വിദ്യാർത്ഥി കൺസഷൻ വർദ്ധിപ്പിക്കണമെന്നും ആവശ്യം
കണ്ണൂർ: കെ.എസ്.ആർ.ടി.സി നടപ്പിലാക്കിയ പ്രിയദർശിനി പദ്ധതിയിൽ വലയുന്ന സ്വകാര്യ ബസുടമകൾ യാത്രാ നിരക്കും വിദ്യാർത്ഥികളുടെ കൺസഷൻ നിരക്കും വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തിറങ്ങുന്നു. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജില്ലയിൽ മാത്രം 100ലധികം ബസുകൾ സർവീസ് അവസാനിപ്പിച്ചുവെന്നാണ് ബസുടമകൾ പറയുന്നത്. നാളെ പാലക്കാട്ട് ചേരുന്ന ബസുടമകളുടെ യോഗം സമരം പ്രഖ്യാപിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി രാജ്കുമാർ കരുവാരത്ത് അറിയിച്ചു.
മിനിമം ചാർജ് 15 രൂപയായി വർദ്ധിപ്പിക്കുക, വിദ്യാർത്ഥികളുടെ കൺസഷൻ ചാർജ് 5 രൂപയായി ഉയർത്തുക എന്നിവയാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം.
ബസുകളുടെ സ്‌പെയർ പാർട്‌സിനും, ടയറുകൾക്കും, ഓയിലിനും വില വർദ്ധിച്ചത് 50 ശതമാനത്തിലധികമാണെന്നാണ് ബസുടമകൾ പറയുന്നത്. ഇപ്പോഴത്തെ മിനിമം നിരക്കിൽ സർവീസ് നടത്തിയാൽ ബസുടമകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും കടക്കെണിയിലേക്കും വീഴും. ഇന്ധന ചിലവിന് പുറമെ, തൊഴിലാളികളുടെ കൂലി, മറ്റ് ചിലവുകളെല്ലാം അധികരിക്കുകയാണ്. വിഷയത്തിൽ ഉടൻ സർക്കാർ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകാനാണ് ബസുടമകളുടെ തീരുമാനം.
ജില്ലയിൽ കണ്ണൂർ-പയ്യന്നൂർ, പയ്യന്നൂർ-കാസർകോട്, ഇരിട്ടി-കണ്ണൂർ, തളിപ്പറമ്പ്-പയ്യാവൂർ, തളിപ്പറമ്പ്-ആലക്കോട് റൂട്ടുകളിലാണ് പ്രിയദർശിനി സൗജന്യ യാത്ര മൂലം സ്വകാര്യ ബസ് മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.
റിപ്പോർട്ട് തൃപ്തികരമല്ല
പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ദ്ധ സമിതി റിപ്പോർട്ടിലെ ശുപാർശകൾ അപര്യാപ്തമെന്നാണ് സ്വകാര്യ ബസ് ഉടമകൾ പറയുന്നത്. പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ മേഖലയ്ക്കുണ്ടായ നഷ്ടം നികത്താൻ റൂട്ടും സമയവും പുതുക്കണമെന്നത് ഉൾപ്പെടെയുള്ള ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്.
ഒരേ റൂട്ടിൽ സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും സർവീസ് നടത്തുന്നിടത്താണ് സ്വകാര്യ ബസ് ഉടമകൾക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നത് എന്നാണ് വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തൽ. കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകൾ പുനഃക്രമീകരിക്കുക, സ്വകാര്യ ബസുകൾ പാട്ടത്തിന് എടുക്കുക തുടങ്ങിയ ശുപാർശകളും റിപ്പോർട്ടിലുണ്ട്. എന്നാൽ, പ്രതീക്ഷയ്ക്ക് വക നൽകുന്ന ഒന്നും റിപ്പോർട്ടിൽ ഇല്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |