SignIn
Kerala Kaumudi Online
Monday, 24 August 2026 1.22 AM IST

തസ്തിക നിലനിർത്താൻ വ്യാജരേഖ സ്കൂളുകൾക്കെതിരെ വിജി.റിപ്പോർട്ട് 'ഹാജർപട്ടികയിലുണ്ട്  ക്‌ളാസിലില്ല"

school

കണ്ണൂർ: കുട്ടികളെ വ്യാജമായി ഉൾപ്പെടുത്തിയ ഹാജർപ്പട്ടിക കാണിച്ച് തസ്തിക നിലനിർത്താനുള്ള ഒരു കൂട്ടം വിദ്യാലയങ്ങൾക്കെതിരെ എട്ട് മാസം നീണ്ട രഹസ്യാന്വേഷണത്തിനൊടുവിൽ ക്രിമിനൽ നടപടിക്ക് അനുമതി തേടി വിജിലൻസ് സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിച്ചു.അഴിമതി നിരോധന നിയമവും ഭാരതീയ ന്യായസംഹിതയും പ്രകാരം കേസ് രജിസ്റ്റർ ചെയ്യാനുള്ള അനുമതിക്കായാണ് കണ്ണൂർ വിജിലൻസ് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത് സർക്കാരിലേക്ക് റിപ്പോർട്ട് കൈമാറിയത്.

തസ്തിക നിലനിർത്താൻ ഭൂരിഭാഗം വിദ്യാലയങ്ങളും കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാട്ടിയെന്നാണ് കണ്ടെത്തൽ. ഹാജർപ്പട്ടിക, അഡ്മിഷൻ രജിസ്റ്റർ, ഉച്ചഭക്ഷണ രജിസ്റ്റർ എന്നിവയിൽ വ്യാപകമായി വ്യാജരേഖകൾ ചമച്ചു. യൂണിഫോം, പാഠപുസ്തകം, ഉച്ചഭക്ഷണം എന്നിവയിലും കൃത്രിമം കാട്ടി സർക്കാരിന് സാമ്പത്തിക നഷ്ടം വരുത്തി.
പയ്യന്നൂർ, മാടായി, തളിപ്പറമ്പ നോർത്ത്, സൗത്ത്, ഇരിക്കൂർ ഉപജില്ലകൾക്ക് കീഴിൽ മാത്രം 11 വിദ്യാലയങ്ങളിൽ ക്രമക്കേട് കണ്ടെത്തി. കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലും സമാന കൃത്രിമം നടന്നു. മറ്റ് വിദ്യാലയങ്ങളിൽ യഥാർത്ഥത്തിൽ പഠിക്കുന്ന കുട്ടികളെ ഇവിടെ ചേർത്തതായി കാണിച്ചാണ് വ്യാജരേഖ ചമച്ചത്. ചില കുട്ടികളുടെ മേൽവിലാസം പോലും വ്യാജമായി സൃഷ്ടിച്ചു. കേന്ദ്രീയ വിദ്യാലയത്തിലും കാസർകോട് ജില്ലയിലും പഠിക്കുന്ന കുട്ടികളെപ്പോലും തങ്ങളുടെ സ്‌കൂളിൽ ചേർത്തതായി രേഖയുണ്ടാക്കിയ വിദ്യാലയങ്ങളുണ്ട്.

മൂന്ന് സ്‌ക്വാഡുകളായി നടത്തിയ അന്വേഷണത്തിൽ ഇൻസ്‌പെക്ടർമാരായ സുനിൽകുമാർ, ബിനുമോഹൻ, എസ്.ഐമാരായ നിജേഷ്, രാധാകൃഷ്ണൻ, പ്രവീൺ, രാജേഷ്, എ.എസ്.ഐമാരായ ജയശ്രീ, രാജേഷ്, സജിത്ത്, രാജേഷ് എഴോം എന്നിവരും പങ്കാളികളായിരുന്നു.


ഒരു ക്ലാസ്സിൽ 19 പേർ അധികം
തലശ്ശേരി ഭാഗത്തെ ഒരു സ്‌കൂളിലെ ഒറ്റ ക്ലാസ്സിൽ 19 കുട്ടികളെയാണ് കൃത്രിമമായി ഹാജർ പട്ടികയിൽ പെടുത്തിയത്. അഞ്ചരക്കണ്ടിയിലെ ഒരു സ്‌കൂളിൽ തൊട്ടടുത്ത വിദ്യാലയത്തിലെ കുട്ടികളുടെ പേരും വ്യാജമായി ചേർത്തു.

അദ്ധ്യാപകരും പ്രതികളാകും

ആദ്യഘട്ടത്തിൽ പ്രധാനാദ്ധ്യാപകരും ക്ലാസ് ടീച്ചർമാരും പ്രതികളാകുമെന്നാണ് വിവരം. ക്രമക്കേട് പരിശോധിക്കേണ്ട ഉയർന്ന ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന് കേസ് രജിസ്റ്റർ ചെയ്തശേഷം അന്വേഷിക്കും. കണ്ണൂർ നഗരത്തിനടുത്തുള്ള സ്‌കൂൾ അടക്കം ജില്ലയിലെ വിവിധ വിദ്യാലയങ്ങൾ ഇപ്പോഴും നിരീക്ഷണത്തിലാണ്.സമ്മർദ്ദം മൂലമാണ് വ്യാജ അഡ്മിഷൻ ഒരുക്കേണ്ടിവന്നതെന്ന് ചില അദ്ധ്യാപകർ വെളിപ്പെടുത്തിയിട്ടുണ്ട്.എന്നാൽ ക്രിമിനൽ നടപടിയിൽ നിന്ന് ആർക്കും ഒഴിവാകാനാവില്ലെന്നാണ് വിജിലൻസ് നിലപാട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL