ഓയൂർ : ഏറെക്കാലമായി മുടങ്ങിക്കിടന്നിരുന്ന അമ്പലംകുന്ന് - പൊരിയക്കോട് റോഡിന്റെ പണികൾ ഒടുവിൽ പുനരാരംഭിച്ചു. റോഡിൽ മെറ്റൽ നിരത്തി ആദ്യഘട്ട ടാറിംഗ് ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഇനി രണ്ട് ലെയർ ടാറിംഗ് കൂടിയാണ് നടക്കാനുള്ളത്. നിലവിൽ ടാർ ലഭ്യമല്ലാത്തതുകൊണ്ടാണ് പണികൾ വൈകുന്നതെന്ന് നാട്ടുകാർ പറയുന്നു.
വർഷങ്ങളുടെ കാത്തിരിപ്പും സമരങ്ങളും
രണ്ട് വർഷത്തോളമായി ഈ റോഡിന്റെ പണി തുടങ്ങിയിട്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ടെൻഡർ ചെയ്ത് ആരംഭിച്ച പണി പിന്നീട് രണ്ട് തവണ മുടങ്ങിയിരുന്നു. കരാറുകാരനുമായുണ്ടായ തർക്കത്തെത്തുടർന്ന് റോഡ് നിർമ്മാണം കാലങ്ങളോളം തടസ്സപ്പെട്ടു. തുടർന്ന് നാട്ടുകാരുടെ കൂട്ടായ പ്രവർത്തനങ്ങളും ശക്തമായ പത്രവാർത്തകളും മൂലമാണ് ഇപ്പോൾ പണി വീണ്ടും ആരംഭിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് സ്ഥലം എം.എൽ.എ.യും മന്ത്രിയുമായിരുന്ന ജെ. ചിഞ്ചുറാണിയെ നാട്ടുകാർ വഴിയിൽ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു.
നടപ്പിലാക്കേണ്ട കാര്യങ്ങൾ
ഇനി റോഡിന്റെ പണി പൂർത്തീകരിച്ച്, റോഡിന്റെ വശങ്ങളിൽ വെള്ളം ഒഴുകിപ്പോകുന്ന ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്യുകയോ ടൈൽ പാകുകയോ ചെയ്താൽ മാത്രമേ റോഡ് ദീർഘകാലം നിലനിൽക്കുകയുള്ളൂ. അടുത്ത മാസത്തോടെ റോഡിന്റെ പണി പൂർത്തിയാകുമെന്നും, തുടർന്ന് ഇതുവഴി സർവീസ് ബസുകൾ സർവീസ് ആരംഭിക്കുമെന്നുമാണ് നാട്ടുകാരുടെ പ്രതീക്ഷയും വിശ്വാസവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |