SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.32 AM IST

പഴശ്ശി -പടിയൂർ ഇക്കോ ടൂറിസം ഹബ് ഇഴഞ്ഞ് രണ്ടാംഘട്ട പ്രവൃത്തിയും

ph-1
പഴശ്ശി - പടിയൂർ ഇക്കോ ടൂറിസം ഹബ്ബിനോടനുബന്ധിച്ച സ്ഥലം

കണ്ണൂർ: പഴശ്ശി - പടിയൂർ ഇക്കോ ടൂറിസം ഹബ് പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തിക്ക് 2.38 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ട് ഒരുവർഷമായിട്ടും പ്രവൃത്തി തുടങ്ങാതെ അധികൃതർ മെല്ലെപോക്കിൽ. രണ്ടാംഘട്ട പ്രവൃത്തിയായ ഡവലപ്പ്മെന്റ് ഓഫ് ചിൽ‌‌‌ഡ്രൻസ് പ്ലേ പാർക്ക് ആൻഡ് സറൗണ്ടിംഗ് ഏരിയ പടിയൂർ ഫേസ് -2 പദ്ധതിയാണ് നിലവിൽ ഇഴയുന്നത്. കഴിഞ്ഞ വർഷം സെപ്തംബറിലാണ് 2,38,69,335 രൂപയുടെ ഭരണാനുമതി ലഭിച്ചത്.

പഴശ്ശി ജല സംഭരണി പ്രദേശത്തെ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രദേശത്ത് മരങ്ങൾ മുറിക്കുന്നതിനായി വനംവകുപ്പിൽ നിന്ന് എൻ.ഒ.സി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ പറഞ്ഞു. സിൽക്ക് ലിമിറ്റഡ് ആണ് നിർവ്വഹണ ഏജൻസി.

മരാമത്ത് പണികൾ, ചെടികളും മരങ്ങളും നടൽ, വാട്ടർ സപ്ലൈ, കുട്ടികളുടെ കളി ഉപകരണങ്ങൾ, വൈദ്യുതീകരണം തുടങ്ങിയവയ്ക്കാണ് രണ്ടാം ഘട്ടത്തിലെ തുക വിനിയോഗിക്കുക. കുട്ടികൾക്കും കുടുംബങ്ങൾക്കും ഉല്ലാസവേളകൾ ചെലവഴിക്കുന്നതിനുള്ള ആധുനിക സൗകര്യങ്ങളാണ് ഒരുക്കുന്നത്. ജില്ലയിലെ പ്രധാന ആകർഷണമായി പാർക്കിനെ മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. കാരവൻ പാർക്കും റോപ് വേയും സോളാർ ബോട്ടും അടക്കമുള്ള വൻ ടൂറിസം പദ്ധതികളാണ് ഇവിടെ വിഭാവനം ചെയ്തത്. ഒപ്പം ബൊട്ടാണിക്കൽ ഗാർഡൻ, പൂന്തോട്ടം, പാർക്കുകൾ, പദ്ധതി പ്രദേശത്തെ തുരുത്തുകൾ ബന്ധിപ്പിച്ചുള്ള പാലങ്ങൾ എന്നിവയും ഉൾപ്പെടും. 68 ഏക്കറോളം വരുന്ന പുൽത്തകിടി നിറഞ്ഞ പ്രദേശങ്ങളിലാണ് പാർക്ക്.

ഇഴഞ്ഞ് ആദ്യഘട്ട പ്രവൃത്തിയും

പടിയൂർ, കുയിലൂർ, നിടിയോടി, പൂവ്വം മേഖല ഉൾപ്പെടുന്ന പദ്ധതി പ്രദേശങ്ങൾ കൂട്ടിയിണക്കിയുള്ള ഇക്കോ ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ടം നടപ്പിലാക്കുന്നതിന് 5.66 കോടി രൂപയാണ് അനുവദിച്ചത്. ആദ്യഘട്ട പ്രവൃത്തികൾ 2022ൽ അന്നത്തെ ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഉദ്ഘാടനം ചെയ്തത്. ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് പറഞ്ഞെങ്കിലും കഴിഞ്ഞ വർഷത്തോടെയാണ് പൂർത്തീകരണ ഘട്ടത്തിലെത്തിയത്. ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി വരികെയാണ് രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ വിശദമായ പദ്ധതിരേഖ സംസ്ഥാന ടൂറിസം വകുപ്പിന് സമർപ്പിച്ചത്. ഇത് പരിഗണിച്ചാണ് തുക അനുവദിച്ചത്. ജലസേചന വകുപ്പിന്റെ അധീനതയിലുളള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ കോർപറേഷൻ തയാറാക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ചാണ് പ്രവൃത്തി ടെൻഡർ ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, TOURISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL