
തൊടുപുഴ: ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര സൈക്കിൾപോളോ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന ഏക മലയാളിതാരമെന്ന അപൂർവ്വനേട്ടവുമായി തൊടുപുഴക്കാരൻ. മുതലക്കോടം സെന്റ് ജോർജ്ജ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി അൽദിൻ റിയാസിനാണ് ഈ നേട്ടം. കഴിഞ്ഞ നാലു വർഷമായി തുടരുന്ന കഠിനാധ്വാനമാണ് അൽദിനെ അന്താരാഷ്ട്രവേദിയിൽ എത്തിച്ചിരിക്കുന്നത്. സീനിയർ വിഭാഗത്തിൽ മത്സരിക്കുന്ന ഇന്ത്യൻ ടീമിലെ ഏറ്റവും പ്രായംകുറഞ്ഞതാരവുമാണ് ഈപതിനേഴുകാരൻ . ഇതിന് മുമ്പ് 2019ലാണ് ഒരു മലയാളിതാരം അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കുന്നതെങ്കിലും അത് എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. ഇന്ത്യൻ ടീമിലേക്ക് ആദ്യമായി ഒരു വിദ്യാർത്ഥിക്ക് സെലക്ഷൻ കിട്ടിയെന്നതാണ് അൽദിന്റെ പ്രത്യേകത. ഒക്ടോബർ 10, 11 തീയതികളിൽ ഫ്രാൻസിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നതിനായി 8ന് ടീം ബാംഗ്ലൂരിൽ നിന്ന് പുറപ്പെടും. കോച്ച് കെ.കെ. സോണിയും കളിക്കാരുമടക്കം ആറംഗ ടീമാണ് ഫ്രാൻസിലേക്ക് തിരിക്കുന്നത്.
തിരഞ്ഞെടുത്തത് പ്രകടന മികവിൽ
കഴിഞ്ഞ വർഷം ബീഹാറിൽ നടന്ന ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പിൽ കേരള ടീം ക്യാപ്ടനായിരുന്ന അൽദിന്റെ പ്രകടനമികവാണ് ഫ്രാൻസിലേക്ക് വഴിയൊരുക്കിയത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ദേശീയ- സംസ്ഥാന തലത്തിലായി എട്ട് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. നാഗ്പൂർ,കൊൽക്കത്ത, ബീഹാർ എന്നിവിടങ്ങളിലായിരുന്നു നാല് ദേശീയ മത്സരങ്ങൾ. എറണാകുളം, ഇടുക്കി, വയനാട് എന്നിവിടങ്ങളിലായിരുന്നു നാല് സംസ്ഥാനതല മത്സരങ്ങൾ.
രണ്ടു നേരം ചിട്ടയായ പരിശീലനം
2022ൽ എട്ടാ ക്ലാസിൽ പഠിക്കുമ്പോഴാണ് കുമ്പംകല്ല് സ്വദേശിയായ അൽദിൻ കളി തുടങ്ങിയത്. പിതാവും സൈക്കിൾ പോളോ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ ഇലഞ്ഞിക്കുഴിയിൽ റിയാസായിരുന്നു പ്രചോദനം. പിതാവാണ് കളിക്കളത്തിലെ മാർഗദർശിയും. കളിക്കാൻ തുടങ്ങിയശേഷം ഇതുവരെയും ഒറ്റദിവസം പേലും പരിശീലനം മുടക്കിയിട്ടില്ല. രാവിലെയും വൈകിട്ടുമായി ഒരു ദിവസം 5 മണിക്കൂറോളം പരിശീലനമുണ്ട്. മത്സരദിവസങ്ങളിൽ അവധിയും പ്രോത്സാഹനവും നൽകി സ്കൂൾ അധികൃതരും സഹപാഠികളും പിന്തുണയുമായുണ്ട്. പ്ലസ്ടു കമ്പ്യൂട്ടർ സയൻസ് പഠനത്തിനു ശേഷം ആർക്കിടെക്കിൽ ബിരുദം ചെയ്യാനാണ് താത്പര്യം. നെബിയയാണ് മാതാവ്. ഒരു വയസുകാരൻ അബ്രാഹം ഖുറേഷി സഹോദരനാണ്.
'' മത്സരിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. കളി എങ്ങനെയാകുമെന്നതിലുള്ള ആവേശത്തിലാണ് ""
-അൽദിൻ റിയാസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |