SignIn
Kerala Kaumudi Online
Thursday, 08 October 2026 4.02 AM IST

ഇ.എസ്.ഐ ആശുപത്രിയിൽ മരുന്നുണ്ട്, ജീവനക്കാരില്ല

esi-pharmacy-
ജീവനക്കാരൻ ഇല്ലാത്തതിനെ തുടർന്ന് അടച്ചുപൂട്ടിയിട്ട തോട്ടട ഇ.എസ്.ഐ ആശുപത്രിയിലെ ഫാർമസി

കണ്ണൂർ: മരുന്ന് ഉണ്ടായിട്ടും ജീവനക്കാരൻ ഇല്ലാത്തതിനെ തുടർന്ന് ആശുപത്രി ഫാർമസി അടച്ചുപൂട്ടിയത് രോഗികളെ ദുരിതത്തിലാക്കുന്നു. തോട്ടട ഇ.എസ്.ഐ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്ന നിരവധി രോഗികളാണ് ദുരിതം അനുഭവിക്കുന്നത്.

കാസർകോട് മുതൽ കൂത്തുപറമ്പ് വരെയുള്ള 12 ഇ.എസ്.ഐ ഡിസ്‌പെൻസറികളിൽ നിന്നും റഫർ ചെയ്തും അല്ലാതെയും പ്രതിദിനം 200ലധികം വരുന്ന രോഗികൾ ഒ.പിയിൽ ചികിത്സക്കായെത്തുന്ന ആശുപത്രിയിലെ ഫാർമസിയാണ് മാസങ്ങളായി അടഞ്ഞു കിടക്കുന്നത്. ആശുപത്രിയിലെ താത്കാലിക ഫാർമസിസ്റ്റ് അപകടത്തെ തുടർന്ന് അവധിയിലായതോടെയാണ് തൊഴിലാളികളുടെ ആശ്രയകേന്ദ്രമായിരുന്ന തോട്ടട ഇ.എസ്.ഐ ആശുപത്രി ഫാർമസി അടച്ചുപൂട്ടേണ്ടി വന്നത്. പൂട്ടിയിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പകരം ജീവനക്കാരന്റെ നിയമനം ഫയലുകളിൽ ഇഴയുകയാണ്. കിടത്തിച്ചികിത്സ ആവശ്യമില്ലാത്ത രോഗികൾ പുറമെനിന്ന് പണം കൊടുത്ത് മരുന്നുകൾ വാങ്ങിക്കുകയാണ്.
ഫാർമസി അടച്ചുപൂട്ടിയത് കാരണം സ്റ്റോക്കുള്ള മരുന്നുകൾ നശിച്ചു പോകാതിരിക്കാൻ മറ്റ് ജീവനക്കാർ മുൻകൈ എടുത്ത്, മരുന്നുകൾ കാലാവധി തീരുന്നതിന് മുൻപ് മറ്റ് ഡിസ്‌പെൻസറികളിൽ എത്തിക്കുകയാണ്.

ഫാർമസിയിൽ സ്ഥിരം ജീവനക്കാരനെ നിയമിക്കണമെന്ന ആവശ്യം ആശുപത്രി വികസന സമിതി യോഗം മുതൽ മുകളിലോട്ട് വരെ നിരവധി തവണ ബന്ധപ്പെട്ടവർ ഉന്നയിച്ചിരുന്നു. അടുത്ത ദിവസം ആശുപത്രിയിലെത്തുന്ന ഇൻഷ്വറൻസ് മെഡിക്കൽ സർവ്വീസ് ഡയറക്ടർക്ക് മുൻപാകെയും വിഷയം ഉന്നയിക്കാനുള്ള തയ്യാറെടുപ്പിലാണ് ജീവനക്കാർ. കൂടാതെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിതരാവുന്നവരെ ഒരു വർഷത്തേക്കെങ്കിലും തുടരാൻ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. സ്ഥലം എം.എൽ.എ അഡ്വക്കറ്റ് ടി.ഒ മോഹനൻ വഴി സർക്കാരിൽ നിന്നും അനുകൂല തീരുമാനം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാർ.

പ്രശ്നമാകുന്നത് സ്ഥിരം ജീവനക്കാരില്ലാത്തത്

സംസ്ഥാനത്തെ ഇ.എസ്.ഐ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുകൾ ഉണ്ടെങ്കിലും സ്ഥിരം ജീവനക്കാരനെ നിയമിക്കാത്തത് പലപ്പോഴും പ്രശ്നങ്ങൾക്ക് കാരണമാവുകയാണ്. സ്ഥിരം ജീവനക്കാരുടെ അഭാവത്തിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന 6 മാസത്തേക്കാണ് താത്കാലികക്കാരെ നിയമിക്കുന്നത്. തോട്ടട ഇ.എസ്.ഐ ആശുപത്രിയിൽ നിയമിതയായ ഫാർമസിസ്റ്റ് അപകടത്തെ തുടർന്ന് പരിക്കേറ്റ് കഴിഞ്ഞ മേയ് 25 മുതൽ അവധിയിലായിരുന്നു. പകരം ജീവനക്കാർ ഇല്ലാത്തതിനെ തുടർന്ന് അന്ന് മുതൽ ആശുപത്രിയിലെ ഫാർമസി അടഞ്ഞുകിടക്കുകയാണ്. ജോലിക്ക് വരാൻ പറ്റാത്ത സാഹചര്യമായതിനാൽ ജൂൺ 24ന് ജീവനക്കാരി ചുമതലയിൽ നിന്ന് ഒഴിവായിരുന്നു. ഈ വിവരം ആശുപത്രി അധികൃതർ കോഴിക്കോട് മേഖല ഓഫീസിൽ അറിയിക്കുകയും ചെയ്തു. നാല് മാസം പിന്നിട്ടിട്ടും ഫാർമസി തുറന്ന് പ്രവർത്തിക്കാത്തത് പാവപ്പെട്ടവരായ തൊഴിലാളികൾക്കിടയിൽ പ്രതിഷേധത്തിന് കാരണമാവുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, ESI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL