കണ്ണൂർ: വയോജനങ്ങൾക്ക് സൗജന്യമായി ചികിത്സയും മരുന്നും നൽകുന്ന സംസ്ഥാന സർക്കാർ പദ്ധതി താളം തെറ്റുന്നു. ജീവിത ശൈലി രോഗത്തിന്റെ ഭാഗമായുള്ള മരുന്നുകൾ ഉൾപ്പെടെ കഴിഞ്ഞ മൂന്ന് മാസങ്ങളായി വയോമിത്രം ക്ലിനിക്കുകളിൽ ലഭ്യമാകുന്നില്ലെന്നാണ് വയോജനങ്ങളുടെ വ്യാപക പരാതി. വയോജനങ്ങൾ മരുന്നുകൾക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്. ഭീമമായ തുകയാണ് ജീവിത ശൈലി രോഗങ്ങൾക്കായി വയോജനങ്ങൾ ചിലവഴിക്കുന്നത്. വയോമിത്രം ക്ലിനിക്കിൽ മരുന്നുകൾ കൂടുതൽ എത്തിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
കേരള സർക്കാരിന്റെ വയോമിത്രം പദ്ധതിപ്രകാരം മാസത്തിൽ രണ്ടു തവണ ക്ലിനിക്കുകളിൽ എത്തിച്ചേരുന്ന വയോജനങ്ങളോടാണ് സർക്കാരിൽ നിന്നും കടുത്ത അവഗണന. കഴിഞ്ഞ ഏതാനും മാസങ്ങളായി വയോമിത്രം ക്ലിനിക്കുകളിൽ എത്തുന്നവർ മരുന്നുകൾ പുറത്തുനിന്ന് പണം കൊടുത്ത് വാങ്ങിക്കേണ്ട അവസ്ഥയാണ്.
65 വയസ്സ് കഴിഞ്ഞവരുടെ ആരോഗ്യ സംരക്ഷണത്തിനായി സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള സാമൂഹ്യ സുരക്ഷ മിഷൻ വഴി സംസ്ഥാനത്തെ കോർപറേഷൻ, നഗരസഭ, തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ആവശ്യത്തിന് മരുന്നില്ലാത്തതുമൂലം പ്രതിസന്ധി നേരിടുന്നത്.
ബ്ലഡ് പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ സൗജന്യമാണ്. വിവിധ തദ്ദേശസ്ഥാപന വാർഡുകൾ തോറും നിശ്ചിത കേന്ദ്രത്തിൽ ഡോക്ടറുടെ സേവനവും മാസത്തിൽ ഒരു തവണ സൗജന്യമായി ലഭ്യമാക്കുന്നുണ്ട്.
മരുന്നില്ലാതെ മൂന്നുമാസം
കഴിഞ്ഞ മൂന്ന് മാസങ്ങളായി വാർഡിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിച്ചേരുന്ന വയോധികർക്ക് ബ്ലഡ് പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ എന്നിവയുടെ മരുന്നു പോലും ലഭിക്കുന്നില്ല. വാർദ്ധക്യത്തിലും പ്രയാസങ്ങൾ സഹിച്ച് ക്ലിനിക്കിൽ എത്തിച്ചേരുന്ന വയോധികർക്ക് ബ്ലഡ് പ്രഷർ മാത്രം പരിശോധന നടത്തി തിരിച്ചു പോവേണ്ടി വരികയാണ്. ഇതിനായി ക്ലിനിക്കിന്റെ ആവശ്യമുണ്ടോ എന്നുള്ള ചോദ്യമാണുയരുന്നത്.
ഇത് സംബന്ധിച്ച് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരോട് പരാതിപ്പെട്ടെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും പരിഹാരമാവാതെ കിടക്കുകയാണ്. മരുന്ന് വിതരണം ചെയ്യുന്ന കേരള മെഡിക്കൽ കോർപറേഷനിൽ മരുന്ന് സ്റ്റോക്കില്ലെന്നാണ് കാരണം പറയുന്നത്. വയോജനങ്ങളെ ചേർത്തുപിടിക്കുമെന്ന് പറയുന്ന സർക്കാരിൽ നിന്ന് അനുകൂല തീരുമാനം കാക്കുകയാണ് വയോധികർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |