തൃശൂർ: സംസ്ഥാന സ്‌കൂൾ ഗെയിംസ് നീന്തൽ മത്സരങ്ങൾക്കിടെ താത്കാലിക ഷെഡിന്റെ ഇരുമ്പുഷീറ്റുകൾ വീണ് മത്സരാർത്ഥികൾ ഉൾപ്പെടെ പരിക്കേറ്റ അക്വാട്ടിക് കോംപ്ലക്‌സ് സന്ദർശിച്ച് കായിക മന്ത്രി ഒ.ജെ. ജനീഷ്. സ്വന്തം ജില്ലയിൽ അപകടം നടന്നിട്ടും കായികമന്ത്രി എത്തിയില്ലെന്ന് വിമർശനം ഉയരുന്നതിനിടെയാണ് സന്ദർശനം.
താത്കാലിക പന്തലിൽ മന്ത്രി നേരിട്ടെത്തി പരിശോധന നടത്തി. മേയർ ഡോ. നിജി ജസ്റ്റിൻ, രാജൻ ജെ. പല്ലൻ എം.എൽ.എ., കളക്ടർ ശിഖ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. 'പന്തൽ നിർമ്മാണത്തിൽ വലിയ അപാകതയും വീഴ്ചയും സംഭവിച്ചിട്ടുണ്ടെന്നത് മറച്ചുവയ്ക്കാനാകാത്ത വസ്തുതയാണെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കനത്ത മഴയും കാറ്റുമുണ്ടായിരുന്നെങ്കിലും കായികമേളയ്ക്ക് മുന്നോടിയായി കെട്ടിയുയർത്തിയ പന്തൽ തകർന്നുവീഴാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. ഇരുമ്പുഷീറ്റുകൾ കൃത്യമായി ഘടിപ്പിക്കാതെയാണ് വച്ചിരുന്നതെന്നും അദ്ദേഹം വിലയിരുത്തി. മേൽക്കൂരയിൽനിന്ന് കോൺക്രീറ്റ് അടർന്നുവീഴുന്ന അക്വാട്ടിക് കോംപ്ലക്‌സിലെ ബോക്‌സിംഗ് റിംഗും പരിശീലന നീന്തൽക്കുളവും അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ കുട്ടികൾക്ക് പരിശീലനത്തിന് നൽകരുതെന്നും സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ടി.എം.സ്മിതയോട് മന്ത്രി നിർദ്ദേശിച്ചു. കോൺക്രീറ്റ് പാളികൾ വീഴാതിരിക്കാൻ പച്ചഷീറ്റ് കെട്ടിയ നിലയിലായിരുന്നു അക്വാട്ടിക് കോംപ്ലക്‌സ്. അദ്ധ്യാപക സംഘടനകളുടെ പ്രതിനിധികൾ ഉൾപ്പെട്ട ഗ്രൗണ്ട് ആൻഡ് എക്യുപ്‌മെന്റ് കമ്മിറ്റിക്കാണ് പന്തൽ നിർമ്മാണ ചുമതല. മത്സരങ്ങൾക്ക് മുന്നോടിയായി പി.ഡബ്ല്യു.ഡി. പരിശോധന അടക്കമുള്ള സുരക്ഷാ ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് കായിക വകുപ്പ് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഏകോപനമില്ലാതെ സംഘാടനം
സംഘാടനത്തിൽ ഉദ്യോഗസ്ഥതലത്തിൽ തുടക്കം മുതൽ വീഴ്ചയുണ്ടായെന്ന് മന്ത്രി. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് മാറ്റിയ നീന്തൽ, ഫുട്ബാൾ, ബോക്‌സിംഗ് മത്സരങ്ങളുടെ കാര്യത്തിൽ പ്രാദേശികമായി ഏകോപനം ഉണ്ടായില്ല. വിദ്യാഭ്യാസ വകുപ്പിലെ ഡി.ഡി. വിളിച്ചുചേർത്ത യോഗത്തിൽ ജനപ്രതിനിധികളെയോ ജില്ലാ ഭരണകൂടത്തെയോ ക്ഷണിച്ചില്ല. മേയർ, കളക്ടർ, ജനപ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെയൊന്നും സംഭവം അറിയിച്ചിരുന്നില്ല. പൂർണമായും അദ്ധ്യാപക സംഘടനകളെ മാത്രം ചുമതല ഏൽപ്പിച്ച് ഉദ്യോഗസ്ഥർ മാറിനിൽക്കുകയായിരുന്നുവെന്നും ഇത് നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
2019ൽ നവീകരിച്ച അക്വാട്ടിക് കോംപ്ലക്‌സ് 2026ൽ എത്തുമ്പോൾ മേൽക്കൂര അടർന്നു വീഴുകയാണ്. നിർമ്മാണ സമയത്ത് തന്നെ ഗുരുതര ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴത്തെ അവസ്ഥ അന്ന് നടന്ന നിലവാരമില്ലാത്ത നിർമ്മാണത്തിന്റെ തെളിവാണ്.
ഒ.ജെ. ജനീഷ്, കായിക മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |