SignIn
Kerala Kaumudi Online
Sunday, 06 September 2026 4.08 AM IST

കടലിൽ കുടുങ്ങിയ ഫൈബർവള്ളത്തിലെ‌‌‌ 5 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

ph-1
കടലിൽ മത്സ്യ തൊഴിലാളികളുമായിഅകപ്പെട്ട ഫൈബർ വള്ളം മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് കെട്ടിവലിച്ചു കൊണ്ടുവരുന്നു

കണ്ണൂർ: അഴീക്കൽ തുറമുഖത്തുനിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട ഫൈബർ വള്ളത്തിന്റെ എഞ്ചിൻ കേടായതിനെ തുടർന്ന് ഉൾക്കടലിൽ കുടുങ്ങിയ അഞ്ച് മത്സ്യത്തൊഴിലാളികളെ ഫിഷറീസ് മറൈൻ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് രക്ഷിച്ചു. കണ്ണൂർ ആയിക്കര സ്വദേശി ബോട്ടുടമ സിദ്ധിഖ്, തൊഴിലാളികളായ ആയിക്കരയിലെ സലാം, സൈമൺ, ഗുജറാത്ത് സ്വദേശികളായ ഹക്കിമുൾ, ഹബീബുൾ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

ചൊവ്വാഴ്ച പുലർച്ചെ അഴീക്കലിൽ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട സംഘം വെള്ളിയാഴ്ച പുലർച്ചയോടെയാണ് ഉൾക്കടലിൽ 52 നോട്ടിക്കൽ മൈൽ അകലെ എഞ്ചിൻ കേടായതിനെതുടർന്ന് അകപ്പെട്ടത്. സഹായത്തിനായി വയർലെസിൽ ബന്ധപ്പെടാൻ മത്സ്യത്തൊഴിലാളികൾ ശ്രമിച്ചെങ്കിലും റേഞ്ച് ഇല്ലാത്തതിനെ തുടർന്ന് ബന്ധപ്പെടാനായില്ല. ഈ സമയം മറ്റൊരു വള്ളത്തിൽ മത്സ്യബന്ധനത്തിന് എത്തിയവരാണ് പിന്നീട് ഇവരെ കണ്ടത്. മത്സ്യത്തൊഴിലാളികൾ വയർലെസിൽ വിവരം കൈമാറി. സ്വകാര്യ ഹോം റേഡിയോ ഓപ്പറേറ്ററായ പിലാത്തറ സ്വദേശി റോണി സന്ദേശം കേട്ടതിനെ തുടർന്ന് ഫിഷറീസിൽ രക്ഷാപ്രവർത്തനത്തിനായി അറിയിക്കുകയായിരുന്നു.

തുടർന്ന് ഫിഷറീസ് അഡീഷണൽ ഡയറക്ടർ ജോസഫിൻ താരയുടെ നിർദേശപ്രകാരം മറൈൻ എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ കടലിൽ തിരച്ചിലിന് ഇറങ്ങി. ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ശനിയാഴ്ച പുലർച്ചെ അഞ്ചോടെയാണ് ഉൾക്കടലിൽ മത്സ്യതൊഴിലാളികളെ കണ്ടെത്തിയത്. ഇവരെ സുരക്ഷിതരായി മറൈൻ എൻഫോഴ്സ്‌മെന്റ് ബോട്ടിലേക്ക് മാറ്റിയ ശേഷം ഫൈബർ വള്ളം ടഗ് ഉപയോഗിച്ച് കെട്ടിവലിച്ച് അഴീക്കൽ മത്സ്യബന്ധന തുറമുഖത്ത് എത്തിച്ചു.

ഫിഷറീസിന്റെ കീഴിലുള്ള മറൈൻ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിലെ ഹെഡ്ഗാർഡ് എം.പി. ഷംസുദ്ദീൻ, ഫെറി ഗാർഡുമാരായ എൻ. സജീവ്, കെ.വി. ലിജിൽ, സീ റെസ്‌ക്യു ഗാർഡുമാരായ വിജേഷ്, വിപിൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, BOAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL