ള നീക്കത്തിനും പിന്നിലുള്ള രാഷ്ട്രീയം വിശദീകരിക്കാൻ ധാരണയിലെത്തിയത്. മൗനം ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പത്തിനും തെറ്റിദ്ധാരണയ്ക്കും ഇടയാക്കുമെന്നാണ് വിലയിരുത്തൽ. ഇന്നലെ രാവിലെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജനും ഇ.ഡിയുടെ കത്തിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. വൈകിട്ടോടെ പൊളിറ്റ് ബ്യൂറോയും ജനറൽസെക്രട്ടറി എം.എ.ബേബിയും നടപടിയെ വിമർശിച്ചു. ഇ.ഡിയുടെ കത്തിനെ യു.ഡി.എഫ് രാഷ്ട്രീയമായി ഉപയോഗിക്കുമെന്ന് സി.പി.എം വിലയിരുത്തുന്നു. അങ്ങനെയുണ്ടായാൽ ബി.ജെ.പി-യു.ഡി.എഫ് ഡീൽ ഉയർത്തി പ്രതിരോധിക്കും. എം.എ.ബേബി ഈ ആരോപണം ഉന്നയിച്ചിട്ടുണ്ട്. സി.എം.ആർ.എല്ലിൽ നിന്നും സംഭാവന വാങ്ങിയ യു.ഡി.എഫ് നേതാക്കളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യമുയർത്തി കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കാനാണ് മറ്റൊരു ശ്രമം.
പ്രതിരോധത്തിന് നാല് വഴി
1. മൗനം പാലിക്കാതെ തുറന്നെതിർക്കുക
2. ദേശീയതലത്തിൽ ചർച്ചയാക്കി കോൺഗ്രസ് ദേശീയനേതൃത്വത്തെ ചർച്ചയിലേക്കെത്തിക്കുക
3. ബി.ജെ.പി-യു.ഡി.എഫ് ഡീൽ ഉയർത്തുക
4. ഇടപാടിൽ കോൺഗ്രസ് ബന്ധം ഉയർത്തിയുള്ള പ്രതിരോധം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |