കണ്ണൂർ: ഒരാളുടെ ജീവൻ രക്ഷിക്കാനിറങ്ങിയ യുവാവിനെ തിരയുകയാണ് ഒരുനാട്. ചെറുപുഴ മീന്തുള്ളി തുരുത്തിൽ കുടുങ്ങിയ ആളെ രക്ഷിക്കാനിറങ്ങിയ അഗ്നിരക്ഷാ സേനാംഗം രാജേഷിനെ (36) കാണാതായിട്ട് മൂന്നു ദിവസം പിന്നിടുന്നു.
തിരുവനന്തപുരം കല്ലിയൂർ സ്വദേശിയായ രാജേഷ് ശനിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സഹപ്രവർത്തകരായ ഷിബിനും ജിതിനുമൊപ്പം രക്ഷാദൗത്യത്തിനിറങ്ങിയത്. വനമേഖലയോട് ചേർന്ന തുരുത്തിൽ പെട്ടുപോയ സമ്പന്നയിലെ ബെന്നി (61)യെ രക്ഷിക്കുകയായിരുന്നു ലക്ഷ്യം. കുത്തൊഴുക്കുള്ള പുഴ നീന്തിക്കടന്ന് തുരുത്തിലെത്തിയ രാജേഷ്, സ്വന്തം ലൈഫ്ജാക്കറ്റ് ഊരി ബെന്നിയെ ധരിപ്പിച്ചാണ് രക്ഷപ്പെടുത്തിയത്.
മടക്കയാത്രയിൽ ബെന്നിയെ മുന്നിലും ഷിബിനെയും ജിതിനെയും നടുവിലും നിർത്തി, ഏറ്റവും പിന്നിൽ സുരക്ഷാവടം പിടിച്ചാണ് രാജേഷ് നീങ്ങിയത്. 40 മീറ്ററോളം വീതിയുള്ള പുഴ മുറിച്ചുകടന്ന് കരയ്ക്കടുക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ, ശക്തമായ ഒഴുക്കിൽ വടത്തിലെ പിടിവിട്ട് ഒഴുക്കിൽ പെടുകയായിരുന്നു.
അഗ്നിരക്ഷാ സേനയും സ്‌കൂബാ ഡൈവർമാരും നാട്ടുകാരും ചേർന്ന് കാര്യങ്കോട് പുഴ കേന്ദ്രീകരിച്ച് ഇന്നലെ വൈകിട്ടുവരെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മലവെള്ളപ്പാച്ചിലും വെളിച്ചക്കുറവും തിരച്ചിലിന് തടസ്സമായതോടെ ഇന്നത്തേക്ക് നീട്ടിവച്ചു. റോപ്പ് ക്ലൈംബിംഗിലും നീന്തലിലും വിദഗ്ദ്ധനായ രാജേഷ് ത്രോ ബോൾ ദേശീയ ടീം അംഗം കൂടിയാണ്. വയനാട് ദുരന്തമുഖത്തും 2018ലെ പ്രളയകാലത്തും മുൻനിരയിൽ നിന്ന് രക്ഷാപ്രവർത്തനം നടത്തിയ പരിചയസമ്പത്തുള്ളതിനാൽ ഒന്നും സംഭവിക്കില്ലെന്ന പ്രതീക്ഷയിലാണ് സുഹൃത്തുക്കളും കുടുംബവും.
'എന്റെ ജീവനു പകരമാണ് ആ മുഖം'; വിതുമ്പി ബെന്നി
തന്നെ മരണത്തിൽ നിന്ന് ജീവിതത്തിലേക്കു കൈപിടിച്ചുയർത്തിയ യുവാവ് ഇപ്പോഴും കാണാമറയത്താണെന്നോർത്ത് വിതുമ്പുകയാണ് ബെന്നി. 'രാജേഷും കൂട്ടുകാരും വന്നില്ലായിരുന്നെങ്കിൽ താൻ ഇന്ന് ജീവനോടെ ഉണ്ടാവില്ലായിരുന്നു. അറുപത്തിയൊന്നു വയസ്സായ എനിക്ക് എന്തെങ്കിലും സംഭവിച്ചാലും സാരമില്ലായിരുന്നു' തന്നെ രക്ഷിക്കാൻ രാജേഷ് ഇറങ്ങേണ്ടിയിരുന്നില്ലെന്ന് ബെന്നി പരിതപിക്കുന്നു.
ഉരുൾപൊട്ടലിന്റെ വാർത്തയറിഞ്ഞ് കൃഷിയിടം സംരക്ഷിക്കാൻ ഓടിയെത്തിയതായിരുന്നു ബെന്നി. കർണാടകവനത്തിനും കാര്യങ്കോടുപുഴയ്ക്കും ഇടയിലുള്ള തുരുത്തിൽ കാൽ മൂടാനുള്ള വെള്ളം മാത്രമേ അപ്പോഴുണ്ടായിരുന്നുള്ളൂ. എന്നാൽ മൂന്നു മണിയോടെ കാര്യങ്ങൾ മാറിമറിഞ്ഞു. നിമിഷങ്ങൾക്കകം അരയ്‌ക്കൊപ്പമായി ഉയർന്ന വെള്ളം അപകടം വിളിച്ചറിയിച്ചു. 1971 മുതൽ പുഴയെ അറിയാവുന്ന ബെന്നിക്ക് ഇത്തവണത്തെ ഒഴുക്കിന്റെ ശക്തി പിടികിട്ടിയില്ല.
ഭാര്യ ആൻസിയെയും പഞ്ചായത്തംഗം റോഷി ജോസിനെയും വിളിച്ചറിയിച്ചതിനു പിന്നാലെ ഫോൺ കൈയിൽ നിന്ന് തെറിച്ചുപോയി. ചെരിപ്പും വസ്ത്രവുമെല്ലാം ഒഴുക്കിൽ നഷ്ടപ്പെട്ടു. പണിയായുധങ്ങൾ സൂക്ഷിച്ച ഷെഡ് അടക്കം ഒലിച്ചുപോയപ്പോൾ വെള്ളം കഴുത്തറ്റമെത്തി. തെങ്ങിൽ വട്ടംപിടിച്ചു നിന്ന ബെന്നിക്ക് മുന്നിൽ രാജേഷും സംഘവും പ്രത്യക്ഷപ്പെട്ടത് അപ്പോഴാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |