SignIn
Kerala Kaumudi Online
Friday, 31 July 2026 4.04 AM IST

പുലിയിറങ്ങിയ പ്രദേശത്ത് എല്ലിൻ കഷണങ്ങൾ, ആശങ്ക ഒഴിയാതെ മലയോരം

puli-
പുലി ഭക്ഷിച്ചതിന് ശേഷം ഉപേക്ഷിച്ച എല്ലിന്‍ കഷ്ണം

കണ്ണൂർ: വനമേഖലയിൽ നിന്ന് വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടന്നതോടെ മലയോര ഗ്രാമങ്ങൾ ഭീതിയിൽ. പുലിയിറങ്ങിയ ചുഴലി കൊളത്തൂരിൽ മൃഗങ്ങളുടെ എല്ലിൻ കഷണങ്ങൾ കണ്ടെത്തി. പ്രദേശത്തെ ചെറിയ കാടുകളിൽ ചിതറി കിടക്കുന്ന നിലയിലാണ് എല്ലിൻ കഷണങ്ങൾ.

പുലി വീണ്ടും കൊളത്തൂരിനടത്തുള്ള പ്രദേശങ്ങളിൽ ഇറങ്ങാനുള്ള സാദ്ധ്യതയുള്ളതിനാൽ വനംവകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. രാത്രി കാലങ്ങളിലുള്ള ഒറ്റയ്ക്കുള്ള സഞ്ചാരം ഒഴിവാക്കാനും പുറത്തിറങ്ങുന്നവർ വെളിച്ചം കരുതാനും നിർദ്ദേശമുണ്ട്. കൊളത്തൂരിൽ പന്നി ശല്യം രൂക്ഷമായതിനാൽ കാട്ടുപന്നികളെ വേട്ടയാടാൻ പുലി വീണ്ടും ഇറങ്ങാനുള്ള സാദ്ധ്യത കൂടുതലാണ്. പ്രദേശത്ത് നിന്ന് ലഭിച്ച എല്ലിൻ കഷണങ്ങൾ കാട്ടുപന്നിയുടേതാണെന്നാണ് സംശയം.

ചെങ്ങളായി പഞ്ചായത്തിലെ ചുഴലി പടിഞ്ഞാറെ മൂലയിലും, കൊളത്തൂരിലും പുലിയെ കണ്ടതിനെ തുടർന്ന് വനം വകുപ്പ് പരിശോധന നടത്തിയത് നാല് ദിവസം മുൻപായിരുന്നു. പുലിയെ പിടികൂടാനാകാത്തതിനെ തുടർന്ന് ജനം കടുത്ത ആശങ്കയിലാണ്.

ജനങ്ങൾ തിങ്ങിപ്പാർക്കുന്നതും വിദ്യാർത്ഥികൾ കടന്നുപോകുന്നതുമായ പ്രദേശത്താണ് പുലിയെ കണ്ടതെന്നാണ് നാട്ടുകാരുടെ വെളിപ്പെടുത്തൽ. കൊളത്തൂർ, ചുഴലി, പടിഞ്ഞാറെ മൂല എന്നിവ ചെങ്ങളായി പഞ്ചായത്തിലാണ്. പഞ്ചായത്തിലെ മറ്റിടങ്ങളിലും പുലി ഇറങ്ങാനുള്ള സാദ്ധ്യത വനം വകുപ്പ് തള്ളിക്കളയുന്നില്ല. കനത്ത ജാഗ്രതയിലാണ് പ്രദേശങ്ങൾ.

ജീവനക്കാർ നാമമാത്രം

വന്യമൃഗശല്യം രൂക്ഷമായ സ്ഥലങ്ങളിൽ കൂടുതൽ റാപ്പിഡ് റെസ്‌പോൺസ് ടീമിനെ (ആർ.ആർ.ടി) വിന്യസിക്കുമെന്ന സർക്കാർ പ്രഖ്യാപനം ഏറെ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും ജനവാസ മേഖലയിലടക്കം വന്യമൃഗങ്ങൾ ഇറങ്ങുന്നത് കർഷകർക്ക് ഭീഷണിയായി തുടരുകയാണ്. അടിയന്തര ഘട്ടങ്ങളിൽ പോലും വിളിച്ചാൽ ഉദ്യോഗസ്ഥരെത്താത്ത സാഹചര്യമുണ്ട്. പല സ്ഥലങ്ങളിലും നാമമാത്രമായ ജീവനക്കാരാണുള്ളത്. ഒരു ഫോറസ്റ്റ് റെയ്ഞ്ചിൽ രണ്ടിടത്ത് വന്യമൃഗം ഇറങ്ങിയാൽ വലിയ പ്രതിസന്ധിയിലാകും. പട്രോളിംഗ് നടത്താത്തതിനാൽ എവിടെയാണ് വന്യമൃഗങ്ങൾ ഇറങ്ങുന്നതെന്ന് അറിയാനോ മുന്നറിയിപ്പ് നൽകാനോ സാധിക്കാറില്ല.


കർഷകരുടെ അദ്ധ്വാനം വെറുതെ

മലയോര മേഖലയിലെ വന്യമൃഗ ശല്യം കാരണം ഉള്ളതു വിറ്റു പെറുക്കി നാടുവിടേണ്ടി വരുമെന്നാണ് കർഷകർ പറയുന്നത്. രാപ്പകലില്ലാതെ അധ്വാനിച്ചു ചെയ്ത കൃഷികളെല്ലാം വന്യമൃഗങ്ങളും മയിലുകളും നശിപ്പിക്കുകയാണ്. നശിച്ച കാർഷിക വിളകൾക്കു നഷ്ടപരിഹാരം തേടി അധികൃതരുടെ മുൻപിൽ കൈനീട്ടി മടുത്തു. വന്യമൃഗ ശല്യം തടയുന്നതിനുള്ള നടപടികൾക്ക് കയറിയിറങ്ങാത്ത ഓഫീസുകളും ഇല്ല. പയ്യാവൂർ, കുടിയാന്മല മേഖലയിലെ കർഷകരാണ് കൂടുതൽ ആശങ്കപ്പെടുന്നത്.

കൊളത്തൂർ ഭാഗത്തുനിന്ന് പുലിയെ പിടികൂടാനുള്ള നടപടികൾ വനം വകുപ്പ് ഊർജിതമാക്കണം. പുലിയെ പിടികൂടാനായി ഇവിടെ കൂട് സ്ഥാപിക്കണം

നാട്ടുകാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, WILDANIMAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL