
ട്രാഫിക് പരിഷ്കാരം ഓട്ടോഡ്രൈവർമാരുടെയും വ്യാപാരികളുടെയും പ്രതിഷേധത്തിനൊടുവിൽ പിൻവലിച്ചു
കണ്ണൂർ:നഗരത്തിൽ ഏർപ്പെടുത്തിയ ഗതാഗത പരിഷ്കാരം ഓട്ടോ ഡ്രൈവർമാരും വ്യാപാരികളും ശക്തമായി പ്രതിഷേധിച്ചതിനെ തുടർന്ന് പിൻവലിച്ചു.ഇന്നലെ വൈകീട്ട് അസി. പൊലീസ് കമ്മീഷണർ എം.പി. ആസാദ് ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പരിഷ്‌കരണം പൂർണമായും ഒഴിവാക്കിയത്.
പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് ചേർന്ന യോഗത്തിലാണ് പരിഷ്കരണം പിൻവലിക്കാൻ തീരുമാനിച്ചത്. നഗരത്തിൽ കൂടുതൽ പൊലീസിനെ വിന്യസിക്കാനും അനധികൃതപാർക്കിംഗുകൾക്കെതിരെ നടപടി ശക്തമാക്കുന്നതിനും കൂടുതൽ പാർക്കിംഗ് കേന്ദ്രങ്ങൾ ഏർപ്പെടുത്താനും ഈ യോഗത്തിൽ തീരുമാനമായി.വ്യാപക പരാതി ഉയർന്നതിന് പിന്നാലെ മേയറും പരിഷ്‌കരണ തീരുമാനം പിൻവലിക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിരുന്നു. റെഗുലേറ്ററി കമ്മിറ്റി നിർദ്ദേശമല്ല പൊലീസ് നടപ്പാക്കിയതെന്ന വിമർശനവും മേയർ ഉന്നയിച്ചു.
രാവിലെ താവക്കരയിൽ പ്രതിഷേധിച്ച ഓട്ടോക്കാരോട് സിറ്റി പൊലീസ് കമ്മീഷണർ വിജയ ഭരത് റെഡ്ഡി തന്നെ സ്ഥലത്തെത്തി റോഡിൽ നിന്നും മാറി നിൽക്കാൻ ആവശ്യപ്പെട്ടിരുന്നു.പരിഷ്ക്കരണം ജനങ്ങൾക്ക് വേണ്ടി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനമാണെന്നായിരുന്നു കമ്മിഷണറുടെ നിലപാട്. പിന്നാലെ ഇന്നലെ രാവിലെ 11 ന് ഓട്ടോ ഡ്രൈവർമാരുടേയും വ്യാപാരികളുടേയും പ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും ചർച്ച ഫലം കണ്ടില്ല. പിന്നാലെ സ്ഥലത്തെത്തിയ അസി.പൊലീസ് കമ്മീഷണർ എം.പി.ആസാദ് വ്യാപാരികളുമായും ഓട്ടോ ഡ്രൈവർമാരുമായും സംസാരിച്ച് ഒരു ദിവസത്തെ പരീക്ഷണത്തിന് ശേഷം ആവശ്യമെങ്കിൽ ട്രാഫിക് പരിഷ്ക്കരണത്തിൽ മാറ്റം വരുത്താമെന്നും നൽകിയ ഉറപ്പിലാണ് പ്രതിഷേധം അവസാനിച്ചത്.പ്രതിഷേധത്തിന്റെ ഭാഗമായി വ്യാപാരികൾ റോഡ് ഉപരോധിച്ചിരുന്നു.ഓണത്തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ ഏർപ്പെടുത്തിയ താത്ക്കാലിക ഗതാഗത പരിഷ്‌കാരത്തിൽനെതിരെ വ്യാപാരി വ്യവസായി സമിതി ഏരിയാകമ്മിറ്റിയും കണ്ണൂർ ജില്ലാ മർച്ചന്റ്സ് ചേംബറും പ്രതിഷേധമറിയിച്ചിരുന്നു.
എതിർപ്പേറ്റിയ പരിഷ്‌കരണം
താവക്കര റോഡിൽ നിന്നും വരുന്ന എല്ലാ വാഹനങ്ങളും പുതിയ ബസ് സ്റ്റാന്റ് റോഡ് - എം ജി റോഡ് - ഫോർട്ട് റോഡ് വഴി മാത്രം മുനീശ്വരൻ കോവിൽ റോഡിലേക്ക് പോകണമെന്നതായിരുന്നു ഏറ്റവും എതിർപ്പ് വിളിച്ചുവരുത്തിയ പരിഷ്കരണനിർദ്ദേശം. റെയിൽവേ സ്റ്റേഷൻ വടക്ക് കവാടം വഴി പുറത്തേക്ക് വരുന്ന വാഹനങ്ങൾ മുനീശ്വരൻ കോവിൽ - ഫോർട്ട് റോഡിലേക്ക് നേരിട്ട് കയറാതെ താവക്കര എം.ജി റോഡ് - ഫോർട്ട് റോഡ് വഴി മുനീശ്വരൻ കോവിൽ ഭാഗത്തേക്ക് പോകണമെന്ന നിർദ്ദേശവും എതിർപ്പേറ്റി. പ്രഭാത് ജംഗ്ഷൻ ഭാഗത്തു നിന്നും ബാങ്ക് റോഡിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങൾ ഫോർട്ട് റോഡ് വഴി വൺവേയിലൂടെ പ്രവേശിക്കണമെന്നതായിരുന്നു മറ്റൊരു നിർദ്ദേശം.
നഗരം ചുറ്റിവളയാൻ വയ്യെന്ന് ഓട്ടോ ഡ്രൈവർമാർ
താവക്കര ഐ.ഒ.സി ഓട്ടോ സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്കെത്തുന്നതിന് നഗരം ചുറ്റിവളഞ്ഞ് പോകേണ്ട സ്ഥിതിയാണെന്നായിരുന്നു ഓട്ടോ ഡ്രൈവർമാരുടെ അഭിപ്രായം.ഓട്ടോ സ്റ്റാൻഡിന് എതിർ വശത്തെ റോഡും പൂർണമായി അടച്ചതോടെ വഴിയടഞ്ഞ് കച്ചവടം പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണ് പുതിയ പരിഷ്‌കരണമെന്നായിരുന്നു പ്രതിഷേധിച്ച വ്യാപാരികളുടെ ആക്ഷേപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |