SignIn
Kerala Kaumudi Online
Sunday, 06 September 2026 4.08 AM IST

പഴശ്ശി പദ്ധതി കൈക്കനാൽ അപകടാവസ്ഥയിൽ, കക്കാട് നിവാസികൾ ആശങ്കയിൽ

ph-1
അപകടഭീഷണിയിലുള്ള കക്കാട് ഡിവിഷനിലെ പഴശ്ശി ജലസേചന പദ്ധതിയുടെ കൈക്കനാലിന്റെ ഭാഗങ്ങൾ

കണ്ണൂർ: പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായി കക്കാട് ഡിവിഷനിൽ നിർമ്മിച്ച, ഉപയോഗശൂന്യമായ കൈക്കനാൽ അപകടാവസ്ഥയിൽ. കാലപ്പഴക്കത്തെ തുടർന്ന് കോൺക്രീറ്റ് പാളികൾ ഇളകിവീണും ഇരുമ്പുകമ്പികൾ പൊട്ടി പുറത്തേക്ക് തള്ളിയും എപ്പോൾ വേണമെങ്കിലും പൊളിഞ്ഞ് വീഴാറായ നിലയിലാണ്.

യാതൊരു ഉപകാരവുമില്ലാത്ത ഈ കൈക്കനാൽ പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ഇറിഗേഷൻ വകുപ്പിലുൾപ്പെടെ പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. നിരവധി സ്കൂൾ വിദ്യാ‌ർത്ഥികളും വാഹനങ്ങളും ക‌ടന്നു പോകുന്നതിനാൽ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. അടുത്തിടെ ഇതിലൂടെ നടന്നു പോയ ഒരാളുടെ തലയിൽ കോൺക്രീറ്റ് പാളി പൊളിഞ്ഞ് വീണ് സാരമായി പരിക്കേൽക്കുകയുമുണ്ടായി .

1978 കാലഘട്ടത്തിലാണ് ഗ്രാമപ്രദേശങ്ങളിൽ കൃഷിക്കാവശ്യമായ വെള്ളമെത്തിക്കാൻ കൈക്കനാലുകൾ നിർമ്മിച്ചത്.എന്നാൽ പിന്നീട് കൈക്കനാലുകളിലേക്ക് വെള്ളം കടത്തിവിടാതെയായി. 35 വർഷം മുമ്പ് ട്രയൽ എന്ന നിലയിൽ ആദ്യമായി വെള്ളം കടത്തി വിട്ടിരുന്നു. രണ്ട് ദിവസത്തിന് ശേഷം നിർത്തലാക്കി. കൈക്കനാലിന്റെ എല്ലാ ഭാഗത്തും ലീക്കേജുമുണ്ടായിരുന്നു.

നിലവിൽ ആൽമരമുൾപ്പെടെയുള്ള മരങ്ങൾ കനാലിൽ മൂടപ്പെട്ട നിലിയിലാണ്. ഓരോ വാർഡ് സഭകളിലും കനാൽ പൊളിച്ചു നീക്കാൻ ആവശ്യപ്പെടുമ്പോഴും താലൂക്ക് ഓഫീസിൽ നിന്നും നടപടിയൊന്നുമില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.

ഇടിഞ്ഞുവീണ് ഓവർഹെഡ്

പള്ളിപ്രം ഡിവിഷനിലെ വാരം ശാസ്ത്രം കോട്ടം ക്ഷേത്രത്തിന് സമീപം പഴശ്ശി കനാലിന്റെ ഓവർഹെഡ് കഴിഞ്ഞ മാസമാണ് ഇടിഞ്ഞുവീണത്. കാലപ്പഴക്കത്താൽ ജീർണ്ണാവസ്ഥയിലായിരുന്നു. അമ്പത് മീറ്ററോളം നീളമുള്ള ഭാഗമാണ് നിലംപൊത്തിയത്. ഓവർഹെഡിന്റെ അടിഭാഗത്തുകൂടി പ്രധാന റോഡ് കടന്നുപോകുന്നുണ്ടെങ്കിലും സംഭവം നടക്കുമ്പോൾ ആളുകളോ വാഹനങ്ങളോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. കനാലിന്റെ അപകടഭീഷണി നിരവധി തവണ ജലസേചന വകുപ്പിനെ അറിയിച്ചിരുന്നെങ്കിലും യാതൊരുവിധ നടപടിയുമുണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. അഡ്വ. ടി.ഒ. മോഹനൻ എം.എൽ.എ ഉൾപ്പെടെയുള്ളവ‌‌‌ർ‌ സ്ഥലം സന്ദർശിച്ചിരുന്നു.

കനാൽ തകർന്നു, വീടുകളിൽ വെള്ളംകയറി

മട്ടന്നൂർ - കാര - പേരാവൂർ തെളുപ്പിൽ പഴശ്ശി പദ്ധതിയുടെ പ്രധാന കനാൽ തകർന്നതിനെത്തുടർന്ന് കഴിഞ്ഞ മാസം പത്തോളം വീടുകളിൽ വെള്ളം കയറുകയുണ്ടായി. പഴശ്ശി പദ്ധതിയുടെ നിലവിലെ സ്ഥിതിയുടെ അടിസ്ഥാനത്തിൽ മട്ടന്നൂർ - കീഴല്ലൂർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാരെയും ജലസേചന വകുപ്പിന്റെയും ജല അതോറിറ്റിയുടെയും ഉദ്യോഗസ്ഥരും ചേർന്നുള്ള യോഗം വകുപ്പ് മന്ത്രിയുടെ ഓഫീസിൽ ചേർന്നിരുന്നു. തുടർന്ന് തകർന്ന ഭാഗം പുനർനിർമ്മിക്കാൻ മൂന്നു കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ക്യാബിനറ്റ് അംഗീകാരത്തിനായി അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നു. നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KANAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL