പത്തനംതിട്ട : മൂന്ന് ദിവസമായി ജില്ലയുടെ മിക്ക പ്രദേശങ്ങളിലും കനത്ത മഴ ലഭിച്ചെങ്കിലും ശബരിഗിരി അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങൾ വരണ്ടുണങ്ങി. ഇവിടേക്ക് മഴ എത്തി നോക്കിയിട്ടുപോലുമില്ല. തെക്കുപടിഞ്ഞാറൻ കാലവർഷം പ്രതീക്ഷിച്ച തോതിൽ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർത്തിയിരുന്നില്ല. ഇനി തുലാവർഷത്തിലാണ് പ്രതീക്ഷ. പമ്പ, കക്കി, മൂഴിയാർ അണക്കെട്ടുകളിലെ ശരാശരി ജലനിരപ്പ് ഇന്നലെ 41 ശതമാനമാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 58 ശതമാനമായിരുന്നു. ജൂലായിൽ മഴ ദുർബലമായിരുന്നു. ആഗസ്റ്റ് ഒന്നിനും രണ്ടിനുമുണ്ടായ മിന്നൽ പ്രളയം അണക്കെട്ടുകളിലെ ജലനിരപ്പ് നേരിയ തോതിൽ ഉയർത്തിയിരുന്നു. മഴ മാറിയതിനെ തുടർന്ന് ജല നിരപ്പ് താഴ്ന്നു. ഈ വർഷം വെള്ളം പ്രതീക്ഷിച്ച തോതിൽ ലഭിക്കാത്തതുകൊണ്ട് വൈദ്യുതി ഉത്പാദനം കൂട്ടിയില്ല. വെള്ളം സംഭരിച്ചു നിറുത്തുകയായിരുന്നു. ആവശ്യത്തിന് അനുസരിച്ച് പീക്ക് അവറിൽ മാത്രമായി ഉത്പാദനം കുറച്ചു. ഒരുദിവസം ആറ് മില്യൺ യൂണിറ്റ് എന്നത് ഒരു മില്യണാക്കിയിരുന്നു. ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ മഴ കൂടുതൽ ലഭിക്കുമെന്ന പ്രതീക്ഷിച്ചു. എന്നാൽ, മഴ മേഘങ്ങളില്ലാതെ കടുത്ത ചൂടിൽ ഉരുകി.
# അണക്കെട്ടുകളിലെ ഇന്നലത്തെ ജലനിരപ്പ് (ബ്രാക്കറ്റിൽ കഴിഞ്ഞവർഷം ഇതേ ദിവസം)
പമ്പ: 23% (46)
കക്കി : 65% (79)
മൂഴിയാർ : 35% (49)
രാവിലെ ഏഴു മുതൽ 10വരെയും വൈകിട്ട് ആറ് മുതൽ 10വരെയുമാണ് നിലവിലെ വൈദ്യുതി ഉത്പ്പാദനം.
..............................................
'' തുലാവർഷം കാര്യമായി ലഭിച്ചില്ലെങ്കിൽ ഉത്പ്പാദനം പരിമിതപ്പെടുത്തേണ്ടി വരും.
(കെ.എസ്.ഇ.ബി അധികൃതർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |