SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.08 AM IST

മഴയൊഴിഞ്ഞു: ദുരിതം ഒഴിയാതെ മലയോര ഗ്രാമങ്ങൾ

sreekandapuram-
ശ്രീകണ്ഠപുരം ടൗണിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ

കണ്ണൂർ: മഴ കുറഞ്ഞതോടെ മലയോര മേഖലയിലെ ടൗണുകളിൽ നിന്ന് വെള്ളമിറങ്ങിയെങ്കിലും വ്യാപാരികളുടെ ദുരിത്തിന് ശമനമില്ല. ഞായറാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിന്റെ കെടുതികൾ നീങ്ങാൻ ദിവസങ്ങളെടുക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.


ശ്രീകണ്ഠപുരം, ചെങ്ങളായി ടൗണുകളിൽ വ്യാപാരികൾ ശുചീകരണ പ്രവർത്തനങ്ങളുമായ് മുന്നോട്ടുപോവുകയാണ്. നഗരസഭയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഹരിത സേന, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരും ഇന്നലെ രാവിലെ മുതൽ വൈകുന്നേരം വരെ ടൗണിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ശുചീകരണ പ്രവർത്തനത്തിന് നഗരസഭ വൈസ് ചെയർപേഴ്സൺ നിഷിദ റഹ്മാൻ നേതൃത്വം നൽകി.
മഹാപ്രളയത്തിന് എട്ടു വർഷം പൂർത്തിയാകാൻ 15 ദിവസം ബാക്കി നിൽക്കെയുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന്റെ ആശങ്കയിലാണു വ്യാപാരികളും മലയോര മേഖലയിലെ ജനങ്ങളും. 2018 ഓഗസ്റ്റ് 15നുണ്ടായ വെള്ളപ്പൊക്കത്തിൽ വ്യാപാരികൾക്കു വൻ നഷ്ടമുണ്ടായിരുന്നു.

2018ലെ വെള്ളപ്പൊക്കം മനുഷ്യനിർമിതമാണെന്ന് ആരോപണം ഉയർന്നെങ്കിലും വെള്ളപ്പൊക്കത്തിൽ നാശം നേരിട്ട മലയാര ഗ്രാമങ്ങളിലെ വ്യാപാരികൾക്ക് ഒരു രൂപ പോലും നഷ്ടപരിഹാരം സർക്കാരിൽ നിന്നു ലഭിച്ചിട്ടില്ല. ഇതിനിടയിലാണ് അപ്രതീക്ഷിതമായി മറ്റൊരു വെള്ളപ്പൊക്കത്തിന് കൂടി ശ്രീകണ്ഠപുരവും ചെങ്ങളായിയും സാക്ഷിയാകുന്നത്. വെള്ളപ്പൊക്കം കാരണം മടമ്പത്തെ കർഷകരും ദുരിതത്തിലായി. ഏക്കറോളം വരുന്ന വാഴ, കപ്പ, കുരുമുളക് കൃഷികളും നശിച്ചു. പുഴയോട് ചേർന്ന് നിൽക്കുന്ന മേഖലയായതിനാൽ വെള്ളം കൃഷിയിടത്തിലേക്കും ഒഴുകി എത്തുകയായിരുന്നു.

വ്യാപാരികൾക്ക് നഷ്ടം കോടികൾ

പലകടകളിലും ഓണക്കാലത്തേക്കുള്ള സാധനങ്ങൾ സ്റ്റോക്ക് ചെയ്തു തുടങ്ങിയപ്പോഴാണ് വെള്ളപ്പൊക്കം എത്തിയത്. ഒട്ടേറെ കടകൾ വെള്ളത്തിൽ മുങ്ങി. ഒരു കോടി രൂപയിലധികം നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. തുണി ഉത്പന്നങ്ങൾ, ഫർണിച്ചറുകൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ എന്നിവ സ്ഥാപനങ്ങളിലെത്തിച്ചിരുന്നു. വെള്ളം കയറിയതോടെ സാധനങ്ങളെല്ലാം നശിച്ചു പോയെന്നാണ് വ്യാപാരികൾ പറയുന്നത്. തുണിത്തരങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ എന്നിവ വൻതോതിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ഇരിക്കൂറിൽ നിന്നുള്ളവരാണ് ശ്രീകണ്ഠപുരത്ത് കൂടുതലായും കച്ചവടം ചെയ്യുന്നവർ. അവർ എത്തുമ്പോഴേക്കും വെള്ളം കടയുടെ അകത്തേക്ക് പ്രവേശിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MAZHAKKALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL